അയ്യന്‍ കാളിയുടെ വഴിയിൽ അമിത് ഷാ നടക്കാനിറങ്ങുമ്പോള്‍

ജാതികള്‍ രണ്ടേ രണ്ട്, ആണ്‍ ജാതിയും പെണ്‍ ജാതിയും ,അതിനപ്പുറമുള്ളതൊക്കെ സ്ഥാപിത താല്‍പ്പര്യക്കാരുടെ കാപട്യമെന്ന് പറഞ്ഞ നാരായണ ഗുരുവിനെ മുന്നില്‍ നിര്‍ത്തി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നാണ്. വൈക്കത്തപ്പനെ അലക്കുകല്ല് ആക്കാന്‍ കൊള്ളാം അതിനപ്പുറം ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞത് പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. ശബരിമലയില്‍ തീപിടിച്ചപ്പോള്‍ ''നന്നായി ഒരെണ്ണം കത്തിയപ്പോള്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞല്ലോ '' എന്ന് പറഞ്ഞത് സി. കേശവന്‍ ആയിരുന്നു. 

എലിയും പല്ലിയും വവ്വാലും കൂടുകൂട്ടിയിരിക്കുന്ന അമ്പലങ്ങളില്‍ കയറുകയല്ല എന്‍റെ ജനതയ്ക്ക് വേണ്ടത് മറിച്ച് ജോലിക്ക് കൂലിയും, താമസിക്കാന്‍ ഭൂമിയും പഠിക്കാന്‍ സ്കൂളും ആണെന്ന് പറഞ്ഞത് സാക്ഷാല്‍ അയ്യന്‍ കാളിയായിരുന്നു. ബൈബിള്‍ കത്തിച്ച പൊയ്കയില്‍ അപ്പച്ചനും,''അച്ഛന്‍റെ വെന്തീങ്ങ ഇന്നാ പിടിച്ചോ'' എന്ന് പറഞ്ഞ ടീ.കേ.സി വടുതലയും നില്‍ക്കുന്നത് അയ്യന്‍ കാളിയും അയ്യപ്പനും നാരായണ ഗുരുവും ഉറപ്പിച്ച തറകളില്‍ തന്നെയാണ്. ഹിന്ദു ചൂത്തരന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ''ഞാന്‍ തുണിയുടുത്താല്‍ നിനക്കെന്തെടാ ചൂത്തരാ ''എന്ന് പറഞ്ഞ ചാന്നാര്‍ അമ്മമാരും നികുതി പിരിക്കാന്‍ വന്നവന് മുലയറുത്ത് കൊടുത്ത നങ്ങേലിയമ്മൂമ്മയും കാണിച്ചുതന്നത് അയിത്തവും അസ്പ്രശ്യതയും ബ്രാഹ്മണ മേധാവിത്വവും തുലയട്ടെ എന്നായിരുന്നു .

ചാരായവും കള്ളും മീനും മാംസവും യഥേഷ്ടം തിന്നിരുന്ന ഈ നാട്ടിലെ ദൈവങ്ങളേ ,ആണിനേയും പെണ്ണിനേയും ജാതീം മതോം നോക്കി വേര്‍തിരിക്കാത്ത ഈ മണ്ണിലെ ദൈവങ്ങളെ ബ്രാഹ്മണ ദൈവങ്ങള്‍ കയ്യടക്കി .ആന്തരീകമായി ഈ നാട്ടിലെ ജനങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് ബ്രാഹ്മണവല്‍ക്കരണം കേരളത്തിലെ സാമൂഹ്യ ജീവിതത്തെ പാകപ്പെടുത്തിയത്. ക്ഷേത്ര സങ്കേതത്തിനും പുറമേ മാത്രം നില്ക്കാന്‍ യോഗ്യതയുള്ളവര്‍, സാങ്കേതത്തില്‍ നില്‍ക്കാന്‍ യോഗ്യതയുള്ളവര്‍, അമ്പലമതിലിനകത്ത് മാത്രം കടക്കാന്‍ കഴിയുന്നവര്‍, അമ്പലത്തിനകത്ത് കടക്കാന്‍ കഴിയുന്നവര്‍, ശ്രീകോവിലില്‍ കടക്കാന്‍ കഴിയുന്നവര്‍ എന്നിങ്ങനെ സമൂഹത്തെ വെട്ടിയും കുത്തിയും മുറിച്ചു മാറ്റിയ പാരമ്പര്യമാണ് മലയാള ബ്രാഹ്മണ്യത്തിന്. 

