സർക്കാർ നയങ്ങൾ മൂലം കേരളത്തിലെ തീര ജനതയുടെ സുരക്ഷ അപകടത്തിൽ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരള സർക്കാർ സ്വീകരിക്കുന്ന തെറ്റായ നയ സമീപനങ്ങൾ മൂലം കേരളത്തിലെ തീര പ്രദേശങ്ങളുടെ സംരക്ഷണവും തീര ജനതയുടെ സുരക്ഷയും അത്യന്തം അപകടത്തിലായിരിക്കുകയാണെന്ന്  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. സർക്കാർ ഒത്താശയോടു കൂടി മണൽ മാഫിയകൾ നടത്തുന്ന കൊള്ളയും കോർപ്പറേറ്റുകൾക്കായി തയ്യാറാക്കിയ വൻകിട പദ്ധതികളുമാണ് കേരള തീരത്തെ തകർത്തിരിക്കുന്നത്. 

കൃത്യമായ പഠനങ്ങളോ ചർച്ചകളോ കൂടാതെ നടത്തുന്ന വലിയ തോതിലെ ഡ്രഡ്ജിങ്ങും ജനങ്ങളുടെ സുരക്ഷയ്ക്ക് ആഘാതം സൃഷ്ടിക്കുന്നു. ഫിഷിംഗ് ഹാർബറുകളും പുലിമുട്ടുകളും നിർമ്മിക്കുന്നതിലെ അശാസ്ത്രീയത പല സ്ഥലങ്ങളിലും വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ സാമൂഹ്യ നിയന്ത്രണങ്ങൾ കൂടി വന്നതോടെ തീര ജനതയുടെ ജീവിതം ദുസ്സഹമാണന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തെ ശംഖുമുഖം തീരം പൂർണ്ണമായി ഇല്ലാതായി. അനിയന്ത്രിതമായ കരിമണൽ ഖനനം മൂലം ആലപ്പാട് തീരം അപകടഘട്ടത്തിലാണ്. തോട്ടപ്പള്ളിയിലെ മണൽ വാരൽ കുട്ടനാട്ടിന്‍റെ സന്തുലിതാവസ്ഥ തകർക്കും. ചെല്ലാനം അടക്കം കേരളത്തിലെ വിവിധ തീരപ്രദേശങ്ങൾ കടൽ ആക്രമണത്താൽ രൂക്ഷമാകുന്നതിനെക്കുറിച്ച് വെൽഫെയർ പാർട്ടിയും പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇവയോട് സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാട് കേരളത്തിലെ തീരദേശ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. 

അദാനി പോലുള്ള കോർപ്പറേറ്റ് മാഫിയകൾക്ക് തീരദേശം തീറെഴുതി നൽകുന്നതിന് ആവശ്യമായ വമ്പൻ പ്രൊജക്റ്റുകൾ സർക്കാർ ഒരു പരിധിയും ഇല്ലാതെ നടപ്പിലാക്കാൻ അനുവാദം നൽകിയത് മത്സ്യബന്ധനം പോലുള്ള പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്ന തീരദേശ ജനങ്ങളുടെ ജീവിതം പരിഗണിക്കാതെയാണ്. എല്ലാ മഴക്കാലത്തും ജനങ്ങൾ തീരദേശങ്ങളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. കടൽ ഭിത്തി നിർമ്മാണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാതെ കോടികളുടെ അഴിമതിക്ക് സാധ്യതയുള്ള പ്രോജക്ടുകൾ മാത്രം നടപ്പിലാക്കി തീരദേശ മേഖലയിലെ പ്രതിസന്ധി നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടലോരത്തെ മണൽ വാരൽ പൂർണമായും നിർത്തിവയ്ക്കാൻ സർക്കാർ തയ്യാറാവുകയാണ് ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം. ഫിഷിംഗ് ഹാർബർ നിർമ്മാണത്തിന് ശാസ്ത്രീയ പഠനം നടത്താൻ സർക്കാർ തയ്യാറാകണം. ആറാട്ടുപുഴയിലും ചെല്ലാനത്തും അടക്കം കേരളത്തിലെ വിവിധ തീരദേശ മേഖലകളിൽ പ്രശ്ന പരിഹാരത്തിനായി സർക്കാർ നടപടികളാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.