എച്ച്.ഐ.വി ചികിത്സയിൽ നിർണായക വഴിത്തിരിവ്: സ്റ്റം സെല്ലിലൂടെ രോഗമുക്തി

ഓസ്ലോ: നോർവേ സ്വദേശിയായ 63 വയസ്സുകാരൻ, തന്റെ സഹോദരനിൽ നിന്ന് സ്വീകരിച്ച സ്റ്റെം സെൽ മാറ്റിവെക്കൽ  ചികിത്സയിലൂടെ എച്ച്.ഐ.വിയിൽ നിന്നും പൂർണ്ണ മുക്തി നേടിയിരിക്കുന്നു. 'ഓസ്ലോ പേഷ്യന്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം സഹോദരനിൽ നിന്ന് സ്റ്റെം സെൽ സ്വീകരിച്ച് രോഗമുക്തി നേടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ്. എച്ച്.ഐ.വി ചികിത്സ രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന അപൂർവനേട്ടമായിട്ടാണ് ശാസ്ത്രം കണക്കാക്കുന്നത്.

2006 ൽ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും  2017-ൽ 'മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം' എന്ന ഗുരുതരമായ രക്താർബുദം ബാധിക്കുകയും ചെയ്തു. അർബുദ ചികിത്സയുടെ ഭാഗമായി ബോൺ മാരേ സ്റ്റം സെൽ ട്രാൻസ് പ്ലാൻ്റ് നടത്തുകയായിരുന്നു. 2020-ലാണ് തന്റെ മൂത്ത സഹോദരനിൽ നിന്ന് സ്റ്റെം സെൽ സ്വീകരിച്ചത്. ഈ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം എച്ച്.ഐ.വി മരുന്നുകൾ കഴിക്കുന്നില്ലെങ്കിലും ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

രോഗിയുടെ സഹോദരന്റെ ശരീരത്തിലുണ്ടായിരുന്ന CCR5Δ32/Δ32 എന്ന അപൂർവ്വ ജനിതക മാറ്റമാണ് ഈ അത്ഭുതകരമായ രോഗമുക്തിക്ക് കാരണമായത്. എച്ച്.ഐ.വി വൈറസിന് മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ സഹായിക്കുന്ന CCR5 എന്ന പ്രോട്ടീൻ ഇല്ലാത്ത ഇത്തരം കോശങ്ങളെ കീഴടക്കാൻ വൈറസിന് കഴിയില്ല. ഇത്തരത്തിൽ പ്രതിരോധശേഷിയുള്ള കോശങ്ങൾ രോഗിയുടെ ശരീരത്തിൽ പൂർണ്ണമായും പടരുകയും വൈറസിനെ തുരത്തുകയും ചെയ്തു.

മുമ്പ് ബെർലിൻ, ലണ്ടൻ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമുക്തി കേസുകളിൽ അപരിചിതരായ ദാതാക്കളിൽ നിന്നാണ് സ്റ്റെം സെൽ സ്വീകരിച്ചിരുന്നത്. എന്നാൽ  സഹോദരനിൽ നിന്ന് സ്വീകരിക്കുമ്പോൾ പ്രതിരോധ സംവിധാനം അത് നിരസിക്കാനുള്ള സാധ്യത കുറവാണെന്നത് ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ്.

എന്നാൽ ഈ ചികിത്സ പൊതുവായി എല്ലാ എച്ച്.ഐ.വി രോഗികൾക്കും പ്രയോഗിക്കാൻ കഴിയുന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബോൺ മാരേ സെൽ ട്രാൻസ് പ്ലാൻ്റ് അപകട സാധ്യതയുളള ചികിത്സയാണ്. ട്രാൻസ്പ്ലാൻറുകൾക്ക് വിധേയരാകുന്നവരിൽ ഏകദേശം 10-20 ശതമാനം ആളുകളും ഒരു വർഷത്തിനുള്ളിൽ മരിക്കുന്നതായാണ് കണക്കുകൾ.

ഈ ചികിത്സാ രീതി നിലവിൽ അതീവ ഗുരുതരമായ അർബുദമുള്ള എച്ച്.ഐ.വി രോഗികളിൽ മാത്രമേ പരീക്ഷിക്കുന്നുള്ളൂ. എന്നിരുന്നാലും, എച്ച്.ഐ.വി പൂർണ്ണമായും ഭേദമാക്കാനുള്ള ഭാവി ഗവേഷണങ്ങൾക്ക് 'ഓസ്ലോ രോഗി'യുടെ കേസ് പ്രതീക്ഷ നൽകുന്നതായാണ് ശാസ്ത്രലോകത്തിൻ്റെ വിലയിരുത്തൽ.

Tags:    
News Summary - Major breakthrough in HIV treatment: Recovery through stem cell therapy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.