മുനീർ-ഷാജി പക്ഷം ലീഗിലില്ല, സാദിഖലി പക്ഷം മാത്രം -പി.എം.എ. സലാം; 'വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ല'

കോഴിക്കോട്: മുസ്‌ലിം ലീഗിൽ വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മുനീർ- ഷാജി പക്ഷം ലീഗിലില്ല. സാദിഖലി പക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ 100 സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തിൽ വരും. ഭരണം കിട്ടാൻ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ല. ഭരണം കിട്ടാൻ കഴിയുന്ന മുന്നണി എന്ന ചർച്ചയ്ക്ക് പ്രസക്തി തീരെയില്ല. കേരള ജനത എൽ.ഡി.എഫ് ഭരണത്തിന്‍റെ കെടുതികൾ അനുഭവിക്കുകയാണ്. യു.ഡി.എഫ് സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. യു.ഡി.എഫിനെ മെച്ചപ്പെടുത്തണമെന്ന് പറയുമ്പോൾ കോൺഗ്രസിനെ മാത്രം പഴിചാരിയിട്ട് കാര്യമില്ല. മുസ്‌ലിം ലീഗ് മാത്രമല്ല, മറ്റു ഘടക കക്ഷികളും അവരുടെ സംഘടന സംവിധാനം മെച്ചപ്പെടുത്തണമെന്നും പി.എം.എ. സലാം പറഞ്ഞു.

ഇടത് ഭരണത്തെ രൂക്ഷമായി വിമർശിച്ച പി.എം.എ സലാം ഭരണത്തിലെ പോരായ്മകളെയും ചൂണ്ടിക്കാണിച്ചു. ''പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ തമിഴ്‌നാട് മുഖ്യമന്ത്രി പിൻവലിച്ചു. പശ്ചിമ ബംഗാളിലും അതുപോലെ തന്നെയാണ്. ആണാണ് മുഖ്യമന്ത്രിയെങ്കിൽ എങ്ങനെ ഭരിക്കണമെന്ന് സ്റ്റാലിൻ തീരുമാനിക്കുന്നു. പെണ്ണാണ് മുഖ്യമന്ത്രിയെങ്കിൽ എങ്ങനെ വേണമെന്ന് മമത ബാനർജി കാണിച്ചുതന്നു. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്''- പി.എം.എ സലാം പറഞ്ഞു.

എം.കെ. മുനീർ എം.എൽ.എ സംസ്ഥാന ലീഗ് ജനറൽ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പി.എം.എ. സലാമിനെ തന്നെ സെക്രട്ടറിയായി കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന കൗൺസിലിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പി.എം.എ. സലാം തുടരട്ടെ എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്. അതേസമയം ഇ.ടി. മുഹമ്മദ് ബഷീർ, കെ.എം. ഷാജി ഉൾപ്പടെയുള്ളവർ എം.കെ. മുനീറിനെ സെക്രട്ടറിയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വെച്ചു.

ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം മികച്ചു നിന്നിരുന്നതിനാൽ സലാം തുടരട്ടേ എന്ന നിലപാടായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിനുണ്ടായിരുന്നത്. പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾക്കിടയിലും സമവായമുണ്ടാക്കുക എന്നതായിരുന്നു സാദിഖലി തങ്ങളുടെ വെല്ലുവിളി. സംസ്ഥാന കൗൺസിലിന് മുന്നോടിയായി തന്നെ, തെരഞ്ഞെടുപ്പില്ലാതെ ഒരു തീരുമാനത്തിലേക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. രണ്ട് വിഭാഗം നേതാക്കളെയും പരിഗണിച്ചുകൊണ്ടും ഇരു കൂട്ടരുമായി ആശയവിനിമയം നടത്തിയുമാണ് സാദിഖലി തങ്ങൾ ധാരണയിലെത്തിയത്. 

Tags:    
News Summary - Women may be given muslim league leadership in the future says PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.