ഇന്നലെ സുബൈർ അഹ്മദ് നമ്മളെ വിട്ടുപോയി. അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളിലെ ഏറ്റവും നിർഭയനായ പത്രപ്രവർത്തകനായിരുന്നു സുബൈർ. 'ലൈറ്റ് ഓഫ് അന്തമാൻ' പത്രത്തിന്റെ എഡിറ്റർ. അന്തമാനിൽ ഏറ്റവും ബഹുമാനിക്കപ്പെട്ട പത്രാധിപരായിരുന്ന രാജാ അന്തമാനി എന്ന ഗോവിന്ദരാജുവിലൂടെയാണ് സുബൈർ പത്രപ്രവർത്തന രംഗത്തേക്കു വന്നത്. 2010ൽ അപ്രതീക്ഷിതമായി ഗോവിന്ദ രാജു മരിച്ചു. പിന്നീട് പത്രത്തിന്റെ പൂർണചുമതല അതേവരെ ബംഗളൂരുവിൽ 'ടൈംസ് ഓഫ് ഇന്ത്യ'യിൽ പത്രപ്രവർത്തകനായിരുന്ന സുബൈറിലായി. ഇന്ത്യയിലെ ഏതു മുഖ്യധാരാ പത്രത്തോടും കിടപിടിക്കുന്ന തരം തുടർച്ചയായ അന്വേഷണാത്മക പരമ്പരകളും പഠനങ്ങളും അഴിമതി തുറന്നുകാണിക്കുന്ന റിപ്പോർട്ടുകളുമായി ലൈറ്റ് ഓഫ് അന്തമാൻ പുറത്തിറങ്ങി. ഈ റിപ്പോർട്ടുകൾ ലോകം മുഴുവൻ ശ്രദ്ധിച്ചു. സത്യസന്ധരായ ധാരാളം ഉദ്യോഗസ്ഥർ സുബൈറിനെ ബഹുമാനിച്ചു, സഹായിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അവ അസ്വസ്ഥമാക്കി. സമീർ ആചാര്യ അടക്കം അന്തമാനിലെ പരിസ്ഥിതി പ്രവർത്തകർ ഒപ്പം നിന്നു. ലോകമെമ്പാടുമുള്ള ഗവേഷകർ ദ്വീപിൽ ആദ്യം അന്വേഷിച്ച പേര് സുബൈറിന്‍റേതായിരുന്നു. പങ്കജ് സക്സേറിയ, മനീഷ് ചാണ്ടി, മധുശ്രീ മുഖർജി എന്നിങ്ങനെ ലോകപ്രശസ്തരായ ഗവേഷകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. സാലിം അലി സെന്ററിലെ പ്രമോദ് അടക്കമുള്ള ഗവേഷകർക്കൊപ്പവും.

ക്രമേണ അഡ്മിനിസ്‌ട്രേഷന്റെ കണ്ണിലെ കരടായി ഈ മനുഷ്യൻ. എന്നാൽ, അയാളെ അവർക്കു തൊടാൻ വയ്യ. സർക്കാറിൽനിന്ന് പരസ്യം വാങ്ങിയായിരുന്നില്ല ആ പത്രം നിൽക്കുന്നത്. കൃത്യമായി ഇറങ്ങുകയുമില്ല. പലപ്പോഴും ആഴ്ചയിലൊരിക്കൽ. എന്നാൽ, ഓരോ ലക്കവും ഒരു പഠനസാമഗ്രിപോലെ സൂക്ഷിച്ചുവെക്കാവുന്നതായിരുന്നു. ''അന്തമാനിലെ സാംസ്കാരികാന്തരീക്ഷത്തിൽ നിലനിൽക്കുന്ന കാഫ്കെയ്സ്ക് അധികാര ഘടനക്കു എതിരെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾകൊണ്ടല്ല, റിപ്പോർട്ട് ചെയ്യാത്തവകൊണ്ടാണ് ഇവിടെ പത്രങ്ങൾ നിലനിൽക്കുന്നത്" -സുബൈർ പറയും. അവൻ എഴുതി: "ഇത് വെറുമൊരു ദ്വീപല്ല. ദ്വീപുകളുടെ ഒരു സംഘാതമാണ്, ലെഫ്റ്റനന്റ് ഗവർണർ ഒരു ദ്വീപാണ്. സെക്രട്ടേറിയറ്റ് മറ്റൊരു ദ്വീപ്. പാർലമെന്റ് അംഗം ഒറ്റപ്പെട്ട നിരാശ്രയമായ ഒരു ദ്വീപ്. അന്യദേശവാസികൾക്ക് അന്തമാനിലെത്താൻ വിമാനവും കപ്പലുമുണ്ട്. എന്നാൽ, അന്തമാനികൾക്ക് ഇതിനുള്ളിൽ സൃഷ്ടിക്കപ്പെട്ട അധികാരത്തിന്റെ കൃത്രിമ ദ്വീപുകളിലെത്താൻ ഒരു വഴിയുമില്ല." അന്തമാൻ-നികോബാർ ദ്വീപുകളിലെ സങ്കീർണമായ അധികാരഘടനയെ ഇതിനേക്കാൾ കൃത്യമായി വിവരിക്കാനാവില്ല. ദൂരദർശനും ആകാശവാണിയും അല്ലാതെ ഒരു ദേശീയമാധ്യമത്തിനും അവിടെ സാന്നിധ്യമില്ല. സൂനാമി പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ മാത്രമാണ് ദ്വീപുകളുടെ സാന്നിധ്യം പുറംലോകം ഓർക്കുന്നത്. അവിടെനിന്ന് ഇന്ത്യൻ മുഖ്യധാരയിലേക്ക് ഒരു വാർത്തയും ഒഴുകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ അവരെയും ബാധിക്കുന്നില്ല. ഇന്ത്യൻ ദേശീയത എന്ന സ്വത്വസങ്കൽപനം അവർ ചർച്ചക്കു വിധേയമാക്കുന്നില്ല. ഒരു സംവാദവും നടത്തുന്നില്ല. ശക്തമായ പൗരസമൂഹമില്ല. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളില്ല. സ്വതന്ത്ര മാധ്യമസംസ്കാരമില്ല. രാഷ്ട്രീയ പ്രക്രിയ ഉപരിപ്ലവവും വ്യക്തികേന്ദ്രീകൃതവുമാണ്.

