6 വർഷം, 400 പരീക്ഷണങ്ങൾ; കശ്മീർ രാജ്യത്തിന് ജീൻ എഡിറ്റ് ചെയ്ത ആടിനെ നൽകിയതെങ്ങനെ?

സംഘർഷ വാർത്തകളുടെ  ഇടയിൽനിന്നാണ് രാജ്യത്തിന്റെ ശാസ്ത്രമേഖലക്ക് മികവുറ്റ സംഭാവനയേകിയ ഒരു അതുല്യ കണ്ടുപിടുത്തത്തിന്റെ  കഥ കശ്മീർ താഴ്വരയിൽനിന്നും ലോകം കേൾക്കുന്നത്. ‘ഷേറെ കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്നോളജിയി’ലെ ഒരുപറ്റം ശാസ്ത്രജ്ഞരുടെ അക്ഷീണ പ്രയ്തനത്തിന്റെ ഫലമായിരുന്നു അത്.

ഏറെ സ്ഥിരോത്സാഹത്തോടെയാണ് സുഹൈൽ മാർഗിയും അദ്ദേഹത്തിന്റെ ഏഴു പേരടങ്ങുന്ന സംഘവും അവർക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ശാസ്ത്രജ്ഞൻ റിയാസ് അഹമ്മദ് ഷായും ആ കണ്ടുപിടിത്തത്തിലേക്ക് ചുവടുകൾ വെച്ചത്.

പരീക്ഷണങ്ങളുടെ നീണ്ട ആറു വർഷത്തിനുശേഷം ഇന്ത്യയിലെ ആദ്യത്തെ ജീൻ എഡിറ്റ് ചെയ്ത ‘ഫാം മൃഗം’ ജനിച്ചു! അഞ്ചാമത്തെ പരീക്ഷണമാണ് വിജയത്തിൽ കലാശിച്ചത്. ‘ഇത് ഒരു കുഞ്ഞാടിന്റെ ജനനം മാത്രമായിരുന്നില്ല. ജീനോം എഡിറ്റിങ്ങിലെ ഒരു നാഴികക്കല്ലായിരുന്നു’ വെളുത്ത തൊപ്പി ധരിച്ച, നെഞ്ചിലേക്ക് ഇറങ്ങിവരുന്ന നീണ്ട താടിയുമായി ശാന്തഭാവത്തോടെ സുഹൈൽ മാർഗി പറഞ്ഞു. ​

സുഹൈൽ മാർഗി

ആടുകൾക്ക് സാധാരണയുള്ളതിനേക്കാൾ കൂടുതൽ പേശികളുടെ അളവ് വർധിപ്പിക്കാൻ ജീനിനെ ലക്ഷ്യം വെക്കുക എന്നതായിരുന്നു മാർഗിയുടെ പരീക്ഷണ ആശയം. അദ്ദേഹത്തിന്റെ സംഘം അത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐക്കർ) സമർപിക്കുകയും നാഷനൽ അഗ്രികൾച്ചറൽ സയൻസ് ഫണ്ടിൽ നിന്ന് ധനസഹായം നേടുകയും ചെയ്തു. അടുത്ത അര ദശാബ്ദത്തിനുള്ളിൽ സംഘം ഏകദേശം 400 പരീക്ഷണങ്ങൾ നടത്തി. ആടിന്റെ ഭ്രൂണത്തിന്റെ രൂപീകരണത്തോടെയാണ് ഇത് ആരംഭിച്ചത്.

വെറ്ററിനറി സയൻസസ് ആൻഡ് അനിമൽ ഹസ്ബൻഡറി ഫാക്കൽറ്റിയുടെ  മലമുകളിലെ ആടുകൾക്കു വേണ്ടിയുള്ള ഗവേഷണ കേന്ദ്രത്തിൽ, വേലികെട്ടിയ ചുറ്റുപാടിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികൾ  ഓടിക്കളിക്കുന്നതു കാണാം. ഒന്ന് കൂടുതൽ ഭാരമേറിയതും പേശികളുള്ളതുമായ ശരീരവുമായി വേറിട്ടുനിൽക്കുന്നു. മറ്റൊന്ന് ഏതൊരു സാധാരണ ആടിനെയും പോലെ കാണപ്പെടുന്നു. ആർക്കും തിരിച്ചറിയാവുന്ന വ്യക്തമായ വ്യത്യാസം. ഒരൊറ്റ സ്വീകർത്താവായ പെണ്ണാടിന് ജനിച്ചവയാണ് ഈ രണ്ട് പെൺ കുഞ്ഞാടുകളും.  എന്നാൽ ഒന്നിൽ മാത്രമേ പേശി വളർച്ചാ ജീൻ വിജയകരമായി പരീക്ഷിച്ചിട്ടുള്ളൂ.

