ഇത് സിനിമയല്ല, ഒരുസൂപ്പർമാനും വരില്ല; ശബ്ദമുയർത്തൂ: ജെൻസിയോട് ധ്രുവ് റാഠി
ന്യൂഡൽഹി: രക്ഷിക്കാൻ സൂപ്പർമാൻ വരുമെന്ന് കാത്തിരിക്കുകയാണ് ജെൻസി എന്നും എന്നാൽ ഒരു നായകനും ഉണ്ടാകില്ലെന്നും പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠി. തങ്ങളുടെ ശബ്ദത്തിന് ഒരു വിലയുമില്ലെന്ന് കരുതുന്ന ജെൻസിയിലെ പലർക്കും ഒരുതരം ഉദാസീനതയുണ്ടെന്ന് തോന്നുന്നു. ഒരു നായകനുവേണ്ടി കാത്തിരിക്കരുതെന്നും ഒരു നായകനും ഉണ്ടാകില്ലെന്നും ഇതൊരു സിനിമയല്ലെന്നും അദ്ദേഹം 'ദി വീക്കിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ സജീവമായി ഇടപെടണമെന്നും അതിനായി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കണമെന്നും റാഠി ജെൻസിയോട് ആവശ്യപ്പെട്ടു.
സമരങ്ങളെ ഭയപ്പെടുന്ന കേന്ദ്ര സർക്കാർ പാകിസ്താനെ പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.മിക്ക വികസിത ജനാധിപത്യ രാജ്യങ്ങളിലും പ്രതിഷേധിക്കാനുള്ള ഇടം സാധാരണയായി പാർലമെന്റിന് വളരെ അടുത്തായിരിക്കും. ഇന്ത്യാഗേറ്റിൽനിന്ന് മാറ്റിയാണ് ജന്തർ മന്തറിൽ പ്രതിഷേധവേദി അനുവദിച്ചത്. തലസ്ഥാന കേന്ദ്രത്തിൽനിന്ന് ഇത്രയും അകലെ പ്രതിഷേധമേഖല നിശ്ചയിച്ചിട്ടുള്ള മറ്റൊരു രാജ്യം ഏതാണ്? പാകിസ്താൻ. മോദി പാകിസ്താന്റെ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രതിപക്ഷ നേതാവിനേക്കാൾ വോട്ടിങ് മുൻതൂക്കം ലഭിക്കുന്ന ഒരു സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നത്. അതിനാൽ, അടുത്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നിഷ്പക്ഷമായി തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ തീരൂ. ജനങ്ങളിൽ നിന്നാണ് മാറ്റം വരാൻ പോകുന്നത്, അതെ, അത് വന്നുതുടങ്ങിയിട്ടുണ്ട്.സി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയാകുമെന്ന് ഞാൻ കരുതുന്നില്ല. സി.ജെ.പി ഇളക്കിവിടുന്ന ജനവികാരം മുതലെടുത്ത് കോൺഗ്രസിന് അധികാരത്തിൽ വരാനും കഴിയും. എന്നാൽ, സി.ജെ.പി തങ്ങൾക്ക് എതിരാണെന്നോ മറ്റോ ആണ് കോൺഗ്രസ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.