ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഡോ. സുബൈർ ഹുദവിക്ക് സ്വീകരണം നൽകിയപ്പോൾ
'വിദ്യാഭ്യാസ മുന്നേറ്റം സമൂഹത്തിന്റെ സമഗ്ര പുരോഗതിയുടെ അടിത്തറ' -ഡോ. സുബൈർ ഹുദവി
ജിദ്ദ: വിദ്യാഭ്യാസം കേവലം അക്കാദമിക യോഗ്യതകൾ നേടുന്നതിനുള്ള മാർഗം മാത്രമല്ലെന്നും അറിവും മൂല്യബോധവും നേതൃത്വശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയെ വാർത്തെടുക്കുന്ന സമഗ്ര പ്രക്രിയയാണെന്നും ഖുർതുബ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സുബൈർ ഹുദവി.പറഞ്ഞു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.സുബൈർ ഹുദവി, അമേരിക്കയിൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ ഉപരിപഠനവും പൂർത്തിയാക്കിയ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെയും മഹാത്മാഗാന്ധി സർവകലാശാല യിലെയും ഉന്നത പദവികളിലെ അവസരങ്ങൾ ഉപേക്ഷിച്ചാണ് അദ്ദേഹം വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ചത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ കഴിയുന്ന കുട്ടികളുടെ ദയനീയാവസ്ഥ അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തെ സാമൂഹിക ശാക്തീകരണത്തിനുള്ള ഉപാധിയായി കാണണമെന്നും പ്രവാസി സമൂഹത്തിന്റെ അനുഭവ സമ്പത്തും സംഘടനാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി നാട്ടിലെ വിദ്യാർഥികളുടെ പുരോഗതിക്കായി പദ്ധതികൾ ആവിഷ്കരിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗം ഒ.കെ.എം മൗലവി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഷാൾ അണിയിച്ചു ആദരിച്ചു. എ.കെ.ബാവ, ലത്തീഫ് കളരാന്തിരി, ഇസഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം എന്നിവർ പ്രസംഗിച്ചു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.