പ്രതീകാത്മക ചിത്രം

ചന്ദ്രനിൽ മനുഷ്യവാസം ലക്ഷ്യമിട്ട് നാസയുടെ മൂൺ ബേസ് പദ്ധതി; ഐ.എസ്.ആർ.ഒക്ക് ഔദ്യോഗിക ക്ഷണം നൽകി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണം പുതിയൊരു തലത്തിലേക്ക് കടക്കുന്നു. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി നാസയുടെ അഭിമാനകരമായ 'മൂൺ ബേസ്' പദ്ധതിയിലേക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയെ ഔദ്യോഗികമായി ക്ഷണിച്ചതായി യു.എസ് എംബസി അറിയിച്ചു. ഇന്ത്യയിലെ യു.എസ് എംബസിയും കോൺസുലേറ്റുകളും ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സുപ്രധാന സഹകരണ വാർത്ത പുറത്തുവന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപമാണ് നാസ നിലവിൽ മൂൺ ബേസ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കയുടെ നേതൃത്വം ശക്തിപ്പെടുത്താനും ശാസ്ത്രീയ കണ്ടെത്തലുകൾ വേഗത്തിലാക്കാനും വ്യവസായ രംഗത്തെ നവീകരണങ്ങൾക്ക് ഊന്നൽ നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദൗത്യങ്ങൾക്ക് തയാറെടുക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 2023 ജൂൺ 21നാണ് ബഹിരാകാശ പര്യവേഷണ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെക്കുന്ന 27-ാമത്തെ രാജ്യമായി മാറിയത്. ഇതിന്റെ തുടർച്ചയെന്നോണം, തുറന്ന ശാസ്ത്രീയ ഡാറ്റകൾ പങ്കുവെക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ കൂടുതൽ ഊർജ്ജിതമായി നടന്നു വരികയാണ്.

ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് സുപ്രധാന ചർച്ചകൾ നടന്നത്. കഴിഞ്ഞ ആഗസ്റ്റ് 5, 6 തീയതികളിൽ ഇന്ത്യയുടെ ആതിഥേയത്വത്തിലായിരുന്നു ഈ ഉന്നതതല യോഗം ചേർന്നത്. സിവിൽ, വാണിജ്യ ബഹിരാകാശ സഹകരണങ്ങൾ ശക്തിപ്പെടുത്തുക, ഭാവിയിലെ മനുഷ്യ ബഹിരാകാശ യാത്രാ സാങ്കേതിക വിദ്യകളിൽ ഒന്നിച്ച് പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ലോകരാജ്യങ്ങൾക്കിടയിൽ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയാണ് ഈ ക്ഷണം വ്യക്തമാക്കുന്നത്. 

Tags:    
News Summary - നാസയുടെ മൂൺ ബേസ് പദ്ധതിയിൽ ഐ.എസ്.ആർ.ഒക്ക് ഔദ്യോഗിക ക്ഷണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.