 കൂടിനു പിന്നിലെ ഒരു പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഇന്ത്യയിലെ ആദ്യത്തെ ജീൻ എഡിറ്റ് ചെയ്ത ആട്’. വിദ്യാർത്ഥികളും ഫാക്കൽറ്റിയും ശാസ്ത്രജ്ഞരും ഇഷ്ടത്തോടെ സഹോദരിമാർ എന്ന് വിശേഷിപ്പിക്കുന്ന രണ്ട് ആട്ടിൻകുട്ടികളെ അവയുടെ വളർച്ചാ പാരാമീറ്ററുകൾ രേഖപ്പെടുത്തുന്നതിനായി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സന്ദർശകർ വരുമ്പോഴെല്ലാം, ജീൻ എഡിറ്റ് ചെയ്യാത്ത സഹോദരിയെ ചുറ്റുവട്ടത്തു തന്നെയുള്ള മറ്റൊരു മുറിയിലേക്ക് മാറ്റുന്നു. ജീൻ എഡിറ്റ് ചെയ്ത ആടിനെ ആളുകൾ അത്ഭുതത്തോടെ നിരീക്ഷിക്കുന്നു. 

‘ഞങ്ങളുടെ ഭാഷയിൽ ഡി.എൻ.എയെ ജീവന്റെ പുസ്തകം എന്നാണ് വിളിക്കുന്നത്. ഒരു സാധാരണക്കാരന് ഡി.എൻ.എയെ അക്ഷരങ്ങളായി കണക്കാക്കാം.  ഒരു ജീൻ എഡിറ്റ് ചെയ്യുമ്പോൾ നിങ്ങൾ ആ അക്ഷരങ്ങൾ ഉപയോഗിച്ച് കളിക്കുകയാണ് -എസ്.കെ.യു.എ.എസ്.ടിയുടെ ഷുഹാമ കാമ്പസിലെ വെറ്ററിനറി സയൻസസ് ആൻഡ് അനിമൽ ഹസ്ബൻഡറി ഫാക്കൽറ്റിയിലെ ഒരു സോഫയിൽ ഇരുന്നുകൊണ്ട് ​പരീക്ഷണത്തിന്റെ ഗൈഡ് റിയാസ് ഷാ പറഞ്ഞു.

റിയാസ് അഹമ്മദ് ഷായും ശിഷ്യൻ സുഹൈൽ മാർഗിയും

എന്നാൽ, ജീൻ എഡിറ്റ് ചെയ്ത ആടിനെ സൃഷ്ടിക്കുന്ന പ്രക്രിയ എളുപ്പമുള്ള ഒന്നായിരുന്നില്ല. മാർഗിയെ സംബന്ധിച്ചിടത്തോളം ലാബിൽ ഉറക്കമില്ലാത്ത  രാത്രികളായിരുന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ തന്നെ നിർത്തേണ്ടിവന്നു. തന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം എസ്.കെ.യു.എ.എസ്.ടിയുടെ ബയോടെക്നോളജി ലാബിൽ അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ വായിച്ചുകൊണ്ടിരുന്നു. ‘നൂറി’ എന്ന പശ്മിന ആടിന്റെ ജനന സമയത്താണ് ഈ ലാബ് ആദ്യം വികസിപ്പിച്ചെടുത്തത്.  ജമ്മു കശ്മീരിലും ലഡാക്കിലും ആദ്യത്തേതാണ് ഈ ലാബ് എന്നും ഇപ്പോൾ ഈ രംഗത്തെ പലർക്കും പിന്തുടരാവുന്ന ഒരു റഫറൻസ് പോയിന്റായി മാറിയിരിക്കുന്നുവെന്നും റിയാസ് ഷാ പറഞ്ഞു.

ജീൻ എഡിറ്റിങ്ങിലെ പ്രാരംഭ ഘട്ടങ്ങൾ ഏറെ തടസ്സങ്ങൾ നിറഞ്ഞതായിരുന്നു. പല പിഴവുകളിലൂടെയും കടന്നുപോയി. 2019 നവംബറിൽ, സെല്ലുലാർ അല്ലെങ്കിൽ ജീൻ എഡിറ്റിംഗ് പരീക്ഷണങ്ങൾ ആദ്യമായി തുടങ്ങി. 2020ൽ സംഘം ഭ്രൂണ എഡിറ്റിങ്ങിലേക്ക് നീങ്ങി. തുടർന്ന് അവർ ക്രിസ്പർ എഡിറ്റിങ്ങുമായി സംയോജിപ്പിച്ച് ക്ലോൺ ചെയ്ത ഭ്രൂണങ്ങൾ നിർമിച്ചു. ഭ്രൂണങ്ങൾ ഉൽപാദിപ്പിക്കാൻ 200 പരീക്ഷണങ്ങൾ നടത്തി. പരീക്ഷണങ്ങളിൽ 10 ശതമാനം മാത്രമേ വിജയിച്ചുള്ളൂവെന്നും മാർഗി പറഞ്ഞു.

