ജന്തർ മന്തർ 2.0: അഭിജിത് ദീപ്കെ സംഘത്തെ വിട്ടയച്ചു; ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കരുതെന്ന് ഉപാധി

ഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കിയ സി.ജെ.പി നേതാക്കളെ വിട്ടയച്ചു. അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കില്ലെന്ന വ്യവസ്ഥയിലാണ് ഇവരെ വിട്ടയച്ചതെന്ന് സി.ജെ.പിയുടെ നിയമ മേധാവി വ്യക്തമാക്കി.

ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റേതാണ് നടപടി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നേതാക്കളെ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചത്. നേതാക്കളുടെ അറസ്റ്റ് ഡൽഹി പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മൂന്ന് നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പുറത്തിറങ്ങാൻ അനുവദിക്കാതെ വിമാനത്തിൽ കയറി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. നേതാക്കളെ വിട്ടയച്ചെങ്കിലും സമരം ശക്തമായി തുടരുമെന്നും ജന്തർ മന്തറിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

സംഘ്പരിവാർ വിരുദ്ധ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഇന്നലെ ഗുരുഗ്രാം സെക്ടർ 56-ലെ വസതിയിൽ നിന്നാണ് ധ്രുവ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Tags:    
News Summary - Team Dipke released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.