സി. ജോസഫ് വിജയ്, രാഹുൽ ഗാന്ധി

വിജയ് തന്നെ; പ്രധാനമന്ത്രി സ്ഥാനാർഥിയിൽ മാറ്റമില്ലെന്ന് തമിഴ്‌നാട് മന്ത്രി സെങ്കോട്ടയ്യൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനെ ചൊല്ലി കോൺഗ്രസുമായി ഭിന്നത നിലനിൽക്കെ, വിഷയം വീണ്ടും ഉന്നയിച്ച് ടി.വി.കെ (തമിഴക വെട്രി കഴകം) നേതാവും മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ. വിജയ് തന്നെയാണ് ടി.വി.കെയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

രാഹുൽ ഗാന്ധി​ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്നത് ടി.വി.കെ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ് വക വെക്കാതെയാണ് വിജയിക്ക് പിന്തുണയുമായി സെങ്കോട്ടയ്യൻ രംഗത്തെത്തിയത്.

ടി.വി.കെ നേതാവ് വളരെ വ്യക്തതയുള്ളയാളാണെന്ന് പറഞ്ഞ സെങ്കോട്ടയ്യൻ, വോട്ട് ചെയ്തുകൊണ്ട് തമിഴ്‌നാട് ജനത വിജയിയോട് വിശ്വാസം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ നേതാവ് വളരെ വ്യക്തതയുള്ളയാളാണ്. തമിഴ്‌നാട് അദ്ദേഹത്തിലുള്ള വിശ്വാസത്തോടെയാണ് വോട്ട് ചെയ്തത്. പാർട്ടി രൂപവത്കരിച്ച് രണ്ട് വർഷത്തിനുള്ളിൽ വിജയിയുടെ ടി.വി.കെ വലിയ വിജയം കൈവരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് രണ്ട് മാസം മുമ്പ് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം നേടിയെടുക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾ ആഗ്രഹിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും മുഖ്യമന്ത്രി സ്വീകരിച്ചുവരികയാണ്’ -സെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു.

2029 ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നും അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു ഞെട്ടിക്കുന്ന മാറ്റം കാണാൻ കഴിയുമെന്നും ടി.വി.കെ എം.എൽ.എ കനിമൊഴി സന്തോഷ് അഭിപ്രായപ്പെട്ടിരുന്നു. ‘2029-ൽ നിങ്ങൾ കാണും. ആര് അകത്തേക്ക് പോകുന്നു, ആര് പുറത്തേക്ക് പോകുന്നു എന്ന്. നമ്മുടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ദളപതിയെ (വിജയ്) മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയത്. അതുകൊണ്ട് അദ്ദേഹം വിജയിന്റെ കൈപിടിച്ച് 2029 ൽ പ്രധാനമന്ത്രിക്കസേരയിലും ഇരുത്തും’ -എന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനിമൊഴി പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.