സ്വാതന്ത്ര്യത്തിന്‍റെ സ്ഥാനത്ത് അസ്വാതന്ത്ര്യവും, തുല്യതയുടെ സ്ഥാനത്ത്, ഉച്ചനീചത്വവും, അഭിമാനത്തിന്‍റെ സ്ഥാനത്ത് അപമാനവും ആണ് ബ്രാഹ്മണ്യം ജനങ്ങള്‍ക്ക്‌ നല്‍കിയത്. ചൂത്തരനും ബ്രാഹ്മണനും വെച്ചനുഭവിച്ച പൊതുവിടങ്ങള്‍ അവര്‍ണ്ണ അഹിന്ദു ജനതകള്‍ നേടിയത് ഒപ്പം നിന്നെതിര്‍ത്ത് തന്നെയായിരുന്നു. അല്ലാതെ ഒരുത്തനും വെള്ളിത്തളികയില്‍ വെച്ചു തന്നതൊന്നുമല്ല. റോഡും സ്കൂളും ചന്തയും കോടതിയും വള്ളവും ബസും ഒക്കെ അവര്‍ണ്ണ അഹിന്ദുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് സവര്‍ണ്ണരോട് നേര്‍ക്ക് നേരെ നിന്ന് പിടിച്ച് വാങ്ങിയിട്ട് തന്നെയാണ്. അല്ലാതെ ഓ തമ്പ്രാ ഒന്ന് അടിയന് തരുവോന്ന് കെഞ്ചിയിട്ടൊന്നും അല്ല.

അയ്യന്‍ കാളിയും അയ്യപ്പനും കാട്ടിതന്ന വഴികളി ലൂടെ നടന്നാണ് ദലിതര്‍ ഇന്നത്തെ കേരളത്തില്‍ എത്തിയത്. ആ മഹാന്മാര്‍ നടന്ന വഴികളിലൂടെ യാണ്‌ അയിത്തവും അസ്പ്രശ്യതയും വര്‍ഗീയതയും വമിപ്പിച്ചുകൊണ്ട് ചിലര്‍ ജാഥ നടത്തുന്നത്. ഓര്‍ത്തോളൂ ആ മഹാരഥന്മാരുടെ ഓര്‍മ്മകള്‍ ഈ മണ്ണില്‍ നിലനില്‍ക്കുന്നിടത്തോളം ബ്രാഹ്മണ കാപട്യങ്ങളെ മലയാളി സ്വീകരിക്കില്ല. ബ്രാഹ്മണ്യത്തിന് ദാസ്യപ്പണി ചെയ്യാന്‍ മുട്ടി നില്‍ക്കുന്നവര്‍ ഹൈന്ദവ ശൂദ്രത്വം തലയില്‍ ചുമന്നോണം. അതിന് വേറെ ആളുകളെ കിട്ടും എന്ന് കരുതി കാവിയും ശൂലവും എടുത്തണിയേണ്ട. ക്ഷേത്ര പ്രവേശന വിളംബരം വരുന്നതിനു മുന്‍പേ ചൂത്തരഭാരവുമായി ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞവര്‍ 2017 ലും അത് ചുമന്നോണം. സ്വയം ശൂദ്രന്‍ ആണെന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്നവര്‍ നിഷ്കളങ്കര്‍ അവര്‍ക്ക് സ്വര്‍ഗ രാജ്യത്തില്‍ ഇടമുണ്ടാകും.

ഒരാള്‍കൂട്ടത്തില്‍ പോയി ബ്രാഹ്മണര്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ ആളുകള്‍ സന്തോഷത്തോടെ കൈ പൊക്കും. അടുത്തത് ശൂദ്രന്മാര്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ എത്രപേര്‍ ആത്മാഭിമാനത്തോടെ കൈ പൊക്കും. ഒരാളും ഉണ്ടാവില്ല. ഇതെന്ത് മതമാണ്‌ ഒരു കൂട്ടര്‍ക്ക് അഭിമാനവും മറ്റൊരു കൂട്ടര്‍ക്ക് അപമാനവും. അപമാനവും സഹിച്ചു ഹിന്ദുത്വത്തില്‍ അഭിമാനം തോന്നണം എന്നൊക്കെ പറഞ്ഞാല്‍ പ്ലീസ് അമിത് ജി, ആദിത്യനാഥ്‌ ജി സ്വല്‍പ്പം ബുദ്ധിമുട്ടാകും. അതുകൊണ്ട് ജാഥ നടക്കട്ടെ, കൂടാരത്തില്‍ കുഴിക്കഞ്ഞി കുടിക്കാന്‍ ആളേ കിട്ടും എന്ന് കരുതുകയേ വേണ്ട.

Tags:    
News Summary - BJP National President Amit Shah walking to the Ayyankali Way -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.