ശുഭാംശു ശുക്ല

റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച; ആക്സിയം ദൗത്യം മാറ്റി, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്നുണ്ടാകില്ല

ഫ്ളോറിഡ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടങ്ങിയ ബഹിരാകാശ യാത്രികരുടെ യാത്ര ബുധനാഴ്ചയും ഉണ്ടാകില്ല. ഡ്രാഗൺ പേടകവുമായി കുതിക്കേണ്ട ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതോടെയാണ് ദൗത്യം നീളുന്നത്. പുതിയ തീയതി എന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പലതവണയായി ആക്സിയം-4 ദൗത്യം നീട്ടിവെച്ചിരുന്നു. ഒടുവിൽ ബുധനാഴ്ച വൈകിട്ട് വിക്ഷേപിക്കുമെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് സ്പേസ് എക്സ് നൽകിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ദൗത്യം അനിശ്ചിതമായി നീളുകയാണ്.

സാങ്കേതിക തകരാർ അവലോകനം ചെയ്ത് പരിഹരിച്ച ശേഷം മാത്രമേ ദൗത്യത്തിന്‍റെ പുതിയ തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക.

ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷമ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒപ്പം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആധിപത്യ വേരുകള്‍ മണ്ണുറയ്ക്കും. 

Tags:    
News Summary - Indian Astronaut Shubhanshu Shukla's Axiom 4 Mission Launch Postponed Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT