ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാറിെൻറ വകുപ്പ് വിഭജനം പൂർത്തിയായെങ്കിലും മന്ത്രിമാർ ആരൊക്കെയാകുമെന്നതിനെ സംബന്ധിച്ച് തീരുമാനമായില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിെൻറ കാരണങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും മന്ത്രിമാരെ സംബന്ധിച്ച ചർച്ചകൾ നടന്നു. സർദാർ വല്ലഭ്ഭായ് ഭവനിൽ ചേർന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, ദിനേഷ് ഗുണ്ട റാവു, എസ്.ആർ. പാട്ടീൽ, ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
രണ്ടുതവണ മന്ത്രിമാരായ കോൺഗ്രസ് എം.എൽ.എമാരെ മാറ്റി മറ്റുള്ളവർക്ക് അവസരം നൽകണമെന്ന നിർദേശവും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. അത്തരം നിർദേശങ്ങൾ ഉയർന്നിരുന്നുവെന്നും എന്നാൽ, ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഹൈകമാൻഡ് ആണ് എടുക്കുകയെന്നുമാണ് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പ്രതികരിച്ചത്. എല്ലാ മണ്ഡലങ്ങളിലെയും കോൺഗ്രസിെൻറ പ്രകടനം വിലയിരുത്തിയെന്നും സഖ്യസർക്കാറിൽ കോൺഗ്രസിൽനിന്നുള്ള ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള പേരുകളും യോഗത്തിൽ ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹൈകമാൻഡുമായി ചർച്ച നടത്തും. ഇതിനായി ശനിയാഴ്ച അദ്ദേഹം ഡൽഹിക്ക് പോയി. മന്ത്രിമാരെ സംബന്ധിച്ചും ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ചും ചർച്ച നടത്തും. കുമാരസ്വാമിയെ അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ച നടപടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇക്കാര്യത്തിലുള്ള തെൻറ വിയോജിപ്പ് കെ.സി. വേണുഗോപാലിനെ അറിയിച്ചതായാണ് വിവരം. ജെ.ഡി.എസിെൻറ മന്ത്രിമാരുടെകാര്യത്തിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.