രേവന്ത് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാനയിലെ കാളേശ്വരം ജലസേചന പദ്ധതിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ. കാളേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാക്കളെ ലക്ഷ്യമിട്ട് രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശം.
വരൾച്ചാസമാന സാഹചര്യം തുടരുകയും കൃഷിക്ക് ആവശ്യമായ ജലം ലഭിക്കാതിരിക്കുകയും ചെയ്താൽ കർഷകർ എന്തുചെയ്യുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ബി.ആർ.എസ് നേതാക്കളുടെ ‘രക്തവും അഹങ്കാരവും കൊഴുപ്പും വിളകൾക്ക് ഉപയോഗിക്കാം’ എന്നും ‘ബെൽറ്റ് ഉപയോഗിച്ച് മറുപടി നൽകണ’മെന്നുമുള്ള രൂക്ഷ ഭാഷയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി.
‘അവരോട് (ബി.ആർ.എസ് നേതാക്കളായ കെ.ടി.ആറും ഹരീഷ് റാവുവും) കാളേശ്വരത്ത് പോയി ഒരു കല്ല് കെട്ടി വെള്ളത്തിൽ ചാടാൻ പറയൂ. നമ്മുടെ ശനി (ദൗർഭാഗ്യം) പോകും. അവർ പാപങ്ങൾ ചെയ്തു. ജനങ്ങളോട് കള്ളം പറഞ്ഞ് ചുറ്റിത്തിരിയുന്നു. ഇത് നിർഭാഗ്യകരമാണ്. കെ.സി.ആറും ഹരീഷ് റാവുവും നാണമില്ലാത്തവരാണ്. നിങ്ങൾ അവരെ (ബി.ആർ.എസ് നേതാക്കളെ) വെട്ടി അവരുടെ രക്തം കൃഷിയിടങ്ങളിൽ ഒഴുക്കിയാൽ വിളകൾ കൃഷി ചെയ്യാൻ കഴിയും. അവരുടെ അഹങ്കാരവും കൊഴുപ്പും വിളകൾക്ക് വളമാകും. അവർ വളരെ മിടുക്കരാണ്. അവർക്ക് ബെൽറ്റിന് മറുപടി നൽകണം. നിങ്ങൾക്ക് വേണമെങ്കിൽ അവരെ പോയി കാണാം. അല്ലെങ്കിൽ വിദഗ്ധരെ അയക്കാം. ചെലവുകൾ ഞങ്ങൾ വഹിക്കാം’ -രേവന്ത് റെഡ്ഡി മറുപടി നൽകി.
കാളേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷമായ ബി.ആർ.എസ്, സർക്കാറിനെ നിരന്തരം വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ആർ.എസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ ജലസേചന മന്ത്രി ടി. ഹരീഷ് റാവു മുഖ്യമന്ത്രിയുടെ ഭാഷ ഒരു ഭരണാധികാരിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞു. ‘കർഷകർ ആവശ്യപ്പെടുന്നത് വെള്ളമാണ്, രക്തമല്ല. വെള്ളം ചോദിക്കുമ്പോൾ രക്തത്തെക്കുറിച്ച് സംസാരിക്കുന്നത് ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ല’ എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും ഹരീഷ് റാവു ആവശ്യപ്പെട്ടു.
ബി.ആർ.എസ് നേതാവായ കെ.ടി. രാമറാവുവും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ ‘രക്തദാഹിയായ രാക്ഷസൻ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. കാളേശ്വരം പദ്ധതിയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാനത്തിന്റെ ജലസുരക്ഷയെ പോലും അവഗണിക്കുകയാണെന്നും ബി.ആർ.എസ് നേതാക്കൾ കൂട്ടിച്ചേർത്തു.
കാളേശ്വരം പദ്ധതി ഏറെക്കാലമായി രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രമാണ്. പദ്ധതിയിൽ അഴിമതിയും സാങ്കേതിക വീഴ്ചകളും ഉണ്ടായെന്ന ആരോപണം കോൺഗ്രസ് സർക്കാർ ഉന്നയിക്കുമ്പോൾ, പദ്ധതി തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ബി.ആർ.എസ് നിലപാട്. ഈ പശ്ചാത്തലത്തിലാണ് പുതിയ വാക്പോരും.
മുഖ്യമന്ത്രിയുടെ പരാമർശം സാമൂഹിക മാധ്യമങ്ങളിലും വ്യാപക ചർച്ചക്ക് വഴിവെച്ചു. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള ഭാഷ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടു. എന്നാൽ, കാളേശ്വരം പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നുകാട്ടാനാണ് മുഖ്യമന്ത്രി ശക്തമായ ഭാഷ ഉപയോഗിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.