തിരുവനന്തപുരം: കേരളത്തിനും പാർട്ടിക്കുമെതിരെ സംഘ്പരിവാർ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുള്ള ശക്തമായ നീക്കത്തിന് സി.പി.എം. വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇൗ വിഷയം ഉയർത്തി പ്രചാരണപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.
ഇതുസംബന്ധിച്ച കാര്യങ്ങൾ വെള്ളിയാഴ്ച കോഴിക്കോട് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ചർച്ചചെയ്യും. വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ വിലയിരുത്തൽ, പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട നയരേഖ സംബന്ധിച്ച പോളിറ്റ് ബ്യൂറോയിലെ ചർച്ചകൾ, കോൺഗ്രസുമായി ദേശീയതലത്തിലുള്ള ബന്ധം സംബന്ധിച്ച പി.ബി നിലപാട് എന്നിവയൊക്കെ ചർച്ച ചെയ്യപ്പെടുമെങ്കിലും ബി.ജെ.പി, സംഘ്പരിവാർ നേതാക്കന്മാരുടെ കേരളത്തിനെതിരായ നുണപ്രചാരണം തന്നെയാകും യോഗത്തിലെ മുഖ്യവിഷയം.
ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കേരളത്തിനെതിരെയും സി.പി.എമ്മിനെതിരെയും നടത്തിയ പരാമർശങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സാധിച്ചുവെന്നാണ് സി.പി.എമ്മിെൻറ വിലയിരുത്തൽ, കേരളത്തെ ജിഹാദി, ചുവപ്പ് ഭീകരതയുടെ നാടാക്കി രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കാൻ സംഘ്പരിവാർ ശക്തികളുടെ ശ്രമമെന്നാണ് സി.പി.എമ്മിെൻറ വിലയിരുത്തൽ. ദേശീയതലത്തിൽ തന്നെ സംഘ്പരിവാർ ശക്തികളുടെ നടപടിക്കെതിരെ സി.പി.എം പ്രചാരണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിൽ ശക്തമായി തന്നെ കാമ്പയിൻ നടത്താനാണ് സി.പി.എം ഉദ്ദേശിക്കുന്നത്.
പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഇൗമാസം 15ന് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കും തുടർന്ന് ലോക്കൽ മുതൽ മുകളിലേക്കുള്ള സമ്മേളനങ്ങളിലെല്ലാം ബി.ജെ.പി, സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ ചിത്രപ്രദർശനങ്ങളും പൊതുസമ്മേളനങ്ങളും സാംസ്കാരിക കൂട്ടായ്മയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ബി.ജെ.പി, സംഘ്പരിവാർ ശക്തികളുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയതിലൂടെ തങ്ങളെ സംരക്ഷിക്കുന്ന ഒരു സർക്കാറാണ് കേരളത്തിലുള്ളതെന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ തോന്നലുളവാക്കിയെന്നും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ തങ്ങൾക്കനുകൂലമായ നിലപാടാണ് ഇൗ വിഷയത്തിൽ കൈക്കൊണ്ടതെന്നുമുള്ള വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയതലത്തിൽ നരേന്ദ്രമോദിയെ പ്രതിരോധിക്കാൻ ശക്തനായ നേതാവായി ഇൗ വിഷയത്തിലൂടെ വളർന്നുവെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പേയാട് ചേർന്ന പൊതുയോഗത്തിൽ പിണറായി നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനോടകം ചർച്ചയായിട്ടുണ്ട്. കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ ഇൗമാസം മൂന്ന് മുതൽ ആരംഭിക്കാനിരുന്ന എൽ.ഡി.എഫിെൻറ രണ്ടു വാഹന പ്രചാരണ ജാഥകൾ വേങ്ങര തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തന്നെ നടത്താനാണ് മുന്നണിയുടെ നീക്കം. ഇൗ യാത്രകളിലും സംഘ്പരിവാർ ശക്തികൾക്കെതിരായ പ്രചാരണം തന്നെ മുഖ്യവിഷയമാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.