എസ്.ജി.എഫ് വിദ്യാർഥി ശാക്തീകരണവും ‘ആരുദ്ര’ സർഗസന്ധ്യയും നവംബർ 7ന്
മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ (എസ്.ജി.എഫ്) നേതൃത്വത്തിൽ, കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), സോപാനം വാദ്യകലാ സംഘം, ഫീനിക്സ് എഡി പാർക്ക് എന്നിവയുടെ സഹകരണത്തോടെ വിദ്യാർത്ഥി ശാക്തീകരണ പരിപാടിയും ‘ആരുദ്ര’ സർഗ്ഗസന്ധ്യയും സംഘടിപ്പിക്കുന്നു.
2026 നവംബർ 7 ശനിയാഴ്ച ബഹ്‌റൈനിലെ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. വിദ്യാർത്ഥി ശാക്തീകരണവും കരിയർ ഗൈഡൻസുംനവംബർ 7-ന് രാവിലെ 10 മണി മുതൽ പ്രത്യേകിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദഗ്ദ്ധർ നയിക്കുന്ന ഉപരിപഠന-കരിയർ മാർഗ്ഗനിർദ്ദേശ ക്ലാസുകൾ നടക്കും.
ബോർഡ് പരീക്ഷകളെയും ഭാവി വെല്ലുവിളികളെയും ആത്മവിശ്വാസത്തോടും വൈകാരിക സന്തുലിതാവസ്ഥയോടും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മനഃശാസ്ത്രാധിഷ്ഠിതമായ പരിശീലനമാണ് ഇതിലൂടെ നൽകുന്നത്.
‘ആരുദ്ര’ സാംസ്കാരിക സന്ധ്യയും ആദരവും അന്നേ ദിവസം വൈകുന്നേരം 6 മുതൽ രാത്രി 9.30 വരെ അരങ്ങേറും. സോപാനം വാദ്യകലാ സംഘം ബഹ്റൈൻ ഡയറക്ടറും മേളകലാരത്നവുമായ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന "ആരുദ്ര" ഗ്രാൻഡ് ഫ്യൂഷൻ മ്യൂസിക്കൽ കൺസേർട്ടും കമ്മ്യൂണിറ്റി സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
അന്താരാഷ്ട്ര മെഡിക്കൽ ദിനാചരണത്തോടനുബന്ധിച്ച് സമൂഹത്തിന് മികച്ച സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ വെച്ച് ആദരിക്കും. പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോൺ, നിധി വിനോദ്, ഡി. കൃഷ്ണകുമാർ, വിജയ കുമാർ പി., ചന്ദ്രശേഖർ, വിമല തോമസ്, ജീൻസ് ജോസഫ്, റെജീന ഇസ്മായിൽ, എലിസബ ജോൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.