തിരുവനന്തപുരം: ബജറ്റിലെ കടുത്ത അവഗണനക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശത്തോടെ രാഷ്ട്രീയ വിവാദം കത്തുന്നു. ബജറ്റിൽ കേരളത്തോട് മുഖംതിരിച്ചത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ ബജറ്റിൽ സഹായം പ്രഖ്യാപിക്കാമെന്ന’ പരമാർശത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായ സ്വരത്തിലാണ് ആഞ്ഞടിച്ചത്. പ്രതിരോധത്തിലായ ബി.ജെ.പി നേതാക്കൾ ജോർജ് കുര്യന്റെ വാദങ്ങളെ നേരിട്ട് പിന്തുണക്കാതെ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന വളഞ്ഞവഴി നീക്കമാണ് സ്വീകരിച്ചത്.
വയനാട് പുനരധിവാസത്തിനുള്ള പാക്കേജിലടക്കം വലിയ പ്രതീക്ഷയിലായിരുന്നു കേരളം. അതുണ്ടായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെയൊന്നാകെ അപമാനിക്കുന്ന സമീപനം സ്വീകരിച്ചതാണ് ഭരണ-പ്രതിപക്ഷങ്ങളെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ പ്രതികരണം രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കണ്ട് അവഗണിച്ചപ്പോഴാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്. ദാരിദ്ര്യം സ്വയം സാക്ഷ്യപ്പെടുത്തിയാൽ സഹായം അനുവദിക്കാമെന്ന പരിഹാസ്യ നിലപാടാണിതെന്നാണ് വിമർശനം.
കേരളത്തിന്റെ നേട്ടങ്ങളെ ബോധപൂർവം തമസ്കരിക്കാനുള്ള അജണ്ടയാണെന്നും ആക്ഷേപമുയരുന്നു. അതേ സമയം ബജറ്റിന് മുമ്പ് പാർലമെന്റിൽ വെച്ച എക്കണോമിക് സർവേയിൽ പരാമർശിച്ച കേരളത്തിന്റെ വികസന സൂചികകൾ എണ്ണിപ്പറഞ്ഞാണ് സർക്കാറിന്റെ മറുപടി. കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിന് സമാനമാണ് പുതിയ സാഹചര്യം.
2016ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ ശിശുമരണ അനുപാതമടക്കം ചൂണ്ടിക്കാട്ടി മോദിയുടെ വാക്കുകൾ. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് ശക്തമായ ഭാഷയിൽ മറുപടിക്കത്തയച്ചു.
ബി.ജെപി നേതാക്കൾക്ക് കേരള വിരുദ്ധ സമീപനമാണെന്നും കേരളം പിടിക്കാൻ കഴിയാത്തതിനാൽ അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുറന്നടിച്ചു.
വയനാട്ടിലെ ദുരിതബാധിതരെ അവഗണിച്ചത് ക്രൂരത എന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പിച്ചച്ചട്ടിയുമായി കേന്ദ്രത്തിന് മുന്നിൽ കൈ നീട്ടി നിൽക്കാൻ കേരളത്തിന് സൗകര്യമില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസും ആഞ്ഞടിച്ചു. കേരളം പിന്നാക്കമെന്ന് പറയാൻ മനസ്സില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.