എന്നാൽ, ശ്രദ്ധിച്ചുനോക്കിയാൽ വിരസവും നിരന്തരവുമായ ശാന്തതക്കു കീഴെ ഭരണകൂടത്തിന്റെ അസുഖകരമായ സാന്നിധ്യം കാണാം. പ്രതിഷേധത്തിന്റെയോ പ്രതിരോധത്തിന്റെയോ ദുർബലമായ ചില ശബ്ദങ്ങൾ മാത്രം. പ്രാദേശിക പത്രങ്ങളിൽ ആരെയും വിമർശിക്കാം, ലെഫ്റ്റനന്റ് ഗവർണറെ ഒഴികെ. എന്നാൽ, സാമൂഹിക സ്പന്ദനങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ചെറിയ ചില മാറ്റങ്ങൾ ശ്രദ്ധിക്കാതെ വയ്യ. ചില പത്രങ്ങൾ സാമൂഹികപ്രശ്നങ്ങൾ ഗൗരവത്തോടെ പഠിക്കാനും റിപ്പോർട്ട് ചെയ്യാനും തുടങ്ങി. ഒരു ബ്യൂറോക്രാറ്റിക് അഡ്മിനിസ്ട്രേഷനെ മാത്രം ആശ്രയിച്ചുള്ള നിലനിൽപ് സ്ഥായിയല്ല എന്ന തോന്നൽ ശക്തമായി തുടങ്ങി. 2004ലെ സൂനാമിക്കുശേഷം വികസനസൂചികകൾ ക്രമാനുഗതമായി താഴേക്കു നീങ്ങുന്നത് അവർ കണ്ടു. അവർ അത് റിപ്പോർട്ട് ചെയ്യാനും തുടങ്ങി. അന്തമാൻ ട്രങ്ക് റോഡും ജറാവ ഗോത്രവർഗവും അടക്കമുള്ള സവിശേഷ പഠനങ്ങൾക്ക് അവർ മുൻകൈ എടുത്തു.

ഈ മാറ്റത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു സുബൈർ അഹ്മദ്. അഡ്മിനിസ്ട്രേഷനെയും ലെഫ്റ്റനന്റ് ഗവർണറെയും ദ്വീപുകളിൽ രണ്ടു വർഷത്തെ സുഖവാസത്തിനെത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും നിരന്തരം ചോദ്യംചെയ്തുകൊണ്ടിരുന്ന, അഴിമതിക്കഥകൾ തുടർച്ചയായി പുറത്തുകൊണ്ടുവന്ന സുബൈറിനെ ഒറ്റപ്പെടുത്താനും ഭയപ്പെടുത്താനും ഭരണകൂടം നിരന്തരമായി ശ്രമിച്ചു. അങ്ങനെയാണ് കഴിഞ്ഞ വർഷം കോവിഡ് കാലത്ത് ഒരു ട്വീറ്റിന്റെ പേരിൽ ഭരണകൂടം സുബൈറിനെ അറസ്റ്റ് ചെയ്യുന്നത്. ഈ അറസ്റ്റ് 'ഇന്ത്യൻ എക്സ്പ്രസ്' അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഒടുവിൽ അവർക്ക് അദ്ദേഹത്തെ മോചിപ്പിക്കേണ്ടിവന്നു. എന്നാൽ, ഏറ്റവും അപമാനകരമായ രീതിയിൽ കുടുംബത്തിന്റെയും കുട്ടികളുടെയും മുന്നിൽവെച്ച് നടന്ന അറസ്റ്റ് സുബൈറിനെ മാനസികമായി തളർത്തി.

