കോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണമാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടത് ബി.ജെ.പിയും കോൺഗ്രസും. കാവേരി നദീജലം പങ്കിട്ടുനൽകുന്നതിന് ആറാഴ്ചക്കുള്ളിൽ കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന് ഫെബ്രുവരി 16നാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്. നാല് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി പ്രാഥമികചർച്ച നടത്തിയ കേന്ദ്രം പിന്നീട് നടപടികളൊന്നും സ്വീകരിച്ചില്ല. േബാർഡ് രൂപവത്കരണ പ്രഖ്യാപനമുണ്ടാവുമെന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി സൗഹൃദം പുലർത്തുന്ന അണ്ണ ഡി.എം.കെയും പ്രതീക്ഷിച്ചത്. ഇതേ ആവശ്യമുന്നയിച്ച് പാർലമെൻറിെൻറ ഇരുസഭകളിലും അണ്ണാ ഡി.എം.കെ അംഗങ്ങൾ നടത്തിയ ബഹളം മൂലം നടപടികൾ സ്തംഭിച്ചു.
എന്നാൽ, തെലുങ്കുദേശം ഉൾപ്പെടെയുള്ള കക്ഷികൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ, പാർലമെൻറ് നടപടികൾ സ്തംഭിപ്പിച്ചത് ബി.ജെ.പിയുമായുള്ള ഒത്തുകളിയാണെന്ന പേരുദോഷമാണ് അണ്ണാ ഡി.എം.കെക്കുണ്ടായത്. ഇതിനെ മറികടക്കാൻ തമിഴ്നാട് സർക്കാർ കോടതിയലക്ഷ്യത്തിന് ഹരജി ഫയൽ ചെയ്തിരിക്കയാണ്. അതോടൊപ്പം ഏപ്രിൽ മൂന്നിന് ഉപവാസം സംഘടിപ്പിക്കാനും അണ്ണാ ഡി.എം.കെ ആഹ്വാനം ചെയ്തു. വ്യാപാരി-കർഷക സംഘടനകൾ ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബോർഡ് രൂപവത്കരണത്തിന് ധൃതിപിടിക്കേണ്ടതില്ലെന്ന് കേന്ദ്ര ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇൗ സാഹചര്യത്തിലാണ് ബോർഡ് രൂപവത്കരണത്തിന് മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ട് കേന്ദ്രം കോടതിയിൽ ഹരജി നൽകിയത്. ബോർഡ് രൂപവത്കരിക്കരുതെന്ന കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ നിലപാടാണ് തമിഴക കോൺഗ്രസിനെ വെട്ടിലാക്കിയത്. എന്നാലും ഡി.എം.കെയുടെ സഖ്യകക്ഷിയെന്ന നിലയിൽ സമരത്തിൽ തമിഴക കോൺഗ്രസ് യോജിച്ച നിലപാടാണ് സ്വീകരിക്കുന്നത്. ഏപ്രിൽ അഞ്ചിന് ഹർത്താൽ നടത്താൻ ഞായറാഴ്ച ഡി.എം.കെ വിളിച്ച സർവകക്ഷിയോഗത്തിൽ തീരുമാനമായി.
ഏപ്രിൽ 11ന് ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിെങ്കാടി കാണിക്കാനും ഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്. കണിക പരിശോധന, ഹൈഡ്രോ കാർബൺ, സ്റ്റെർലൈറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും കേന്ദ്ര വിരുദ്ധ സമരം ശക്തമാണ്. കാവേരി വിഷയത്തിൽ തമിഴക ബി.ജെ.പി മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.