പഞ്ചാബിൽ എസ്.ഐ.ആർ വിവാദം; രാഘവ് ഛദ്ദക്ക് പിന്നാലെ കോൺഗ്രസ് എം.പിയുടെ പേരും വോട്ടർ പട്ടികയിലില്ല, വിവാദം
ചണ്ഡീഗഢ്: പഞ്ചാബിൽ ബി.ജെ.പി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് എം.പി ധരംവീർ ഗാന്ധിയും സമാന പരാതിയുമായി രംഗത്ത്. പഞ്ചാബിൽ വോട്ടർപട്ടിക തീവ്ര പരിഷ്‍കരണ യജ്ഞം പുരോഗമിക്കുന്നതിനിടെയാണ് വിവാദം.
തന്റെയും കുടുംബാംഗങ്ങളുടെയും പേര് കരട് വോട്ടർപട്ടികയിൽ കാണാനില്ലെന്ന് പട്യാല ലോക്‌സഭാ എം.പിയായ ധരംവീർ ഗാന്ധി പറഞ്ഞു. ഏറെക്കാലമായി താമസിക്കുന്ന വിലാസത്തിൽനിന്നാണ് തങ്ങളുടെ പേര് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2000 മുതൽ താൻ ഈ വിലാസത്തിലാണ് താമസിക്കുന്നതെന്നും ഇവിടെ നിന്നുതന്നെ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും രണ്ടുതവണ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകളിലെ സ്ഥിരം വിലാസം ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധരംവീർ ഗാന്ധിക്ക് പുറമെ ഭാര്യ, മകൻ, മകൾ, മരുമകൾ എന്നിവരുടെ പേരുകളുമാണ് കരട് വോട്ടർപട്ടികയിൽ വെട്ടിയത്. എസ്.ഐ.ആർ നടപടിക്കിടെ ആദ്യം തന്റെ പേര് വെട്ടിയെങ്കിലും പിന്നീട് നിശ്ചിത നടപടികളിലൂടെ പേര് കൂട്ടിച്ചേർത്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തനിക്ക് വ്യക്തിപരമായി യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽ ‘സ്ഥലംമാറിയതായി’ രേഖപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പോര് രൂക്ഷമായിരുന്നു. വോട്ടർ പട്ടികയിൽ തന്റെ വിവരം തെറ്റായി രേഖപ്പെടുത്തിയത് പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ഛദ്ദ ആരോപിച്ചു. ‘സ്ഥിരമായി താമസം മാറിയവർ’ എന്ന വിഭാഗത്തിലാണ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം വോട്ടർ പട്ടികയുടെ അന്തിമ രൂപം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും നിലവിലുള്ള ‘ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ്’ പ്രക്രിയയിലൂടെ തെറ്റുകൾ തിരുത്താൻ സാധിക്കുമെന്ന് ഛദ്ദ വ്യക്തമാക്കി.
എസ്.ഐ.ആർ മാർഗ്ഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ താൻ സ്വീകരിച്ചുവരികയാണെന്നും ഛദ്ദ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഇത് വെറുമൊരു ക്ലറിക്കൽ അബദ്ധമല്ലെന്നും വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പഞ്ചാബിൽ നിന്നുള്ള സിറ്റിങ് എം.പിയായിരിക്കെ തന്റെ പേര് മനപൗർവം ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യുകയായിരുന്നുവെന്നും, പഞ്ചാബ് സർക്കാരിന്റെ ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. താൻ എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ശേഷം പാർട്ടി നേതൃത്വവും പഞ്ചാബ് സർക്കാരും തനിക്കെതിരെ പ്രതികാര നടപടികൾ തുടരുകയാണെന്നും ഛദ്ദ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിലിലാണ് എ.എ.പി രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് എതിർ കക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.