തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി: സമുദായ സമവായത്തിന്റെ ദീപശിഖ

'ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത്' എന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അടിസ്ഥാന പ്രമേയത്തെ സ്വന്തം ജീവിതചര്യയാക്കി മാറ്റിയ നേതാവാണ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി. അധികാര സ്ഥാനങ്ങളോ പദവികളോ തേടിപ്പോകാതെ, സമുദായ നന്മക്കും ആദർശ സംരക്ഷണത്തിനും മാത്രം മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കൈരളിയുടെ പൊതുസമൂഹത്തിന് എന്നും വലിയൊരു വഴികാട്ടിയാണ്.

കേരള വഖഫ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിൽ, സമുദായത്തിലെ ഐക്യം നിലനിർത്താനും സംഘടനയുടെ പ്രമേയം പ്രയോഗവൽകരിക്കാനുമായി സ്വമേധയാ ആ സ്ഥാനം ഒഴിഞ്ഞുമാറിയ അദ്ദേഹത്തിന്റെ മനസ്സ് സമകാലിക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. സമുദായത്തിൽ തർക്കങ്ങളോ ഭിന്നതകളോ ഉണ്ടാകാതിരിക്കാൻ സ്വന്തം പദവി പോലും ഉപേക്ഷിക്കാൻ തയാറായ ആ ഉദാത്തമായ നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു.

വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളജിൽ നിന്നും എം.എഫ്.ബി ബിരുദം നേടി നാട്ടിലെത്തിയ കാലം മുതൽക്കേ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. കേരള മുസ്‍ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) സ്ഥാപകനും പ്രഥമ പ്രസിഡന്റുമായി പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, ഇന്ന് ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് കരുത്തുറ്റ നേതൃത്വമാണ് നൽകുന്നത്.

ഇസ്‌ലാമിക പണ്ഡിതൻ എന്ന നിലയിൽ സുന്നത്തു ജമാഅത്തിന്റെ ചിട്ടവട്ടങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും, വിശ്വാസ കർമാനുഷ്ഠാന വൈവിധ്യങ്ങൾക്കതീതമായ ഒരു ഏകതാബോധം സമൂഹത്തിലുണ്ടാക്കാൻ അദ്ദേഹം അക്ഷീണം ശ്രമിക്കുന്നു.

ആശയ വിയോജിപ്പുള്ളവരെ ശത്രുക്കളായല്ല, മറിച്ച് മാനുഷിക പരിഗണനയോടെയാണ് അദ്ദേഹം കാണുന്നത്. യോജിക്കാൻ കഴിയുന്ന മേഖലകളിലെല്ലാം അവരുമായി സഹകരിക്കാനും അവരിലെ നന്മകളെ അംഗീകരിക്കാനും അദ്ദേഹം ഒട്ടും വൈമനസ്യം കാട്ടാറില്ല.

Tags:    
News Summary - Thodiyoor Muhammad Kunju Moulavi: A beacon of community consensus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.