പാർലമെന്റിനെയും തൊഴിലാളി സംഘടനകളെയും ഇരുട്ടിൽ നിർത്തി, സ്ഥിരം തൊഴിൽ ഇല്ലാതാക്കാനും സംഘടിച്ചാൽ ജയിലിൽ അടക്കാനുമെല്ലാം സാധിക്കുന്ന നിയമം ചുട്ടെടുത്ത്, അടിസ്ഥാന മനുഷ്യാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന ഏകാധിപത്യ വ്യവസ്ഥകളോടെ രാജ്യത്ത് പുതിയ ലേബർ കോഡുകൾ നടപ്പാക്കുമ്പോൾ...
ഈച്ചയെ പിടിക്കാൻ കടലാസിൽ പശ തേച്ച് പഞ്ചസാര വിതറി വെക്കാറുണ്ടല്ലോ. ഇത് കണ്ട് എത്തുന്ന ഈച്ചകൾ പശയിൽ കുടുങ്ങി അനങ്ങാൻ പോലുമാകാതെ ചത്തുപോകുന്ന സിമ്പ്ൾ ടെക്നിക്കാണിത്. നവംബർ 21ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നാല് തൊഴിൽ കോഡുകളും ഇതുപോലൊരു പഞ്ചസാരക്കടലാസാണ്.
തൊഴിലാളിക്ക് ഗുണമെന്ന് തോന്നിക്കുന്ന ചില കാര്യങ്ങൾ എടുത്തുകാട്ടുന്നുണ്ട് ഈ കോഡുകളിൽ. ഇതു കണ്ട് മധുരപേപ്പറിലേക്ക് എടുത്തുചാടുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. സ്ത്രീകൾക്ക് തുല്യത, ഗിഗ് തൊഴിലാളികളെ അംഗീകരിക്കൽ, തുല്യ ജോലിക്ക് തുല്യ വേതനം, സ്ഥിരം- കരാർ തൊഴിലാളികൾക്ക് ഒരേ അവകാശങ്ങൾ, സാർവത്രിക സാമൂഹിക സുരക്ഷ പദ്ധതികൾ തുടങ്ങിയ മധുര വ്യവസ്ഥകൾ കോഡുകളിലുണ്ട്.
അതേസമയം, തൊഴിൽ സമയത്തിലെ സമ്പൂർണ നിയന്ത്രണാധികാരം, സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കൽ, സമരം ചെയ്യാനുള്ള അവകാശം ഇല്ലാതാക്കൽ, സ്ഥിരം തൊഴിൽ ഇല്ലാതാക്കൽ തുടങ്ങിയവ വൻ പ്രത്യാഘാതമുണ്ടാക്കുന്ന നിരവധി വ്യവസ്ഥകൾ ഒപ്പം ഒളിച്ചുകടത്തപ്പെടുന്നു എന്നതാണ് ഈ ലേബർ കോഡിന്റെ മാരക സ്വഭാവം. തൊഴിലാളികൾക്ക് അനുകൂലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യവസ്ഥകളിൽതന്നെ, അവയിൽ പലതും ലഭിക്കണമെങ്കിൽ ദീർഘമായ തൊഴിൽ കാലയളവ് വേണ്ടിവരുമെന്നതും ശ്രദ്ധിക്കണം.
ഐ.പി.സിക്കും സി.ആർ.പി.സിക്കും പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ദേശീയ വിദ്യാഭ്യാസ നയം -2020, കാർഷിക നിയമം എന്നിവയുടെ തുടർച്ച കൂടിയാണ് നാല് തൊഴിൽ കോഡുകൾ. 2025 ഒക്ടോബറിൽ പുറത്തിറക്കിയ ദേശീയ തൊഴിൽ നയം, സമരം കുറ്റകൃത്യമാക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ 111ാം വകുപ്പ് എന്നിവയുമായി കൂട്ടിവായിച്ചാൽ മാത്രമേ തൊഴിൽ കോഡുകളിലെ തൊഴിലാളിവിരുദ്ധതയും ഏകാധിപത്യ നിയമങ്ങളുടെ പ്രഹരശേഷിയും ബോധ്യമാകൂ.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പൊടുന്നനെ, നവംബർ 21ന് ആണ് നാല് ലേബർ കോഡുകളും കേന്ദ്ര സർക്കാർ നിയമമായി പ്രഖ്യാപിക്കുന്നത്. നൂറുവർഷത്തിലധികം നിലനിന്ന നിയമങ്ങൾ പലതും ഇല്ലാതാക്കിയുള്ള പുതിയ കോഡുകൾ, പാർലമെന്റിൽ പോലും കാര്യമായ ചർച്ചയില്ലാതെയാണ് വിജ്ഞാപനം ചെയ്യപ്പെടുന്നത്.
