യാത്രകള്‍ അവസാനിച്ചു, ഇനി അരങ്ങിലെ കളികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തെ ഇളക്കിമറിക്കാനിറങ്ങിയ രാഷ്ട്രീയ യാത്രകള്‍ക്ക് അവസാനമായി. ഇനി ഭരണത്തിലോ ഭരണപങ്കാളിത്തത്തിലോ എത്താനുള്ള കരുനീക്കങ്ങളുടെ ദിനങ്ങള്‍. ജീവല്‍പ്രശ്നങ്ങളില്‍ കാര്യമായി സ്പര്‍ശിക്കാതെ, അവരവരുടെ ആഭ്യന്തരപ്രശ്നങ്ങള്‍ മറികടക്കാനും അധികാരത്തിലേറാനുള്ള കൗശലങ്ങളിലുമായിരുന്നു കക്ഷികളെല്ലാം കേന്ദ്രീകരിച്ചത്. സംഘടനാശേഷിയുടെ ബലത്തില്‍ ആളെക്കൂട്ടാനായെങ്കിലും പുറത്തെ ജനമറിയാതെയാണ് എല്ലാ യാത്രകളും തലസ്ഥാത്തത്തെിയത്. വന്‍ പദ്ധതികളടക്കമുള്ള വികസന വിഷയങ്ങളില്‍ എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് പൊതുവെ നേതാക്കളില്‍നിന്നുയര്‍ന്നത്.
ഏപ്രില്‍ അവസാനത്തോടെ തെരഞ്ഞെടുപ്പാവാമെന്ന നിലപാടിലാണ് പാര്‍ട്ടികള്‍. ഇതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കേണ്ടിവരും. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറയും യാത്രകളാണ് ഒരേ വേഗത്തില്‍  സഞ്ചരിച്ചത്. കാനം രാജേന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരന്‍, എ.പി. അബ്ദുല്‍ വഹാബ്, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യാത്രകള്‍ അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ പതുക്കെയും ശേഷിച്ചയിടങ്ങളില്‍ ‘ഹൈസ്പീഡി’ലും സഞ്ചരിച്ച് യാത്ര പൂര്‍ത്തിയാക്കി.
യാത്രകള്‍ തുടങ്ങുമ്പോഴുള്ള രാഷ്ട്രീയാവസ്ഥയല്ല, സംസ്ഥാനത്താകെയും പാര്‍ട്ടികള്‍ക്കുള്ളിലും. ബാര്‍ കോഴയുടെ  മൂര്‍ധന്യത്തിലാണ് സുധീരന്‍ യാത്ര തുടങ്ങുന്നത്. മാണിയുടെ രാജിയോടെ അവസാനിച്ച മട്ടിലുമായിരുന്നു. എന്നാല്‍ മന്ത്രി ബാബുവിനെതിരെ കോടതി പരാമര്‍ശം വരുകയും സുധീരനടക്കമുള്ളവര്‍ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരെയും കോടതി പരാമര്‍ശം വന്നതോടെ സ്ഥിതിമാറി. ബാബു രാജി പിന്‍വലിക്കുകയും ചെയ്തു. പിന്നീടാണ് സരിതയുടെ വെളിപ്പെടുത്തലുകള്‍ വരുന്നത്. ബാറില്‍ മന്ത്രിമാരായ ചെന്നിത്തലക്കും ശിവകുമാറിനുമെതിരെയും ആരോപണങ്ങളുയര്‍ന്നു. ഏറ്റവുമൊടുവില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ കേസ് പിന്‍വലിക്കാനാവില്ളെന്നും വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നു. അതിനുപുറമെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കും. കേന്ദ്രത്തില്‍നിന്ന് ഗുലാം നബി ആസാദ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയുടെ നിഴലിലാണ് പിണറായി യാത്ര തുടങ്ങുന്നത്. എന്നാല്‍ ‘ലാവലിന്‍’എന്ന വാക്ക് മിണ്ടില്ളെന്ന പ്രതിജ്ഞയുമായാണ് അദ്ദേഹം നീങ്ങിയത്. കോണ്‍ഗ്രസ് സരിതയില്‍ കുടുങ്ങിയപ്പോള്‍ അതില്‍ നിന്നൂരാന്‍ സുധീരന്‍ ലാവലിന്‍ എടുത്തിടുകയും പ്രകോപിതനായ പിണറായി അതിനു മറുപടി പറയുകയും ചെയ്തു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ജയിലിലായതും  ബുദ്ധിമുട്ടായി. വി.എസും പാര്‍ട്ടിയും തമ്മില്‍ പ്രശ്നമില്ലാതെ പോകുന്നതിനിടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് വി.എസും കേരള നേതാക്കളും വിരുദ്ധ ധ്രുവത്തിലായിരിക്കുന്നത്.
കുമ്മനം വന്നതോടെ എല്ലാം മാറ്റിമറിക്കുമെന്ന് കരുതിയ ബി.ജെ.പി ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. വെള്ളാപ്പള്ളി തനിക്ക് അവസരവാദനിലപാടാണെന്ന് തുറന്നുപറഞ്ഞതോടെ, അദ്ദേഹത്തെ നമ്പിയിട്ട് കാര്യമില്ളെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇനിയെന്തെന്ന ചിന്തയിലാണ് ബി.ജെ.പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.