പത്രത്തിൽനിന്ന് ഒരു വരുമാനവും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. സ്വന്തം പണം ഉപയോഗിച്ച് ഓരോ തവണയും പത്രം ഇറക്കി. ഇതേവരെ ഇറക്കിയ എല്ലാ കോപ്പിയും നന്നായി ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അത് അന്തമാൻ- നികോബാർ ദ്വീപസമൂഹങ്ങളെക്കുറിച്ച് പഠിക്കുന്നവർക്ക് അമൂല്യമായ ഖനിയാണ്. മലബാറിലെ കലാപത്തിനുശേഷം അന്തമാനിലെ സെല്ലുലാർ ജയിലിൽ തടങ്കലിൽ കഴിഞ്ഞ പഴയ മാപ്പിളമാരുടെ പിന്തുടർച്ചാവകാശിയാണ് സുബൈർ. പഴയ പ്രക്ഷോഭകാരി പൂവക്കുന്നിൽ അലവിയുടെ രക്തമാണ് സുബൈറിന്റെ സിരകളിലൂടെ ഒഴുകുന്നത്. അനീതിക്കും കാപട്യത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പൊരുതി.

ചിലപ്പോൾ ഒരു മടി അദ്ദേഹത്തെയും ബാധിക്കും. പത്തു ദിവസമായിട്ടും പുതിയ ലക്കം കാണാഞ്ഞപ്പോൾ ഞാൻ കാരണമന്വേഷിച്ചു. മറുപടി ഒരൽപം ഖിന്നമായിരുന്നു. "ഇനി എന്താണ് എഴുതാൻ ബാക്കിയുള്ളത്? എല്ലാ മേഖലകളെക്കുറിച്ചും വിശദമായി എഴുതിക്കഴിഞ്ഞു. എന്നിട്ടും എന്തു മാറ്റമാണുണ്ടായത്?"

സുബൈറിനെ വല്ലാത്തൊരു നിരാശ ബാധിച്ചുവെന്ന് തോന്നി. ഒരുപക്ഷേ, സജീവമായ ജനാധിപത്യപ്രക്രിയയുടെ അഭാവത്തിൽ എത്ര ശക്തമായ മാധ്യമപ്രവർത്തനത്തിനും വലിയ പരിമിതിയുണ്ട് എന്നാവാം ഈ അനുഭവം കാണിക്കുന്നത്.

അന്തമാന് സംസ്ഥാന പദവി നൽകണം എന്നൊരു ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. സംസ്ഥാന പദവി, അസംബ്ലി, രാഷ്ട്രീയധാരകളുടെ ആവിർഭാവം, പങ്കാളിത്ത ജനാധിപത്യം എന്നിവയുടെ പശ്ചാത്തലത്തിൽ വേണം മാധ്യമ പ്രവർത്തനത്തെയും കാണാൻ. അത്രയും കാലം സുബൈറും 'ലൈറ്റ് ഓഫ് അന്തമാനും' ഒരുക്കുന്ന മാധ്യമപാതകൾ ഒരു സമാന്തര ധാരയായി മാത്രം നിലകൊള്ളും-കൃത്യമായ രാഷ്ട്രീയാവശ്യങ്ങളുമായി ഒരു ജനാധിപത്യ പ്രസ്ഥാനം രൂപം കൊള്ളുകയും അതിന്റെ ചാലകശക്തിയായി മാധ്യമങ്ങൾ മാറുകയും ചെയ്യുന്നതുവരെ.

ജനാധിപത്യ പങ്കാളിത്തമില്ലാത്ത വികസനപ്രക്രിയയുടെ സ്വഭാവം പഠിക്കാനുള്ള ഒരു സ്വാഭാവിക പരീക്ഷണശാലയാണ് അന്തമാൻ-നികോബാർ ദ്വീപുകൾ. അവിടെ സുബൈർ നടത്തിയ സ്വതന്ത്രമായ മാധ്യമപോരാട്ടം ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിൽതന്നെ ഏറ്റവും അപൂർവമായ മാതൃകകളിൽ ഒന്നാണ്. നിർഭാഗ്യവശാൽ ദ്വീപുകൾക്ക് പുറത്തു ഈ പ്രവർത്തനവും പോരാട്ടവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മുഖ്യധാരാ പത്രപ്രവർത്തനത്തെക്കാൾ സമൂഹത്തിൽ മാറ്റമുണ്ടാക്കുന്നത് ഇത്തരം പ്രൊവിൻഷ്യൽ പത്ര പ്രവർത്തകരാണ്.

(അന്തമാൻ-നികോബാറിൽ ദൂരദർശൻ പ്രോഗ്രാം ഹെഡ് ആയിരുന്നു ലേഖകൻ)

Tags:    
News Summary - Zubair Ahmad; A great example of journalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.