കോഴിക്കോട്: ഗ്രൂപ്പ് പോര് മൂത്ത ബി.ജെ.പിയിൽ വി. മുരളീധരൻ വിഭാഗത്തിലെ വി.വി. രാജേഷിനെ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ തകൃതി. മുരളീധരൻ ഗ്രൂപ്പിനെ അനു നയിപ്പിക്കുകയാണ് നീക്കംകൊണ്ട് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും അടുപ്പ മുള്ള നേതാക്കളും ലക്ഷ്യംവെക്കുന്നത്. മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ വി.വി. രാജേഷിനെ ആ ദ്യം സംസ്ഥാന സമിതിയിലും തുടർന്ന് ഭാരവാഹിത്വത്തിലേക്കും പരിഗണിക്കുമെന്നാണ് സൂചന. ചാനൽ ചർച്ചയിൽ നേതാക്കൾ പങ്കെടുക്കേണ്ടെന്ന തീരുമാനത്തോടെ ഔദ്യോഗിക പാളയത്തിലുണ്ടായ പടയുടെ ആഘാതം കുറക്കാൻ മുരളീധരൻ ഗ്രൂപ്പിനെ അനുനയിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പിള്ളയോട് അടുത്ത നേതാക്കളുടെ കണക്കുകൂട്ടൽ.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരെ ഉയർന്ന മെഡിക്കൽ കോളജ് കോഴ വിവാദവും പരാതി അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയമിച്ചതും മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന് ആരോപിച്ചാണ് സംസ്ഥാന സെക്രട്ടറിയായ വി.വി. രാജേഷിനെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി.ജെ.പി നേതാക്കൾ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം ജില്ലയിൽ അവിടെനിന്നുള്ള യുവ നേതാവിനെ നേതൃത്വത്തിൽനിന്ന് മാറ്റിനിർത്തുന്നത് പ്രകടനത്തെ ബാധിക്കുമെന്ന് വി. മുരളീധരൻ ഗ്രൂപ്പുകാരുടെ നിരന്തരമായ വാദമായിരുന്നു.
മാധ്യമ ചർച്ചകളിൽനിന്ന് ബി.ജെ.പി നേതാക്കൾ മാറിനിൽക്കണമെന്ന തീരുമാനത്തോട് ശ്രീധരൻപിള്ളയുടെ അടുപ്പക്കാരിൽ പലർക്കും താൽപര്യമില്ല. ചർച്ചകളിൽനിന്ന് മാറിനിൽക്കുന്നതോടെ പാർട്ടി ഭാഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെന്ന ആക്ഷേപം അവർക്കുണ്ട്. പാളയത്തിൽനിന്ന് എതിർപ്പുയരുന്ന സാഹചര്യത്തിൽ മുരളീധരൻ ഗ്രൂപ്പ് കൂടി ശക്തമായ നിലപാടെടുക്കുന്നത് സംസ്ഥാന പ്രസിഡൻറിനേയും കൂടെയുള്ളവരേയും പ്രതിരോധത്തിലാക്കും ഇതാണ് വി.വി. രാജേഷിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നിൽ.
വി.വി. രാജേഷിെൻറ മടങ്ങി വരവ് സംബന്ധിച്ച് പാർട്ടി തീരുമാനം വേണ്ടസമയത്ത് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, മുരളീധരൻ ഗ്രൂപ്പിലെ ചിലരുമായി വി.വി. രാജേഷിെൻറ മടങ്ങിവരവ് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ ചിലർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി വി.വി. രാജേഷ് ബി.ജെ.പി വേദികളിൽ സജീവമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.