മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ചൈന, മൂന്ന് ബഹിരാകാശ യാത്രികരുമായി ഷെൻഷൗ-23 പേടകം വിജയകരമായി വിക്ഷേപിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് ലോങ് മാർച്ച്–2എഫ് റോക്കറ്റിൽ പേടകം ഭ്രമണപഥത്തിലേക്ക് ഉയർന്നത്. ദൗത്യത്തിന്റെ ഭാഗമായി യാത്രികർ ചൈനയുടെ തിയാങ്ഗോങ് സ്പേസ് സ്റ്റേഷൻ എന്ന ബഹിരാകാശ നിലയത്തിലെത്തും. ചൈന സ്വന്തമായി വികസിപ്പിച്ച ബഹിരാകാശ നിലയമാണിത്.
മൂന്നംഗ സംഘത്തിൽ മുൻ ദൗത്യപരിചയമുള്ള ഷു യാങ്‌ഷുവും, ആദ്യമായി ബഹിരാകാശത്തേക്കെത്തുന്ന രണ്ട് യാത്രികരുമുണ്ട്. ഇവരിൽ ഒരാൾ ഒരു വർഷം മുഴുവൻ ഭ്രമണപഥത്തിൽ തുടരാനാണ് പദ്ധതി. ചൈനയുടെ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ ഇതാദ്യമായാണ് ഒരാളെ ഇത്രയും ദൈർഘ്യമേറിയ കാലത്തേക്ക് ബഹിരാകാശത്ത് തുടരാൻ നിയോഗിക്കുന്നത്. ദീർഘകാല മനുഷ്യബഹിരാകാശ യാത്രയുടെ ശാരീരിക-സാങ്കേതിക വെല്ലുവിളികൾ പഠിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2030ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ചൈനയുടെ ബഹിരാകാശ പദ്ധതിയിലെ നിർണായക ഘട്ടമായാണ് ഷെൻഷൗ-23 വിലയിരുത്തപ്പെടുന്നത്. 2021ൽ പ്രവർത്തനം ആരംഭിച്ച തിയാൻഗോംഗ് ബഹിരാകാശ നിലയം ചൈനയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പദ്ധതികളുടെ പ്രധാന പരീക്ഷണ വേദിയാണ്. അമേരിക്കയുടെ ചാന്ദ്രദൗത്യ പദ്ധതികൾക്ക് സമാന്തരമായി സ്വന്തം സാന്നിധ്യം ശക്തിപ്പെടുത്താനാണ് ചൈനയുടെ ശ്രമം. അതിൽ ഒരു പരിധിവരെ ചൈന വിജയിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യാത്രികർ പരമാവധി താമസിക്കാറുള്ളത് ആറ് മാസമാണ്. ഇവിടെയാണ് ചൈന ഒരു വർഷം ലക്ഷ്യമാക്കി യാത്രികരെ അയക്കുന്നത്. ഈ ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകത, ഹോങ്കോങ്ങിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികനും സംഘത്തിലുണ്ടെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.