വാഷിംഗ്ടൺ: ബഹിരാകാശ പര്യവേക്ഷണത്തിൽ നിർണ്ണായക നേട്ടവുമായി നാസയുടെ 'സൈക്ക്' ബഹിരാകാശ പേടകം. ചൊവ്വയെ ഒരു നേർത്ത ചന്ദ്രക്കലയുടെ രൂപത്തിൽ കാണിക്കുന്ന അപൂർവമായ ചിത്രമാണ് സൈക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വക്ക് തൊട്ടടുത്തുകൂടി സഞ്ചരിച്ചപ്പോഴാണ് ഈ ചിത്രം പകർത്തിയത്. ഭൂമിയിൽ നിന്നും സാധാരണയായി ചുവന്ന നിറത്തിൽ ഉരുണ്ട രൂപത്തിൽ കാണാറുള്ള ചൊവ്വയെ മറ്റൊരു കോണിൽ നിന്ന് കാണാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
മെയ് 15 വെള്ളിയാഴ്ച ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 4500 കിലോമീറ്റർ മാത്രം അകലെക്കൂടിയാണ് സൈക്ക് കടന്നുപോകുന്നത്. മണിക്കൂറിൽ ഏകദേശം 19,848 കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്. ഇത്രയും വേഗതയുണ്ടെങ്കിലും ചൊവ്വയുടെ ഗുരുത്വാകർഷണ ബലം ഉപയോഗപ്പെടുത്തി പേടകത്തിന്റെ വേഗത വർദ്ധിപ്പിക്കാനും പാത ക്രമീകരിക്കാനുമാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഇത് പേടകത്തിലെ ഇന്ധനം ലാഭിക്കാൻ സഹായിക്കും. ഒരു കവണയിൽ നിന്ന് കല്ല് എറിയുന്നതുപോലെ ഗ്രഹത്തിന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് പേടകത്തെ ലക്ഷ്യസ്ഥാനത്തേക്ക് തള്ളിവിടുന്ന ഈ രീതിക്ക് 'ഗ്രാവിറ്റി അസിസ്റ്റ്' എന്നാണ് പറയുന്നത്.
2023 ഒക്ടോബറിൽ വിക്ഷേപിച്ച സൈക്ക് പേടകം 'സൈക്ക്' എന്ന് തന്നെ പേരുള്ള ലോഹ ഗ്രഹത്തിലേക്കാണ് കുതിക്കുന്നത്. ഇതിനായി സെനോൺ വാതകം ഉപയോഗിച്ചുള്ള ആധുനിക സൗരോർജ്ജ-വൈദ്യുത എൻജിനുകളാണ് പേടകത്തിലുള്ളത്. 2029-ൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപായി കൈവശമുള്ള ക്യാമറകളും മറ്റു ഉപകരണങ്ങളും പരിശോധിക്കാൻ ഈ ചൊവ്വാ യാത്ര പേടകത്തെ സഹായിക്കും
മെയ് 7 മുതൽ തന്നെ ചൊവ്വയുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ പുറത്തുവന്ന 'ചന്ദ്രക്കല' രൂപത്തിലുള്ള ചിത്രം സൂര്യപ്രകാശം കുറവായുള്ള രാത്രി വശത്തുനിന്ന് പകർത്തിയതിനാലാണ് ഇത്ര നേർത്തതായി കാണപ്പെടുന്നത്. ചൊവ്വയെ കടന്നുപോയിക്കഴിഞ്ഞാൽ ഗ്രഹത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലഭിക്കുമെന്ന് നാസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.