സര്‍ക്കാറിനും എല്‍.ഡി.എഫിനും തലവേദനയായി മുഖ്യ നിയമോപദേശകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേശകന്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും തലവേദനയാവുന്നു. സംസ്ഥാനത്തും സി.പി.എം രാഷ്ട്രീയത്തിലും ഏറെ നാളായി നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളിലാണ് പ്രത്യക്ഷത്തിലും അല്ലാതെയും അദ്ദേഹം കടന്നുവരുന്നത്. കഴിഞ്ഞദിവസം എം.കെ. ദാമോദരനെ ഉള്‍പ്പെടെ പ്രതിയാക്കിയുള്ള ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍, അന്യസംസ്ഥാന ലോട്ടറി മാഫിയ നേതാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ തിങ്കളാഴ്ച ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായി തുടര്‍വിവാദം ഉയര്‍ത്തുകയും ചെയ്തു.
യു.ഡി.എഫ് സര്‍ക്കാറിനെതിരെ സി.പി.എമ്മിനും എല്‍.ഡി.എഫിനും രാഷ്ട്രീയനേട്ടം ഉണ്ടാക്കിയ വിഷയങ്ങളാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസും അന്യസംസ്ഥാന ലോട്ടറി തട്ടിപ്പും. എന്നാല്‍, ഈ രണ്ടുവിഷയങ്ങളിലും വി.എസും പാര്‍ട്ടിയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയിലും എത്തിയിട്ടുണ്ട്. ഇ.കെ. നായനാര്‍ സര്‍ക്കാറിന്‍െറ കാലത്ത്  എ.ജി ആയിരുന്ന എം.കെ. ദാമോദരനെതിരെ  ഐസ്ക്രീം കേസില്‍ അന്നേ വി.എസ് സി.പി.എമ്മിനുള്ളില്‍ ആരോപണം ഉന്നയിച്ചിരുന്നു.
കേസന്വേഷണം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി.എസ് നല്‍കിയ ഹരജിയില്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ നിലപാട്. ഇത്  ഇടതുസര്‍ക്കാറും തുടര്‍ന്നതില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ ഇതിനെതിരെ പരസ്യമായിത്തന്നെ രംഗത്തുവന്നുകഴിഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകുന്നതിനുപകരം യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഹാജരായിരുന്ന അഭിഭാഷകനത്തെന്നെ ഹാജരാക്കിയത് സര്‍ക്കാറിന്‍െറ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. മാത്രമല്ല, അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവ് ഹാജരായത് സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് കടുത്ത തിരിച്ചടിയുമായിട്ടുണ്ട്.
സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അഴിമതി മുഖ്യവിഷയമാക്കി അധികാരത്തിലേറിയ സര്‍ക്കാറിനെ പൊതുസമൂഹത്തില്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് രണ്ട് സംഭവങ്ങളുമെന്ന അഭിപ്രായം സി.പി.എം അണികള്‍ക്കുണ്ട്. സര്‍ക്കാര്‍ സര്‍വിസിലെ ഉദ്യോഗസ്ഥഅഴിമതിക്കെതിരെ, ഭരണത്തിലേറിയതുമുതല്‍ കര്‍ശനനിര്‍ദേശവും നിബന്ധനകളുമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടാകുന്നത്. അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എം.കെ. ദാമോദരന്‍. അദ്ദേഹത്തിന്‍െറ നടപടികളും അതിനുവേണ്ടി സര്‍ക്കാര്‍ എടുക്കുന്ന അനുകൂല നിലപാടുകളും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോട് അടുപ്പം പുലര്‍ത്തിയവരെ പോലും അകറ്റുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.