'ഓട്സി ദ ഐസ്മാൻ' (Otzi the Iceman) എന്ന മമ്മി

5300 വർഷം പഴക്കമുള്ള മമ്മിയിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി; ഞെട്ടലോടെ ശാസ്ത്രലോകം

ബൊൽസാനോ (ഇറ്റലി): ശാസ്ത്ര ലോകത്തെ കാലാതീതമായ അത്ഭുതപ്പെടുത്തിയ പ്രതിഭാസമാണ് മമ്മികൾ. എന്നാൽ ഇറ്റലിയിലെ ബൊൽസാനോയിൽ കണ്ടെടുത്ത ഒരു മമ്മിയിൽ ഇപ്പോഴും ജീവന്റെ തുടിപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?

ആൽപ്സ് പർവതനിരകളിൽനിന്ന് കണ്ടെത്തിയ, ചരിത്രാതീത കാലത്തെ വേട്ടക്കാരനായ 'ഓട്സി' (Otzi the Iceman) എന്ന മമ്മിയുടെ ശരീരത്തിലാണ് ഈ അപൂർവവും പുതിയതുമായ അത്ഭുത പ്രതിഭാസം കണ്ടെത്തിയത്. 5000ൽ അധികം വർഷം പഴക്കമുള്ള ഈ മമ്മിയിൽ ഇപ്പോഴും ബാക്ടീരിയകളും ഈസ്റ്റുകളും പോലെയുള്ള സൂക്ഷ്മാണുക്കൾ സജീവമായി വളരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൈക്രോബയോം ശാസ്ത്രമാസികയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മരണശേഷവും മനുഷ്യശരീരത്തിലെ സൂക്ഷ്മാണുക്കളുടെ ലോകം പൂർണമായി നശിക്കില്ലെന്ന നിഗമനത്തിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ഇറ്റലിയിലെ 'യൂറോക്ക്' റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മുഹമ്മദ് സർഹാന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ പ്രത്യേക ചേമ്പറിലാണ് ഓട്സിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. കാലത്തെ നിശ്ചലമാക്കാൻ ഒരുക്കിയ ഈ തണുപ്പിലും മമ്മിയിലെ സൂക്ഷ്മാണുക്കൾ പരിണമിക്കുകയും ജീവൻ നിലനിർത്തുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മമ്മിയുടെ ചർമം, ആന്തരിക കോശങ്ങൾ, ചേമ്പറിലെ ഉരുകിയ മഞ്ഞുനീർ എന്നിവ വിശകലനം ചെയ്തപ്പോഴാണ് ഈ ചരിത്രാതീത ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ആധുനിക നഗരവാസികളിൽനിന്ന് പൂർണമായി അപ്രത്യക്ഷമായ 'റോംബൗട്ട്സിയ ഹോമിനിസ്', 'ക്ലോസ്ട്രിഡിയം മോണിലിഫോം' തുടങ്ങിയ അപൂർവ ബാക്ടീരിയ ഇനങ്ങൾ ഓട്സിയുടെ ശരീരത്തിൽ സജീവമാണ്. നിലവിൽ ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ഒറ്റപ്പെട്ട ആദിവാസി സമൂഹങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. കൂടാതെ, മമ്മി നശിച്ചുപോകാതിരിക്കാൻ മ്യൂസിയം അധികൃതർ ഉപയോഗിക്കുന്ന ഫിനോൾ അണുനാശിനികളെ ആഹാരമാക്കി വളരുന്ന പ്രത്യേകതരം ഈസ്റ്റുകളും ഇവയിൽ കണ്ടെത്തി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഈ ഈസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 

5300 വർഷങ്ങൾക്ക് മുമ്പ് അമ്പേറ്റ് കൊല്ലപ്പെട്ട ഓട്സിയുടെ അവസാനത്തെ ഭക്ഷണത്തെക്കുറിച്ചുള്ള സൂചനകളും ഈ ബാക്ടീരിയകൾ നൽകുന്നുണ്ട്. കൊഴുപ്പുകൂടിയ കാട്ടുപന്നി മാംസം, പുരാതന ധാന്യങ്ങൾ, വിഷാംശമുള്ള ഫേൺ സസ്യങ്ങൾ എന്നിവയായിരുന്നു ഓട്സി അവസാനമായി കഴിച്ചതെന്നും ഗവേഷകർ സ്ഥിരീകരിച്ചു.

അതേസമയം, ഈ കണ്ടെത്തൽ ആഗോളതലത്തിൽ മ്യൂസിയം സംരക്ഷകർക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. അതിശൈത്യത്തെ അതിജീവിക്കാനും ആധുനിക അണുനാശിനികളെപ്പോലും ദഹിപ്പിക്കാനും ശേഷിയുള്ള ഈ സൂക്ഷ്മാണുക്കൾ, പുരാതന നിധികളെ ഉള്ളിൽനിന്ന് കാർന്നുതിന്ന് നശിപ്പിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എങ്കിലും, മനുഷ്യന്റെ ആരോഗ്യപരിണാമത്തെയും രോഗങ്ങളുടെ ചരിത്രത്തെയും കുറിച്ച് പഠിക്കാൻ ഈ 'ജീവനുള്ള മമ്മി' ശാസ്ത്രലോകത്തിന് വലിയൊരു വാതിലാണ് തുറന്നിട്ടിരിക്കുന്നത്.

Tags:    
News Summary - Life-like signs found in 5,300-year-old mummy; shock to the scientific world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.