കേരളം പുനർജനിക്കണം
നമ്മുടെ
പുഴകൾ ഇപ്പോൾ
പഴയതുപോലെ
പാടാറില്ല;
അവയുടെ
തൊണ്ടയിൽ
മണലിന്റെ
വരൾച്ചയാണത്രെ..
കാറ്റിനോട് നാട്ടുവർത്തമാനം
പറഞ്ഞിരുന്ന കേരമരമിന്ന്
ഉണങ്ങിയ ഓർമപോലെ
നിലംപതിച്ചു കിടപ്പുണ്ട്.
മലകൾക്കിപ്പോൾ
പഴയ തലയെടുപ്പില്ല;
ഓരോ മഴയ്ക്കു ശേഷവും
അവയുടെ മണ്ണ് ഒലിച്ചിറങ്ങുന്നു.
പാടവരമ്പത്ത് നെല്ലിനു പകരം
കരിഞ്ഞുണങ്ങിയ മണ്ണ് കിടക്കുന്നു;
കതിരു കണ്ടു കിളികൾ വന്നിരുന്നിടത്ത്
കെട്ടിടങ്ങളുടെ വിലാസം തേടി
കാറ്റു മാത്രം പറന്നുപോകുന്നു.
ഒരു പാടം കൂടി
മണ്ണിൽ ഒളിക്കുമ്പോൾ
നമ്മുടെ ആഘോഷത്തിൽ
ചെളി പുരളുന്നുണ്ടോ?
ഒരു പുഴ കൂടി മരിക്കുമ്പോൾ
നമ്മുടെ ഭാഷയിൽ
ഒരു വാക്കുകൂടി വറ്റുന്നുണ്ടോ?
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ
ജാതിയുടെ പേരിൽ അകറ്റിനിർത്തുമ്പോൾ
നാം പാടുന്ന ഐക്യഗാനത്തിന്റെ
ഒരു വരി മുറിഞ്ഞുപോകുന്നുണ്ടോ?
മണ്ണിനെ വെറും വിലയായി കാണാത്ത,
പുഴയെ വെറും വെള്ളമായി കാണാത്ത,
മനുഷ്യനെ വെറും പേരായി കാണാത്ത,
നാടിനെ വെറും ഭൂപടമായി കാണാത്ത
ഒരു കേരളം പുനർജനിക്കണം.
അന്ന്,
ദൈവത്തിന്റെ സ്വന്തം നാടെന്ന്
വീണ്ടുമെല്ലാവരും പുകഴ്ത്തി പാടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.