മാർഗി മാത്രമല്ല, ഷായും അതുപോലെ തന്നെ ഉത്കണ്ഠാകുലനായിരുന്നു. തന്റെ വിദ്യാർത്ഥി വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 2023ലെ ഒരു വൈകുന്നേരം, ഒരു പതിറ്റാണ്ട് മുമ്പ് താൻ പങ്കെടുത്ത ഒരു സമ്മേളനം അദ്ദേഹം പെട്ടെന്ന് ഓർത്തു. അത് ഒരു മിന്നൽപ്പിണർ പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. ഒരു വിസിറ്റിങ് ശാസ്ത്രജ്ഞനായി ഷാ  ന്യൂസിലൻഡിൽ ശാസ്ത്ര സമ്മേളനത്തിനായി പോയിരുന്നു. അവിടെ അദ്ദേഹം ട്രാൻസ്ജെനിക് ഉൽപാദനത്തിനായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ കണ്ടുമുട്ടി. ഒരു സംഭാഷണത്തിനിടെ ജീവനുള്ള മൃഗങ്ങളിൽ നിന്ന് ഭ്രൂണങ്ങൾ വേർതിരിച്ചെടുത്ത് ട്രാൻസ്ജെനിക് ആടുകളെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞിരുന്നു. ആ ചിന്ത എല്ലാം മാറ്റിമറിച്ചു. 

അദ്ദേഹം പെട്ടെന്ന് മാർഗിയെ വിളിച്ച് തന്ത്രത്തിൽ ഒരു മാറ്റം നിർദേശിച്ചു. ജീവനുള്ള മൃഗങ്ങളിൽ നിന്ന് ഭ്രൂണങ്ങൾ എടുക്കുക. നേരത്തെ, അറുത്ത ആടുകളിൽ നി​ന്നെടുത്ത ഭ്രൂണങ്ങളിലായിരുന്നു പരീക്ഷണം. മൃഗ എത്തിക്സ് കമ്മിറ്റിയുടെ അനുമതിയോടെ ജീവനുള്ള മൃഗങ്ങളിൽ നിന്ന് ചെറിയ ശസ്ത്രക്രിയകളിലൂടെ ഭ്രൂണങ്ങൾ ശേഖരിക്കാൻ തുടങ്ങി. താമസിയാതെ, സംഘം ആടുകളിൽ ഗർഭധാരണം നടത്തി. എന്നാൽ, ഗർഭം ധരിച്ച ആടുകൾക്ക് എഡിറ്റ് ചെയ്ത ജീൻ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ചിലതിന് ഗർഭഛിദ്രങ്ങളുണ്ടായി. ചില ജനനങ്ങൾ അതിജീവിച്ചില്ല. ചിലത് ജനിച്ചെങ്കിലും എഡിറ്റ് ചെയ്ത ജീൻ ഉണ്ടായിരുന്നില്ല. അവസാനം അതിജീവിച്ച അഞ്ചാമത്തെ കുഞ്ഞാടായിരുന്നു ഇത്. അതിൽ എഡിറ്റ് ചെയ്ത ജീൻ ഉള്ളതായി കണ്ടെത്തി.

അന്നേ ദിവസം അർധരാത്രി യൂസുഫ്  മാർഗി ഷായെ വിളിച്ചപ്പോൾ അദ്ദേഹത്തിന് ബോധ്യമായില്ല. പിറ്റേന്ന് രാവിലെ, മറ്റ് നിരവധി ശാസ്ത്രജ്ഞർ പരിശോധനയിൽ ജീൻ സ്ഥിരീകരിച്ചു.  ഷാ തന്റെ പുറം തട്ടിയപ്പോൾ മാർഗി കരഞ്ഞുപോയി. ‘എനിക്കും അതുല്യമായ ഒരു നേട്ടമായിരുന്നു അത്. മിക്ക വെറ്ററിനറി ശാസ്ത്രജ്ഞരും പരിശ്രമിക്കുന്ന ഒന്ന് എന്റെ വിദ്യാർഥി യാഥാർഥ്യമാക്കി’ - അഭിമാനത്തോടെ ഷാ പറഞ്ഞു. 

Tags:    
News Summary - 6 years, 400 trials, and a breakthrough: how Kashmir gave India its first gene-edited sheep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT