നസീഫ് മുഹമ്മദ് മാറഞ്ചേരി,
യാംബു
പിരിമുറുക്കം മാറ്റാം; മാനസികാരോഗ്യം വീണ്ടെടുക്കാം
മനുഷ്യജീവിതത്തിൽ സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കത്തിന് പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. സ്ട്രെസ് പൂർണമായും ഒഴിവാക്കാൻ ഒരാൾക്ക് സാധിക്കില്ല മറിച്ച് അത് എത്രത്തോളം അനുഭവപ്പെടുന്നു, എത്രകാലം നീണ്ടുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ തീരുമാനിക്കപ്പെടുന്നത്. ഒരു നിശ്ചിത അളവിലുള്ള സമ്മർദം നമ്മുടെ പ്രവർത്തനക്ഷമതയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കും.
രാവിലെ അലാറം കേട്ട് എഴുന്നേൽക്കാനും, സമയത്ത് ഓഫീസിലെത്താനും, പരീക്ഷക്കോ പ്രസംഗത്തിനോ മികച്ച രീതിയിൽ തയാറെടുക്കാനുമെല്ലാം നമ്മെ പ്രേരിപ്പിക്കുന്നത് ഈ സ്വാഭാവിക പ്രതികരണമാണ്. ഇത്തരം താൽക്കാലികമായ ഹ്രസ്വകാല സമ്മർദങ്ങളെ 'അക്യൂട്ട് സ്ട്രെസ്' എന്ന് വിളിക്കുന്നു. വെല്ലുവിളികൾ അവസാനിക്കുന്നതോടെ ഈ പിരിമുറുക്കം സാധാരണ നിലയിലാകുകയും, കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ വ്യക്തിയെ സഹായിക്കുകയും ചെയ്യും.
മാനസിക സമ്മർദം നിയന്ത്രണാതീതമായി ദീർഘകാലം തുടരുമ്പോൾ അത് ‘ക്രോണിക് സ്ട്രെസ്’ ആയി മാറുന്നു. കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലിസ്ഥലത്തെ നിരന്തര സമ്മർദം എന്നിവ ഇതിന് കാരണമാകാം. ഇത്തരം നീണ്ടുനിൽക്കുന്ന സമ്മർദം വ്യക്തിയുടെ ഉറക്കക്കുറവ്, തലവേദന, പേശികളിലെ മുറുക്കം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും ഉത്കണ്ഠ, വിഷാദം, ഉത്സാഹക്കുറവ് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. ജീവിതത്തിലെ വെല്ലുവിളികളല്ല, മറിച്ച് അതിനോടൊപ്പം നീണ്ടുനിൽക്കുന്ന സമ്മർദവും അതിനെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവ് കുറവും മറ്റു പിന്തുണകളുടെ അഭാവവുമാണ് ഒരാളെ തളർത്തുന്നത്.
ഈ അവസ്ഥയെ മറികടക്കാൻ ആദ്യം നമ്മെ സമ്മർദത്തിലാക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നൽകുക, മതിയായ ഉറക്കം, ക്രമമായ വ്യായാമം, ശ്വസനവ്യായാമങ്ങൾ, വിശ്വസിക്കാവുന്നവരോട് മനസ്സ് തുറന്നു സംസാരിക്കുക എന്നിവ സമ്മർദം കുറക്കാൻ സഹായിക്കും.
എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാൻ ശ്രമിക്കാതെ ചെറിയ ഘട്ടങ്ങളായി തിരിച്ച് കൈകാര്യം ചെയ്യണം. സ്വന്തം ശ്രമങ്ങൾ കൊണ്ട് മാറ്റാൻ കഴിയാത്തവിധം സമ്മർദം ദൈനംദിന ജീവിതത്തെ ബാധിക്കുകയാണെങ്കിൽ ഒരു കൗൺസിലറുടെയോ ഡോക്ടറുടെയോ പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുത്. ശരിയായ പിന്തുണയും ജീവിതശൈലി മാറ്റങ്ങളും വഴി സ്ട്രെസ് നിയന്ത്രിക്കാനും ജീവിതത്തിന്റെ ഗുണനിലവാരം വീണ്ടെടുക്കാനും ഏവർക്കും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.