അതിര്‍ത്തി മണ്ഡലങ്ങളിലെ തമിഴ് വോട്ട് ബാങ്ക് ഏകീകരിക്കാന്‍ നീക്കം

ചെന്നൈ: ഇടുക്കി, പാലക്കാട്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളില്‍ തമിഴ് വോട്ടുകള്‍ ഏകോപിപ്പിച്ച് വോട്ട്ബാങ്ക് സൃഷ്ടിക്കുന്നതില്‍ മറ്റു തമിഴക കക്ഷികളെ അണ്ണാ ഡി.എം.കെ കടത്തിവെട്ടുന്നു. തമിഴ് വികാരവും മണ്ണിന്‍െറ മക്കള്‍ വാദവും പണവും ഭരണവും കൂട്ടിക്കുഴച്ചാണ് മൂന്നാര്‍ പോലുള്ള തോട്ടംമേഖലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിഗൂഢമായി നീക്കം നടക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ ഈ നീക്കങ്ങള്‍ ഏകദേശം വിജയിച്ചതിന്‍െറ ഫലമാണ് മത്സരിച്ച ഒമ്പത് സീറ്റുകളില്‍ ആറിലുമുള്ള വിജയം. പണമുള്‍പ്പെടെ വോട്ടര്‍മാര്‍ക്ക് നല്‍കിയ കാര്യം അന്ന് പുറത്തായിരുന്നു. ഈ വോട്ട് ബാങ്ക് നിലനിര്‍ത്താനായി ജയലളിതയുടെ 68ാം ജന്മദിനം പ്രമാണിച്ച് അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമായി സൗജന്യങ്ങള്‍ വിതരണം ചെയ്തിരുന്നു.

ഇടുക്കി, പാലക്കാട്, കൊല്ലം ജില്ലകളിലെ ഒമ്പത് പഞ്ചായത്തു വാര്‍ഡുകളിലാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇതില്‍ കൊല്ലത്തുമാത്രമാണ് പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റത്. ഇടുക്കിയിലെ ദേവികുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും മറയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും പീരുമേട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ മൂന്നും ഏഴും വാര്‍ഡുകളും എരുത്തുംപെട്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും പാര്‍ട്ടിക്ക് വിജയിക്കാനായി. അണ്ണാ ഡി.എം.കെ ജയിച്ച സീറ്റുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വോട്ട് ശതമാനത്തില്‍ വളരെ പിന്നിലുമായി. തമിഴ് വോട്ട് ബാങ്ക് ഏകീകരിക്കാനുള്ള ശ്രമത്തില്‍ ഡി.എം.കെക്കോ മറ്റു തമിഴ് കക്ഷികള്‍ക്കോ അണ്ണാ ഡി.എം.കെയുടെ അടുത്തെങ്ങുമത്തൊന്‍ കഴിഞ്ഞിട്ടില്ല.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണ്ണാ ഡി.എം.കെ കേരളാ സംസ്ഥാന കമ്മിറ്റി അഴിച്ചുപണിത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിത പുതിയ സെക്രട്ടറിയെ നിയമിച്ചു. സംസ്ഥാന ട്രഷററായിരുന്ന എ.എല്‍. പ്രദീപാണ് പുതിയ സംസ്ഥാന സെക്രട്ടറി. സെക്രട്ടറിയായിരുന്ന ശ്രീനിവാസ വേണുഗോപാലിനെ സംസ്ഥാന ട്രഷററായി മാറ്റി നിയമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.