യാത്ര ദുരിതം പരിഹരിക്കാൻ ബസ്​ സർവീസ് മുഴുവൻ ആരംഭിക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം : ജൂൺ 8 മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയും മാളുകളും റസ്റ്റാറൻറുകളും  ആരാധനാലയങ്ങളും ഭാഗികമായി തുറക്കുകയും സർവ്വകലാശാല പരീക്ഷകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ എത്തി ചേരേണ്ട ജനങ്ങളുടെ യാത്രാ ദുരിതത്തിന് സർക്കാർ പരിഹാരം കാണണമെന്ന്  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.  

കേരളത്തിൽ മാർച്ച് 24 മുതൽ ആരംഭിച്ച ലോക്ഡൗണിനെ തുടർന്ന് സമ്പൂർണ്ണമായി സർവ്വീസ് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സി യുടെ മുഴുവൻ ഷെഡ്യൂളുകളും ഉടൻ പുനരാരംഭിക്കലാണ് ഇതിന് പരിഹാരം. ഘട്ടം ഘട്ടമായി സർക്കാർ ഏർപ്പെടുത്തിയ ഇളവുകളെ തുടർന്ന് ബസുകൾ തൊട്ടടുത്ത ജില്ലകളിലേക്കുള്ള അന്തർ ജില്ലാ സർവ്വീസുകളടക്കം  ആരംഭിച്ചെങ്കിലും വളരെ കുറഞ്ഞ സർവ്വീസുകൾ മാത്രമേ നടത്തുന്നുള്ളൂ.
നിലവിൽ ബസുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രമാണ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുക. പുറപ്പെടുന്ന പോയിൻറ് അല്ലാത്തയിടങ്ങളിൽ നിൽക്കുന്നവർക്ക് സീറ്റിംഗ് കപ്പാസിറ്റി ഫുൾ ആയതിനാൽ ബസിൽ കയറാൻ കഴിയുന്നില്ല.

സ്വകാര്യ ബസുകൾ പലകാരണങ്ങളാലും സർവ്വീസ് നടത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ മുഴുവൻ ഷെഡ്യൂളുകളും പുനരാരംഭിക്കാൻ 
കെ.എസ്.ആർ.ടി.സി തയ്യാറാകണം. ബസ്സിൽ കയറാൻ യാത്രക്കാർ തിരക്ക് കൂട്ടുന്ന സാഹചര്യം ഗുരുതര പ്രതിസന്ധി ഉണ്ടാക്കും.  ദിനേന ആയിരക്കണക്കിന് രൂപ ചിലവാക്കി മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഉണ്ടാക്കിയാണ് തൊഴിലെടുക്കുന്നവർ ഇപ്പോൾ യാത്ര ചെയ്യുന്നത്. 

ഗ്രാമീണ മേഖലകളിലടക്കം ഉദ്യോഗസ്ഥരും തൊഴിലാളികളും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലകൾക്കുള്ളിലും തൊട്ടടുത്തജില്ലകളിലേക്കും ലോക്ഡൌണിന് മുൻപുണ്ടായിരുന്ന എല്ലാ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവ്വീസുകളും പുനരാരംഭിക്കണമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഗതാഗത മന്ത്രി, കെ.എസ്.ആർ.ടി.സി സി.എം.ഡി, ഇ.ഡി.ഒ എന്നിവർക്ക് കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു.
 

Tags:    
News Summary - welfare party statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.