'തോറ്റ എല്ലാ മണ്ഡലങ്ങളിലും അൻവറായിരുന്നോ യു.ഡി.എഫ് സ്ഥാനാർഥി?'; ബേപ്പൂർ പരാജയത്തിൽ കോൺഗ്രസിനെ തള്ളി പി.എം.എ സലാം

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് പരാജയത്തിന് കാരണം സ്ഥാനാർഥി നിർണയത്തിലെ പിഴവാണെന്ന കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എൽ.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ച 35 മണ്ഡലങ്ങളിലും പി.വി അൻവരായിരുന്നോ യു.ഡി.എഫ് സ്ഥാനാർഥിയെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുചോദ്യം. കേരളത്തിലെ എല്ലായിടത്തും സാഹചര്യം ഒന്നാണ്. രാഷ്ട്രീയമായ കാരണങ്ങളാൽ പരാജയം ഉണ്ടായിട്ടുണ്ടാവും. സ്ഥാനാർഥികൾ മോശമായതുകൊണ്ടാണ് തോറ്റുപോയതെന്നൊന്നും ഞങ്ങൾ പറയുന്നില്ല. ബേപ്പൂരിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ തനിക്ക് വലിയ രീതിയിൽ വോട്ട് കുറഞ്ഞെന്ന അൻവറിന്റെ പരാതി പരിശോധിക്കാമെന്നും സലാം പറഞ്ഞു. കോഴിക്കോട് 13-ൽ 12 ഇടത്തും ജയിച്ചിട്ട് തോറ്റ ഒന്നിനെക്കുറിച്ച് ചർച്ച ചെയ്ത് സമയം കളയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ള കാര്യങ്ങൾ വിവാദം ഉണ്ടാക്കിയവരോട് തന്നെ ചോദിക്കുന്നതാണ് നല്ലത്.

യു.ഡി.എഫിലേക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടികളെയും ഇപ്പോൾ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികൾ അഭിപ്രായം പറയുമ്പോൾ ഇക്കാര്യം യു.ഡി.എഫ് ആലോചിക്കും. മുസ്ലിം ലീഗും മത സംഘടനകളും തമ്മിൽ ഒരു തർക്കവുമില്ല. മത സംഘടനകളുടെ കാര്യത്തിൽ ലീഗ് ഇടപെടാറുമില്ല. വഖഫ് ബോർഡ് നിയമത്തിൽ കാറ്റഗറി തെറ്റിച്ചാണോ അംഗങ്ങളെ നിയമിച്ചത് എന്നതിനെക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ട്. കാറ്റഗറി തെറ്റിച്ചുള്ള നിയമനങ്ങൾ പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ യു.ഡി.എഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവർ വീണ്ടും രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ബേപ്പൂരിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ തനിക്ക് വലിയ രീതിയിൽ വോട്ട് കുറഞ്ഞെന്നും, തിരഞ്ഞെടുപ്പിനു ശേഷം വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ വോട്ട് ചോർച്ചയും അപകടവും ബോധ്യപ്പെട്ടിരുന്നുവെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തോൽവിയെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചില വെളിപ്പെടുത്തലുകളും വിമർശനങ്ങളുമാണ് കാര്യങ്ങൾ പരസ്യമായി പറയാൻ തന്നെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം കുറിച്ചു.

"റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കാമെന്നും നമുക്ക് ജയിക്കാനുള്ള വോട്ട് നിങ്ങളായി സംഘടിപ്പിക്കണമെന്നുമാണ് രസകരമായി യു.ഡി.എഫ് നേതൃത്വത്തോട് പറഞ്ഞിരുന്നത്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ, ചെറുവണ്ണൂർ, നല്ലളം മേഖലകളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നുവെങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വോട്ടിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് അത് പുറത്തേക്ക് പ്രത്യക്ഷത്തിൽ കാണാതിരുന്നത്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നെല്ലാം വോട്ടുകൾ കൃത്യമായി ലഭിച്ചപ്പോൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്", അൻവർ പറഞ്ഞു.

Tags:    
News Summary - PMA slams Congress for Beypore defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.