ദേവരഗുഡ്ഡയിലെ മെമ്പർമാർ വിമാനത്താവളത്തിൽ
ബംഗളൂരു: റിസോർട്ട് രാഷ്ട്രീയത്തിന് പേരുകേട്ട ഇടമാണ് കർണാടക. സംസ്ഥാനത്തിന്‍റെ ഭരണത്തെ തന്നെ മുൾമുനയിൽ നിർത്തിയ നീക്കങ്ങൾ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. എന്നാൽ, പഞ്ചായത്ത് തലത്തിലേക്കും റിസോർട്ട് രാഷ്ട്രീയം പടരുന്നതിന്‍റെ റിപ്പോർട്ടുകളാണ് കർണാടകയിൽ നിന്ന് വരുന്നത്.
ഹവേരി ജില്ലയിലെ ദേവരഗുഡ്ഡ പഞ്ചായത്തിൽ നിന്നാണ് വിശ്വാസവോട്ടെടുപ്പിന് മുമ്പായി മെമ്പർമാരെ വിമാനത്തിൽ കൊണ്ടുപോയി 40 ദിവസം വിവിധയിടങ്ങളിൽ താമസിപ്പിച്ചത്. വിശ്വാസവോട്ട് നടക്കുന്ന ദിവസം വിമാനത്തിൽ തിരിച്ചെത്തിച്ച് മെമ്പർമാരെ പഞ്ചായത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതംഗ സംഘത്തെയാണ് കുതിരക്കച്ചവടം ഭയന്ന് സ്ഥലത്തുനിന്ന് മാറ്റിയത്. സ്ഥലത്തെ പ്രമുഖനും ക്ഷേത്ര കമ്മിറ്റി അധ്യക്ഷനുമായ സന്തോഷ് ഭട്ട് എന്നയാളാണ് 40 ദിവസത്തെ ചിലവ് മുഴുവൻ വഹിച്ചത്.
2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തിയത് സന്തോഷ് ഭട്ടായിരുന്നു. ആകെയുള്ള 13 സീറ്റിൽ ഒമ്പതും ഭട്ടിന്‍റെ ആളുകൾ ജയിച്ചു. മാലതേഷ് നയാർ എന്നയാളെ പ്രസിഡന്‍റുമാക്കി. 15 മാസത്തിന് ശേഷം രാജിവെച്ച് മറ്റുള്ളവർക്ക് അവസരം നൽകാമെന്നായിരുന്നു പ്രസിഡന്‍റാക്കുമ്പോൾ ധാരണ. എന്നാൽ, രാജിവെക്കാൻ മാലതേഷ് തയാറായില്ല.
കൂട്ടത്തിലെ ഒരാൾ മാലതേഷിനെ പിന്തുണച്ചതോടെ ഭട്ടിന്‍റെ ആളുകൾ ഏഴായി കുറഞ്ഞു. രണ്ട് ബി.ജെ.പി മെമ്പർമാർ പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിഡന്‍റിനെ പുറത്താക്കാനായി ഭട്ടിന്‍റെ ആൾക്കാർ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാൽ, കുതിരക്കച്ചവടത്തിലൂടെ മെമ്പർമാരെ പിടിക്കാൻ ശ്രമം നടന്നു. ഇത് തടയാൻ ഭട്ട് സ്വന്തം ചെലവിൽ തന്നോടൊപ്പമുള്ള മെമ്പർമാരെ റിസോർട്ടുകളിൽ താമസിപ്പിക്കുകയായിരുന്നു.
40 ദിവസമാണ് മെമ്പർമാരെ പലയിടങ്ങളിലായി താമസിപ്പിച്ചത്. 10 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചത്രെ. ധർമസ്ഥല, സുബ്രഹ്മണ്യ, മൈസൂരു തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലാണ് മെമ്പർമാരെ താമസിപ്പിച്ചത്. ആദ്യമായി വിമാനത്തിൽ കയറുകയും റിസോർട്ടുകളിൽ താമസിക്കുകയുമായിരുന്നു മെമ്പർമാർ. ഇവർ ഏറെ ഹാപ്പിയാണെന്ന് ഭട്ട് പറയുന്നു.
ബംഗളൂരുവിൽ നിന്ന് ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള ഹുബ്ബള്ളി വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച മെമ്പർമാരെ കൊണ്ടുവന്നത്. ഇവിടെനിന്ന് നേരെ പഞ്ചായത്തിലെത്തിച്ച് അവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു. അവിശ്വാസം പാസായതായും പുതിയ പ്രസിഡന്‍റിനെ ഉടൻ തിരഞ്ഞെടുക്കുമെന്നും ഭട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.