ന്യൂഡൽഹി: സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലെ ചോർച്ചയെത്തുടർന്ന് ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്ന ആക്സിയം-4 ദൗത്യം മാറ്റിവെച്ചു.
റോക്കറ്റിന്റെ ബൂസ്റ്ററുകളുടെ പരിശോധനയിലാണ് ദ്രവ ഓക്സിജൻ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ചോർച്ച പരിഹരിക്കുന്നതിനായി ഫാൽക്കൺ-9 വിക്ഷേപണം മാറ്റിവെക്കുകയാണെന്ന് സ്പേസ് എക്സ് അറിയിച്ചു. തകരാർ പരിഹരിച്ച് റേഞ്ച് ലഭ്യത ഉറപ്പാക്കിയ ശേഷം പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിക്കും.
ലോഞ്ച് പാഡിൽ ഏഴ് സെക്കൻഡ് നീണ്ടുനിന്ന ഹോട്ട് ടെസ്റ്റിനിടെയാണ് പ്രൊപ്പൽഷൻ ബേയിൽ ദ്രവ ഓക്സിജൻ ചോർച്ച കണ്ടെത്തിയതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ഫാൽക്കൺ-9 റോക്കറ്റിെന്റ ബൂസ്റ്റർ ഘട്ട പ്രവർത്തനം വിലയിരുത്തുന്നതിനായിരുന്നു ഹോട്ട് ടെസ്റ്റ്.
കമാൻഡർ പെഗ്ഗി വിറ്റ്സൺ, പൈലറ്റ് ശുഭാൻഷു ശുക്ല, ഹംഗറിയിൽ നിന്നുള്ള ടിഗോർ കപു, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി എന്നിവരാണ് ആക്സിയം-4 ദൗത്യത്തിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയോടെയാണ് ശുഭാൻഷുവിെന്റ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.