ഇതിലെ വ്യവസ്ഥകൾ ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിൽ തൊഴിലാളിവിരുദ്ധത ക്യത്യമായി ബഹുജന സമക്ഷം എത്തുമെന്ന് ട്രേഡ് യൂനിയൻ ഭാരവാഹികൾ പറയുന്നു. ട്രേഡ് യൂനിയനുകളെ പോലും അറിയിക്കാതെയായിരുന്നു ഈ ഒളിച്ചുകടത്ത്. കാർഷിക നിയമം, ഭാരതീയ ന്യായ സംഹിത, വിദ്യാഭ്യാസ നയം, ദേശീയ തൊഴിൽ നയം എന്നിവയെല്ലാം അവതരിപ്പിക്കപ്പെട്ട അതേ രഹസ്യാത്മകതയിലാണ്, 40 കോടിയിലധികം മനുഷ്യരെ ബാധിക്കുന്ന തൊഴിൽ കോഡും കൊണ്ടുവന്നത്.
തൊഴിൽ മന്ത്രിയും നവംബർ 20ന് കേന്ദ്ര ധനകാര്യ മന്ത്രിയും നവംബർ 13ന് തങ്ങളുമായി ചർച്ച നടത്തിയിരുന്നെങ്കിലും, ലേബർ കോഡുകൾ വിജ്ഞാപനം ചെയ്യുന്നത് അറിയിച്ചില്ലെന്നും രഹസ്യമാക്കി വെച്ചുവെന്നും ട്രേഡ് യൂനിയൻ നേതാക്കൾ പറയുന്നു. തൊഴിലാളി അനുകൂല നയങ്ങളായിരുന്നുവെങ്കിൽ എന്തിനീ മറച്ചുവെക്കലെന്നും അവർ ചോദിക്കുന്നു. വ്യാപാര-വാണിജ്യ- വ്യവസായ സമൂഹം ഇതിനെ സ്വാഗതം ചെയ്തത് തന്നെ തൊഴിലാളികൾക്ക് എതിരും ഉടമകൾക്ക് അനുകൂലവും ആണെന്നതിന്റെ തെളിവാണെന്നും ട്രേഡ് യൂനിയനുകൾ പറയുന്നു.
മാറിയ ആഗോള സാഹചര്യങ്ങളിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും രാജ്യത്തെ മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുകയുമാണ് തൊഴിൽകോഡുകളുടെ ആത്യന്തിക ലക്ഷ്യമെന്ന് സർക്കാർതന്നെ വിശദമാക്കുന്നു. ആഗോള നിലവാരമനുസരിച്ച്, മത്സര ക്ഷമമായ തൊഴിൽ സമൂഹത്തെ സൃഷ്ടിച്ചെടുക്കുമെന്ന്, തൊഴിൽ കോഡുകൾ പുറത്തിറക്കിയുള്ള അറിയിപ്പിൽ തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
കുറഞ്ഞ കൂലിയും കൂടുതൽ സമയം ജോലിയും എന്ന ‘ആകർഷക പാക്കേജി’ലൂടെ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കലാണ് ലക്ഷ്യമിടുന്നത്. നിലവിൽ ചൈന കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മേഖലയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിലവിലെ തൊഴിൽ നിയമങ്ങളിലെ തൊഴിലാളികൾക്കുള്ള സുരക്ഷിതത്വവും തൊഴിൽ വകുപ്പിന് ഇടപെടൽ ശേഷി കൂടുതൽ ഉണ്ടായിരുന്നതും വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് തടസ്സമാണെന്നാണ് അവരുടെ വാദം. ചുരുക്കിപ്പറഞ്ഞാൽ, തൊഴിലാളി അവകാശങ്ങളോ തൊഴിൽ അവകാശങ്ങളോ എന്തിന്, അടിസ്ഥാന മനുഷ്യാവകാശങ്ങളോ പാലിക്കാത്ത തൊഴിൽ അന്തരീക്ഷമുള്ള ചൈനയുടെ മാതൃക ഇന്ത്യയിലുമൊരുക്കുമെന്ന് അർഥം.
