കേരള കോണ്‍ഗ്രസില്‍ യു.ഡി.എഫ് വിരുദ്ധ വികാരം ശക്തം; മുന്നണി വിടാനും സമ്മര്‍ദം

കോട്ടയം: ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിയുടെ ആരോപണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളിയെങ്കിലും യു.ഡി.എഫ് വിരുദ്ധ വികാരം കേരള കോണ്‍ഗ്രസില്‍ ശക്തമാവുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിച്ച് യു.ഡി.എഫ് വിടുന്ന കാര്യം ചര്‍ച്ചചെയ്യണമെന്ന് മാണിയുടെ ഏറ്റവും വിശ്വസ്തരായ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, ബാര്‍കോഴക്കേസ് വീണ്ടും അന്വേഷിക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ തീരുമാനമാണ് തിടുക്കത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധവികാരത്തിന് പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പുനരന്വേഷണം തിരിച്ചടിയാവുമെന്ന് ആശങ്കപ്പെടുന്ന മാണി ഏതുവിധേനയും അത് അട്ടിമറിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ബാര്‍കോഴ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമര്‍ശിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തണമെന്നാണ് ചില നേതാക്കള്‍ മാണിയോട് ആവശ്യപ്പെടുന്നത്.  ദേശീയ, സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ ഇനിയും അവരെ ആശ്രയിച്ചു മുന്നോട്ടുപോകുന്നതിലുള്ള അതൃപ്തിയും പ്രമുഖനേതാക്കള്‍ മറച്ചുവെക്കുന്നില്ല. യു.ഡി.എഫ് വിട്ട് തല്‍ക്കാലം നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശിനും കെ. ബാബുവിനും എതിരെയാണ് കേരള കോണ്‍ഗ്രസ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യു.ഡി.എഫില്‍ തളച്ചിടാനും ബാര്‍കോഴ ആരോപണം കെട്ടിച്ചമച്ചുവെന്നാണ് മാണിയുടെ ആരോപണം. പാര്‍ട്ടി നേതാക്കളും യുവജന-വിദ്യാര്‍ഥി സംഘടനകളും കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തുവന്നതും കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കിയതും മാണിയുടെ അറിവോടെയായിരുന്നു. തനിക്കെതിരായ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനും മാണി ശ്രമിക്കുന്നുണ്ട്. ഇക്കാര്യം അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാനും നീക്കമുണ്ട്.

താന്‍ ഇടതുമുന്നണിയില്‍ ചേരുമെന്ന സൂചന പുറത്തുവന്നതോടെയാണ് ബാര്‍കോഴ ആരോപണം ഉയര്‍ന്നതെന്ന് മാണി ചാനല്‍ അഭിമുഖത്തില്‍ പരസ്യമാക്കിയിട്ടും രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്‍.ഡി.എയുമായി കുടുതല്‍ അടുക്കുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. മകനും എം.പിയുമായ ജോസ് കെ.മാണിക്ക് കേന്ദ്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചാല്‍ മാണി എന്‍.ഡി.എയുമായി അടുക്കുമെന്നാണു സൂചന. എന്നാല്‍, പുതിയ സംഭവവികാസങ്ങളോടു പി.ജെ. ജോസഫ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ല. മാണി മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ കൂടെ രാജിവെക്കാന്‍ വിസമ്മതിച്ച ജോസഫ് ഇക്കുറിയും മാണിക്കൊപ്പം ഉണ്ടാകില്ളെന്നാണ് ജോസഫ് പക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫ് വിട്ടാല്‍ ഒപ്പം ഉണ്ടാകില്ളെന്ന് ജോസഫ് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞതായും അവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.