നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്

മധ്യപ്രദേശിൽ 90 എം.എൽ.എമാർ ക്രിമിനൽ കേസ് പ്രതികൾ; 34 പേർക്കെതിരെയുള്ളത് ഗുരുതര വകുപ്പുകൾ

ഭോപ്പാൽ: മധ്യപ്രദേശിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 230 എം.എൽ.എമാരിൽ 90 പേർ ക്രിമിനൽ കേസ് പ്രതികൾ. ഇതിൽ 34 പേർ കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യത്തിലേർപ്പെട്ടവരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന എൻ.ജി.ഒ ആണ് എം.എൽ.എമാർ പത്രിക സമർപ്പണ സമയത്ത് നൽകിയ സത്യപ്രസ്താവനകളെ ഉദ്ധരിച്ച് കണക്കുകൾ പുറത്തുവിട്ടത്.

ശിവപുരി ജില്ലയിലെ പിച്ചോർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബി.ജെ.പി എം.എൽ.എ പ്രീതം ലോധി കൊലപാതകക്കേസ് പ്രതിയാണ്. മറ്റ് അഞ്ച് എം.എൽ.എമാർ കൊലപാതകശ്രമക്കേസിലും പ്രതിയാണ്. എം.എൽ.എമാരിൽ മൂന്ന് പേർക്കെതിരെ സ്ത്രീകളെ ആക്രമിച്ചതിനുള്ള കേസുമുണ്ട്.

2018ൽ വിജയിച്ച എം.എൽ.എമാരിൽ 94 പേരായിരുന്നു ക്രിമിനൽ കേസ് പ്രതികൾ. 230 അംഗ സഭയുടെ 41 ശതമാനം വരുമായിരുന്നു ഇത്. ഇത്തവണ ഇത് 39 ശതമാനമായി കുറഞ്ഞു (90 പേർ). ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ട എം.എൽ.എമാരുടെ എണ്ണം 2018ൽ 48 ആയിരുന്നു. ഇത്തവണ 34 ആണ്. 

230ൽ 163 സീറ്റുകൾ സ്വന്തമാക്കിയാണ് ബി.ജെ.പി മധ്യപ്രദേശിൽ അധികാരം നിലനിർത്തിയത്. 2018ൽ 109 സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. കഴിഞ്ഞ തവണ 114 സീറ്റ് ലഭിച്ച കോൺഗ്രസ് ഇത്തവണ 66 സീറ്റിൽ ഒതുങ്ങി. പുതിയതായെത്തിയ ഭാരത് ആദിവാസി പാർട്ടി ഒരു സീറ്റ് നേടി.

163 ബി.ജെ.പി എം.എൽ.എമാരിൽ 51 പേർ ക്രിമിനൽ നടപടികൾ നേരിടുന്നവരാണ്. ഇതിൽ 16 പേർ ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കോൺഗ്രസിൽ ക്രിമിനൽ നടപടികൾ നേരിടുന്ന എം.എൽ.എമാർ 38 ആണ്. 17 പേരാണ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി. ഭാരത് ആദിവാസി പാർട്ടിയുടെ ഒരേയൊരു എം.എൽ.എയും കേസിൽ പ്രതിയാണ്.

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് തനിക്കെതിരെ രണ്ട് കേസുള്ളതായാണ് സത്യപ്രസ്താവനയിൽ വ്യക്തമാക്കിയത്. ഭോപ്പാലിലും ഇൻഡോറിലുമായി വ്യാജരേഖ ചമക്കൽ, വഞ്ചനാകേസ് എന്നിവയാണ് കമൽ നാഥിനുള്ളത്. രണ്ട് കേസിലും കോടതി കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നിലവിൽ കേസുകളൊന്നുമില്ല. 

Tags:    
News Summary - 90 newly-elected MLAs in Madhya Pradesh face criminal cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.