1923 മുതൽ വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിലവിൽ വന്ന 29 തൊഴിൽ നിയമങ്ങളാണ് നാല് ലേബർ കോഡുകളാക്കി മാറ്റിയത്. ഈ 29 നിയമങ്ങളിലെ 1400 ചട്ടങ്ങൾ 350 ചട്ടങ്ങളായി മാറും. കമ്പനികൾ നൽകേണ്ട ഫോറങ്ങൾ 180ൽനിന്ന് 73 ആയി കുറയും. വേതന സംബന്ധിയായ കോഡ് (കോഡ് ഒാൺ വേജസ് 2019), വ്യവസായിക കോഡ് (ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020), സാമൂഹിക സുരക്ഷാ കോഡ് (കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020), ഒക്ക്യുപേഷനൽ സേഫ്റ്റി ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവയാണ് 29 തൊഴിൽ നിയമങ്ങൾക്ക് പകരം നടപ്പാക്കിയത്. സാമ്പത്തിക സ്വയംപര്യാപ്തതക്കും ബാഹ്യ സ്രോതസ്സ് ആശ്രയം കുറക്കുന്നതും ലക്ഷ്യമിടുന്ന ‘ആത്മ നിർഭർ ഭാരതി’നു വേണ്ടിക്കൂടിയാണ് ലേബർ കോഡുകൾ എന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
1) പിരിച്ചുവിടാനും നിയമനത്തിനും സ്ഥാപന ഉടമകൾക്ക് കൂടതൽ എളുപ്പം: അതായത്, 300ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയില്ലാതെ പിരിച്ചുവിടാനും അടച്ചുപൂട്ടാനും സാധിക്കും.
2) ട്രേഡ് യൂനിയനുകളുടെ നിയന്ത്രണം: ഇവയെ നിയന്ത്രിക്കുന്നതിലൂടെ സംഘടിത വിലപേശലിനുള്ള അവസരം ഇല്ലാതാക്കും
3) സ്ഥിരം ജോലിക്ക് പകരം നിയന്ത്രിത കാലയളവ് ജോലി: ഇതിലൂടെ ജോലി സുരക്ഷിതത്വം ഇല്ലാതാകുന്നു. ഇതോടൊപ്പം തൊഴിലുടമയുടെ ‘ഇഷ്ടം’ മാത്രം അനുസരിച്ച് തൊഴിൽ ചെയ്യേണ്ട സാഹചര്യം.
4) എട്ട് മണിക്കൂർ തൊഴിൽ ഇല്ലാതാക്കൽ: ആഴ്ചയിൽ 48 മണിക്കൂർ എന്ന് നിജപ്പെടുത്തിയതിലൂടെ ദിവസം എത്ര സമയം വേണമെങ്കിലും തൊഴിൽ ചെയ്യേണ്ടി വരും.
5) നിയമ പരിരക്ഷ കുറയുന്നത്: നിലവിൽ രാജ്യത്ത് തൊഴിലാളികളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ലേബർ കോഡുകളിലെ വ്യവസ്ഥയിലൂടെ കോടതികളിൽ പോകുന്നതിനുള്ള അവസരം കുറയും.
1) നിയമന കത്തുകൾ നിർബന്ധമാക്കി.
2)ഒരു വർഷം ജോലി ചെയ്തവർക്ക് ഗ്രാറ്റുവിറ്റി (നിലവിൽ ഇത് അഞ്ച് വർഷമാണ്)
3)അടിസ്ഥാന ശമ്പളം ഉയർത്തൽ (ഇതിലൂടെ പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവയിൽ ഉയർന്ന ശതമാനം ലഭിക്കും)
4) 180 ദിവസം ജോലി ചെയ്താൽ വാർഷികാവധിയും യാത്രാബത്തയും (നിലവിൽ 240 ദിവസമാണ്. ഇതോടൊപ്പം നാട്ടിൽ പോയി വരുന്നതിനുള്ള ചെലവും തൊഴിലുടമ നൽകണം)
5) തുല്യ ജോലിക്ക് തുല്യ വേത നവും വ്യവസ്ഥകളും (കരാറുകാർക്കും സ്ഥിരംജീവനക്കാർക്കും ഒരേ പാറ്റേൺ നടപ്പാക്കുന്നു.)
6) ലിംഗ സമത്വം (ലിംഗ വ്യത്യാസമില്ലാതെ ഒരേ ജോലിക്ക് ഒരേ വേതനം. എല്ലാവർക്കും എല്ലാ ജോലിക്കും അവസരം)
7) ഗിഗ് സമൂഹത്തെ തൊഴിലാളികളിൽ ഉൾപ്പെടുത്തൽ (പുതുതലമുറ ജോലികളായ കാബ് ഡ്രൈവർമാർ, ഡെലിവറി ബോയ്സ് തുടങ്ങിയവർ തൊഴിൽ സമൂഹത്തിന്റെ ഭാഗമാകും. ഇവർക്ക് സാമൂഹിക സുരക്ഷക്കായി കമ്പനികളിൽനിന്ന് നിശ്ചിത വിഹിതം പിടിക്കും).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.