ഫ്രാൻസിലെ 800 വർഷം പഴക്കമുള്ള പള്ളിയിൽ രഹസ്യ കൽപ്പടവുകൾ; തറയ്ക്കടിയിൽ ആയിരം വർഷത്തെ ചരിത്രശേഷിപ്പുകൾ!

ഡിജോൺ: ഫ്രാൻസിലെ ഡിജോണിലുള്ള സെന്റ് ഫിലിബെർട്ട് പള്ളിയിലെ അറ്റകുറ്റപ്പണികൾക്കിടെ തൊഴിലാളികൾക്ക് ലഭിച്ചത് അവിശ്വസനീയമായ ഒരു കണ്ടെത്തൽ. പള്ളിയുടെ തറയ്ക്കടിയിൽ ഒളിഞ്ഞിരുന്ന പുരാതന ശവകുടീരങ്ങളും പതിനൊന്നാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ ആയിരം വർഷത്തെ ചരിത്രമാണ് ഗവേഷകർ വെളിച്ചത്തുകൊണ്ടുവന്നത്.

പള്ളിയുടെ തറയിലുണ്ടായ ഈർപ്പവും ഉപ്പും മൂലം നിർമാണത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പരിഹാരമായി തറ മാറ്റിപ്പണിയാൻ തീരുമാനിച്ചതായിരുന്നു അധികൃതർ. എന്നാൽ കോൺക്രീറ്റ് പാളികൾ നീക്കിയപ്പോൾ തൊഴിലാളികൾ കണ്ടത് ഭൂമിക്കടിയിലേക്ക് നീളുന്ന ഒരു രഹസ്യ കൽപ്പടവാണ്. ഇതൊരു ശവകുടീരത്തിലേക്കുള്ള വഴിയാണെന്ന് പിന്നീട് വ്യക്തമായി.

ഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ച് (Inrap) ആണ് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയത്. ഈ കണ്ടെത്തലിനെക്കുറിച്ച് 'സൂ ലെ പില്ലിയേഴ്സ് ഡി എൽ എഗ്ലിസ് സെന്റ് ഫിലിബെർട്ട് ഡി ഡിജോൺ' എന്ന പേരിൽ പ്രത്യേക റിപ്പോർട്ടും തയാറാക്കി. തുടർന്ന് നടത്തിയ ശാസ്ത്രീയ ഖനനത്തിൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവന്നത്.

15-16 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്ന ശവകുടീരങ്ങൾ ഇവിടെ കണ്ടെത്തി. അന്നത്തെ കാലത്ത് പുതിയ സംസ്കാരങ്ങൾക്കായി അസ്ഥികൾ ശേഖരിച്ചുവെക്കുന്ന രീതിയുണ്ടായിരുന്നു, അത്തരത്തിൽ അടുക്കി വെച്ച അസ്ഥികൂടങ്ങൾ ഇവിടെ നിന്നും ലഭിച്ചു. മധ്യകാലഘട്ടത്തിന് മുമ്പുള്ള 11-ാം നൂറ്റാണ്ടിലെ ശവകുടീരങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിനും താഴെയായി മെറോവിഞ്ചിയൻ കാലഘട്ടത്തിന്റേതെന്ന് കരുതുന്ന ആറ് ഭീമൻ കൽശവപ്പെട്ടികളും ഗവേഷകർ കണ്ടെത്തി.

നിലവിലുള്ള പള്ളിക്ക് അടിയിൽ പത്താം നൂറ്റാണ്ടിൽ നിർമിച്ച മറ്റൊരു പള്ളിയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. നിർമാണത്തിലെ പ്രത്യേക ശൈലി പരിശോധിച്ചാണ് ഇത് പഴയകാലത്തെ പള്ളിയാണെന്ന് സ്ഥിരീകരിച്ചത്. പുരാതനമായ സ്ഥലങ്ങളുടെ വിശുദ്ധി നിലനിർത്താനും ബലമുള്ള തറ ലഭിക്കാനും പഴയ കെട്ടിടങ്ങൾക്ക് മുകളിൽ പുതിയവ പണിയുന്ന രീതി പണ്ടുമുതലേ ഉണ്ടായിരുന്നു. ഈ കണ്ടെത്തൽ വഴി പുരാതന കാലം മുതൽ മധ്യകാലം വരെയുള്ള ഡിജോൺ നഗരത്തിന്റെ വളർച്ചയുടെ ചരിത്രമാണ് ലഭിച്ചിരിക്കുകയാണ്.

Tags:    
News Summary - A hidden staircase found in an 800-year-old French church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.