തിരുവനന്തപുരം: സിനിമ നടന്മാരെ സ്ഥാനാർഥികളാക്കി തെരഞ്ഞെടുപ്പുകളിൽ നേട്ടംകൊയ്ത സി.പി.എം താരസംഘടനയായ ‘അമ്മ’യിലെ വിവാദത്തിൽ തങ്ങളുടെ ജനപ്രതിനിധികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിൽ. നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന നടനെ സംഘടനയിൽ തിരികെ എടുത്തതിനെതിരെ പൊതുസമൂഹത്തിൽനിന്ന് കടുത്ത പ്രതിഷേധം ഉയരുകയാണ്. എന്നാൽ, സി.പി.എം നേതൃത്വം തുടർച്ചയായ രണ്ടാംദിവസവും മൗനത്തിലാണ്.
അതേസമയം മുതിർന്ന പി.ബി അംഗം ബൃന്ദ കാരാട്ട് ശക്തമായ ഭാഷയിൽ രംഗത്തുവരികയും മന്ത്രിമാർ വിമർശം ഉന്നയിക്കുകയും ചെയ്തതോടെ വെള്ളിയാഴ്ചത്തെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയം ചർച്ചചെയ്തേക്കും. അമ്മയുടെ വൈസ് പ്രസിഡൻറ് മുകേഷും മുൻ പ്രസിഡൻറ് ഇന്നസെൻറും സി.പി.എം സ്ഥാനാർഥികളായാണ് വിജയിച്ചത്. മറ്റൊരു വൈസ് പ്രസിഡൻറ് കെ.ബി. ഗണേഷ്കുമാർ എൽ.ഡി.എഫ് സ്വതന്ത്രനായും. സംഭവത്തിൽ മുകേഷിെൻറയും ഗണേഷിെൻറയും നിലപാടുകൾ നേരത്തെ തന്നെ വിമർശനവിധേയമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മുകേഷിനെയും ഇന്നസെൻറിനെയും സ്ഥാനാർഥിയാക്കുന്നതിൽ നിർണായക നിലപാട് സ്വീകരിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ഇരുവർക്കുമുള്ള അടുത്തബന്ധം കാരണം വിവാദത്തിൽ പാർട്ടി കർശന നിലപാട് സ്വീകരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്ന ഉടൻ കേസിൽ ഗൂഢാലോചന ഇല്ലെന്നും ഉത്തരവാദി പ്രധാന പ്രതിയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചത് വിവാദമായിരുന്നു. പ്രതിയുടെ ഭാവനക്കനുസരിച്ച് നടത്തിയ ഒരു നടപടിയാണിതെന്ന വാദം പിന്നീട് മുഖ്യമന്ത്രിക്ക് വിഴുങ്ങേണ്ടിവന്നു.
പാർട്ടി ബന്ധുക്കളായ നടന്മാരുടെ നടപടി സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും ധാർമികതക്ക് കോട്ടംസൃഷ്ടിച്ചെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. വി.എസ്. അച്യുതാനന്ദനും എം.എ. ബേബിയും മാത്രമാണ് സി.പി.എമ്മിൽനിന്ന് ആദ്യദിവസം രംഗത്തുവന്നത്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, രാജിവെച്ച നടിമാർക്ക് പിന്തുണ നൽകിയപ്പോൾ സി.പി.എം പ്രതികരിച്ചില്ല. പൊതുസമൂഹം എതിരായതോടെ അതുവരെ മൗനംപാലിച്ച മന്ത്രിമാരും നേതാക്കളും വ്യാഴാഴ്ച വിമർശവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.