തൊഴിലാളികൾക്ക് ആവേശമായി ഐ.സി.ആർ.എഫിന്റെ ‘ഓട്ടം ഫെസ്റ്റ് 2026’
മനാമ: ബഹ്‌റൈനിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ആശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച ‘വർക്കേഴ്‌സ് ഡേ - ഓട്ടം ഫെസ്റ്റ് 2026’ വർണാഭമായി. പ്രോട്ടിവിറ്റി ബഹ്‌റൈന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 550-ഓളം തൊഴിലാളികൾ ഒത്തുചേർന്ന സായാഹ്നം കായിക, സാംസ്‌കാരിക പരിപാടികളാലും ആരോഗ്യ അവബോധ ക്ലാസുകളാലും സമ്പന്നമായിരുന്നു.
ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘടനയുടെ പ്രവൃത്തികളെക്കുറിച്ച് ചെയർമാൻ അഡ്വ. വി.കെ. തോമസ് വിശദീകരിച്ചു. തുടർന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഡോ. ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേര എന്നിവർ നയിച്ച സി.പി.ആർ അടിയന്തിര രക്ഷാപ്രവർത്തന പരിശീലനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചിന്നസാമി നയിച്ച ‘ലാഫ്റ്റർ യോഗ’യും ചടങ്ങിന്‍റെ ഭാഗമായി.
എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, പ്രോട്ടിവിറ്റി ബഹ്‌റൈൻ മാനേജിംഗ് ഡയറക്ടർമാരായ ദർശൻ മേത്ത, ഗൗരവ് മേത്ത എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഐ.സി.ആർ.എഫ് പ്രതിനിധികളും ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.