രാമനഗരം: വോട്ടെടുപ്പിന് രണ്ടു ദിവസം ബാക്കി; ബി.ജെ.പി സ്ഥാനാർഥി കോൺഗ്രസിൽ

ബംഗളൂരു: വോട്ടെടുപ്പിന് രണ്ടു ദിവസം ബാക്കി നിൽക്കെ രാമനഗരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കോൺഗ്രസിൽ തിരിച്ചെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ പരാജയപ്പെട്ടെന്ന ആരോപണം ഉയർത്തിയാണ് എൽ. ചന്ദ്രശേഖർ ബി.ജെ.പി പാളയം വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയത്.

കോൺഗ്രസ്-ജെ.ഡി.എസ് സ്ഥാനാർഥിയെ പിന്തുണക്കാൻ ചന്ദ്രശേഖർ തീരുമാനിച്ചതായി രാമനഗര മണ്ഡലത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് എം.പി മാധ്യമങ്ങളെ അറിയിച്ചു.

കോൺഗ്രസ് എം.എൽ.സി അംഗം സി.എം ലിംഗപ്പയുടെ മകനായ ചന്ദ്രശേഖർ രണ്ടാഴ്ച മുമ്പാണ് ബി.ജെ.പിയിൽ ചേർന്നത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗരം മണ്ഡലത്തിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥി.

ചന്ദ്രശേഖറിന്‍റെ തീരുമാനം ബി.ജെ.പിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മാണ്ഡ്യ, ബെല്ലാരി, ഷിമോഗ എന്നീ ലോക്സഭാ സീറ്റുകളിലെയും ജമഖാൻദി നിയമസഭാ സീറ്റിലെയും പ്രചാരണത്തെ ചന്ദ്രശേഖരന്‍റെ നീക്കം പ്രതിഫലിപ്പിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരം, ചന്നപട്ടണം സീറ്റുകളിൽ നിന്ന് കുമാരസ്വാമി വിജയിച്ചിരുന്നു. തുടർന്ന് രാമനഗരം സീറ്റ് കുമാരസ്വാമി രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മധുഗിരി സീറ്റിൽ നിന്ന് മുമ്പ് അനിത കുമാരസ്വാമി വിജയിച്ചിരുന്നു.

Tags:    
News Summary - Ramanagara Bypoll L Chandrashekar Anitha Kumaraswamy -politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.