സി.എ.എ: കോൺഗ്രസ് മറുപടി പറയുമോ?; ചോദ്യ ശരങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തു കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.സി.സി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്? ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്?.

ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടർന്ന 2019 ഡിസംബറിൽ രാഹുൽ ഗാന്ധി എവിടെയായിരുന്നു? ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാർലമെന്റിൽ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്?

പൗരത്വ ഭേദഗതി വിഷയത്തിൽ ബി.ജെ.പി സർക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സ് എന്തുകൊണ്ട് മുൻകൈയെടുത്തില്ല? കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നും കോൺഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ?

യോജിച്ച സമരങ്ങളിൽ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു? ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാർ ക്രിമിനലുകൾ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തിൽ കോൺഗ്രസ്സ് മൗനത്തിലായിരുന്നില്ലേ?

എൻ.ഐ.എ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചായിരുന്നില്ലേ? ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോകസഭയിൽ കേരളത്തിൽനിന്നും വോട്ടു ചെയ്തത് സി.പി.എം എം.പി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - CAA: Will the Congress reply?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.