‘വയനാട്ടിൽ ഏറ്റവും കൂടുതലുള്ളത് പണിയ സമു​ദായം; ഇരുമുന്നണിയും അവരെ സ്ഥാനാർഥികളാക്കുന്നില്ല, ഇക്കുറി മാറിയേ പറ്റൂ’; ആവശ്യം ശക്തമാക്കി ആദിവാസി നേതാക്കൾ

കൽപറ്റ: വയനാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള ആദിവാസി വിഭാഗമായ പണിയ സമുദായത്തെ ഇക്കാലംവരെ ഇടത്-വലത് മുന്നണികൾ നിയമസഭ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയാക്കിയിട്ടില്ല. അവരുടെ വോട്ട് വേണമെന്നും സ്ഥാനാർഥികളാക്കാൻ പറ്റില്ലെന്നുമുള്ള നിഷേധാത്മക നിലപാട് മാറ്റി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പണിയ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥിയെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി വിവിധ പട്ടിക വർഗ സമുദായ സംഘടന നേതാക്കൾ രംഗത്തെത്തി. വയനാടിന്റെ മണ്ണും മനസ്സും അറിയുന്ന, ആദിവാസി പണിയ സമൂഹത്തിൽ നിന്നുള്ള ഒരാൾ പ്രതിനിധിയായി നിയമസഭയിലേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വെട്ടുകുറുമ സമുദായ സംഘടന നേതാക്കൾ  വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വയനാട്ടിൽ ഒരു ലക്ഷത്തോളം പണിയ സമുദായാംഗങ്ങൾ ഉണ്ടായിട്ടും ഒരുവിധ സ്ഥാനാർഥി പരിഗണനയും ഈ വിഭാഗങ്ങൾക്ക് ഇതുവരെ ഇടത്-വലത് രാഷ്ട്രീയപാർട്ടികൾ നൽകിയിട്ടില്ല. കാലങ്ങളായി നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഒരുവിധ പരിഗണനയും നൽകാതെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യത്തിനനുസരിച്ചു സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ഇല്ലാതാവുന്നത് പണിയ വിഭാഗം പോലെ  താഴെക്കിടയിൽ ഉള്ള ഗോത്രങ്ങളുടെ പുരോഗതിയും സംസ്കാരവും ആണ്. 

പണിയ, ഊരാളി,അടിയ, കാട്ടുനായ്ക്ക, വെട്ടുകുറുമ, ഊരാളി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമില്ലാത്ത സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി പോലും ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർഥി പരിഗണനയിൽ നാളിതുവരെ വന്നിട്ടില്ല എന്നുള്ളത് ഏറെ ചിന്തിക്കേണ്ടതാണ്. 

പണിയ വിഭാഗത്തിന്റെ സത്ത ഉൾക്കൊണ്ട്‌ കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ, അടിയ, കുറുമ എന്നീ സമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന പണിയ വിഭാഗത്തിലെ വ്യക്തിയെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യമാണ് വിവിധ ആദിവാസി സമുദായ നേതാക്കൾ മുന്നോട്ട് വെക്കുന്നത്. തങ്ങൾക്കു വേണ്ടി സംസാരിക്കാൻ തങ്ങളിലെ ഒരാൾ എന്ന പരിഗണന ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം എന്നും വിവിധ സമുദായ സംഘടനാ പ്രധിനിധികൾ പറഞ്ഞു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും തങ്ങൾക്കു വേണ്ട വിധത്തിൽ ഉള്ള സ്ഥാനാർഥി പരിഗണന ലഭിക്കണമെന്നാണ് വിവിധ സംഘടന നേതാക്കളുടെ ആവശ്യം. ഡോ: അമ്മിണി കെ. വയനാട് -( പ്രസിഡന്റ്, ആദിവാസി വനിത പ്രസ്ഥാനം), ദേവകി മാനന്തവാടി, അശോക് കുമാർ മുത്തങ്ങ- (പ്രസിഡന്റ്, കാട്ടുനായ്ക്കൻ അടിയൻ പണിയൻ ഊരാളി വെട്ടുകുറുമൻ വെൽഫയർ സൊസൈറ്റി വയനാട്), കമല സി.എം - (ആദിവാസി വനിത പ്രസ്ഥാനം) സജി ബേഗൂർ എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Consider Paniya Candidate In Assembly Election -Adivasi Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.