ഭൂമിക്കരികിലൂടെ പലപ്പോഴും ഛിന്നഗ്രഹങ്ങൾ കടന്നുപോകാറുണ്ട്. ചരിത്രത്തിൽ അത്യപൂർവമായി മാത്രമേ അവ ഭൂമിയിൽ പതിച്ച് വലിയ അപകടങ്ങൾ സൃഷ്ടിച്ചിട്ടുള്ളൂ. ഇപ്പോഴിതാ, മറ്റൊരു ഛിന്നഗ്രഹം ഭൂമിയോടടുത്തു വരുന്നു. പേര്: ‘2024 വൈ.ആർ-4’. 2032ൽ അത് ഭൂമിയുടെ സമീപത്തെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. എന്നാൽ, അതു ഭൂമിയിൽ പതിക്കുമോ? സാധ്യത നന്നേകുറവ് എന്നായിരുന്നു ആദ്യ വിശദീകരണം. വെറും 1.2 ശതമാനം മാത്രമായിരുന്നു തുടക്കത്തിൽ സാധ്യത കൽപിക്കപ്പെട്ടിരുന്നത്. പിന്നീടത് 2.6 ശതമാനമായി. കഴിഞ്ഞദിവസം നാസ വിശദീകരിച്ചത് സാധ്യത 3.1 ശതമാനമായി ഉയർന്നിരിക്കുന്നെന്നാണ്.
53 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹമാണ് ‘2024 വൈ.ആർ-4’. താരതമ്യേന ചെറുത്. അതുകൊണ്ടുതന്നെ ഗ്രഹത്തിന്റെ ആഘാതം ഭൂമിയൊട്ടാകെയുള്ള അപകടങ്ങൾക്ക് കാരണമാകില്ല. പക്ഷെ, ഒരു നഗരത്തെ പൂർണമായും ഇല്ലായ്മ ചെയ്യാൻ അതിനാകും. ഗ്രഹം ഭൂമിയിൽ പതിക്കുമ്പോൾ, 8 മെഗാടൺ ഊര്‍ജം ഉൽപാദിപ്പിക്കപ്പെടും. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ 500 ഇരട്ടി വരുമിത്.
ഏത് നഗരത്തിലായിരിക്കും ഛിന്ന ഗ്രഹം പതിക്കുക എന്നതുസംബന്ധിച്ചും ചില ചർച്ചകൾ ശാസ്ത്രലോകത്ത് തുടങ്ങിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ വടക്കു ഭാഗത്തുള്ള കൊളംബിയ, വെനസ്വേല, സബ് സഹാറൻ രാഷ്ട്രങ്ങൾ, ഇന്ത്യ, ദക്ഷിണ ചൈന എന്നിവിടങ്ങളിലെ ഏതെങ്കിലുമൊരു നഗരമാകാമെന്നാണ് പറയപ്പെടുന്നത്.
അതേസമയം, ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് അകന്നു പോവാനുള്ള സാധ്യത 96.9 ശതമാനമാണ് എന്നത് ആശ്വാസകരമാണ്. വരുംനാളുകളിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.