തിരുവനന്തപുരം: 2019ലെ പൊതു തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,08,711 വോട്ടർമാരാണ് പട്ടിക പ്രകാരമുള്ളതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1,31,11,189 വനിതകളും 1,22,97,403 പുരുഷന്മാരും. 1.37 ശതമാനം വോട്ടർമാരാണ്ർ വർധിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനു മുന്നോടിയായ കരടിൽ 2,50,65,496 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 3,43,215 പേർ വർധിച്ചു. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്; 30,47,923. തൊട്ടുപിന്നിൽ തിരുവനന്തപുരം; 26,54,470.
കൂടുതൽ വനിതാ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804. 119 ട്രാൻസ്ജെൻഡർ വോട്ടർമാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞവർഷം 18 പേരുണ്ടായിരുന്നതാണ് 119 ആയത്. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ് -41. തൊട്ടുപിന്നിൽ തൃശൂരൂം (21), കോഴിക്കോടും (15). യുവവോട്ടർമാരിലും വർധനയുണ്ട്. 2,61,780 പേരെ പുതുതായി ചേർന്നു. കൂടുതൽ യുവ വോട്ടർമാരും മലപ്പുറത്താണ് -46,700. കോഴിക്കോടും (33,027) തൃശൂരുമാണ് (23,789) തൊട്ടുപിന്നിൽ. മരിച്ചവർ, പേര് ഇരട്ടിപ്പ് എന്നിവ കണ്ടെത്തിയതിലൂടെ 1.15 ലക്ഷം പേര് നീക്കി. വോട്ടർമാരുടെ വർധനയെതുടർന്ന് പോളിങ് ബൂത്തുകളുടെ എണ്ണം 510 എണ്ണം വർധിച്ച് 24,970 ആയി. നേരത്തേ 24,460 ആയിരുന്നു. 2016ലെ കണക്ക് പ്രകാരം 909 പ്രശ്നബാധിത ബൂത്തുകളുണ്ട്. 405 എണ്ണം കണ്ണൂരിലാണ്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പേര് ചേർക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിവരെ അപേക്ഷ സ്വീകരിക്കും. സംസ്ഥാനത്ത് വോട്ടർമാരുടെ സഹായത്തിന് ജില്ലതലത്തിൽ 1950 എന്ന ടോൾ ഫ്രീ നമ്പരും സി.ഇ.ഒ ഓഫിസിൽ 18004251965 എന്ന ടോൾ ഫ്രീ നമ്പരും ഉണ്ട്.
പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ റെക്കോഡ് വർധന
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. പുതുക്കിയ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം 66,584 ആയി ഉയർന്നു. നേരത്തേ 23410 പ്രവാസി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 43,174 പേരുടെ വർധന. ഇത് സർവകാല റെക്കോഡാണെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ ടീക്കാറാം മീണ പറഞ്ഞു. കൂടുതൽ പ്രവാസി വോട്ടർമാർ കോഴിക്കോട്ടാണ്; 22,241 പേർ. രണ്ടാം സ്ഥാനത്ത് മലപ്പുറവും (15,298) മൂന്നാം സ്ഥാനത്ത് കണ്ണൂരും (11,060 പേർ). പ്രവാസി വോട്ടർമാരിൽ 62,847 പേർ പുരുഷന്മാരും 3729 പേർ സ്ത്രീകളും എട്ട് പേർ ട്രാൻസ്ജെൻഡറുമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ഇത്തവണ 77000 പ്രവാസികളാണ് അപേക്ഷിച്ചത്. ബൂത്ത് ലെവൽ ഒാഫിസർ വീടുകളിൽ എത്തി നടത്തിയ പരിശോധനയിലൂടെ ഉറപ്പുവരുത്തിയവരുടെ പേരാണ് അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.