തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നടത്താനിരിക്കുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയായി മാറുമെന്നും അവകാശപ്പെടുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ
തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ്..
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ കേരളമൊട്ടാകെ യു.ഡി.എഫ് മുന്നേറ്റമുണ്ടാകും. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ല പഞ്ചായത്തുകളുടെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം യു.ഡി.എഫ് കൈപ്പിടിയിലൊതുക്കും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ് സർക്കാർ വാഗ്ദാന ലംഘനങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇത് കബളിപ്പിക്കലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഴിമതി തടയാൻ പോലും സർക്കാറിന് കഴിയാത്തത് വലിയ തിരിച്ചടിയായി. ഇതെല്ലാം സർക്കാറിനെതിരായ വികാരമായി മാറും.
യു.ഡി.എഫ് ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾ എന്തൊക്കെയാണ്?
ആരോഗ്യരംഗം മുമ്പെങ്ങുമില്ലാത്ത വെല്ലുവിളി നേരിടുകയാണ്. തിരുവനന്തപുരത്ത് മരണപ്പെട്ട വേണു അതിന്റെ ഉദാഹരണമാണ്. മെഡിക്കൽ കോളജുകളിലടക്കം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലനിൽക്കുന്നു. കാർഷിക വിളകളുടെ വിലയിടിവിൽ സമ്പദ് ഘടനയും തകിടംമറിഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങളും ഞങ്ങൾ ഉയർത്തിക്കൊണ്ടുവരും. ജനങ്ങളുടെ യഥാർഥ വിഷയങ്ങളിൽനിന്ന് സി.പി.എം ഒളിച്ചോടുകയാണ്. രാഷ്ട്രീയം പറയുന്നതിനുപകരം വിവാദങ്ങൾ പെരുപ്പിക്കാനാണ് ശ്രമിക്കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും എങ്ങനെ അതിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നു എന്നത് അത്ഭുതമാണ്.
ശബരിമല സ്വർണപ്പാളി വിഷയം ഏശുമോ?
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം എൽ.ഡി.എഫിന് തിരിച്ചടിയാകും. വലിയൊരു ഗൂഢസംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 24 കാരറ്റിന്റെ 34 കിലോ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് കടത്തിക്കൊണ്ടുപോയത്. രേഖയില്‍ സ്വര്‍ണപാളികള്‍ എന്നതു വെട്ടിത്തിരുത്തി ചെമ്പാണെന്ന് എഴുതിച്ചേര്‍ത്തതിനുപിന്നിൽ വലിയ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ചെറുമീനുകളാണ് ഇപ്പോൾ വലയിലായത്. താമസിയാതെ സ്രാവുകളും പിടിയിലാകും.
യു.ഡി.എഫിലെ തർക്കങ്ങൾക്ക് പരിഹാരമായോ?
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേരിയ തർക്കങ്ങൾ ഉണ്ടായത് ഒഴിച്ചുനിർത്തിയാൽ ഒറ്റക്കെട്ടായി തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഇതൊക്കെ സ്വാഭാവികമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കളെല്ലാം കഴിഞ്ഞ ദിവസം തൊടുപുഴയില്‍ യു.ഡി.എഫ് മഹാ സംഗമത്തിനെത്തിയത് കൂട്ടായ മുന്നേറ്റത്തിന്റെ നേർചിത്രമാണ്. മറിച്ച് പ്രചരിപ്പിക്കുന്നവർക്ക് വേറെ ലക്ഷ്യങ്ങളാണുള്ളത്. യു.ഡി.എഫ് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ കേരളം മുഴുവന്‍ വ്യാപിക്കും.
കേരള കോണ്‍ഗ്രസുകളുടെ ശക്തിപ്രകടനമാകുമോ
കേരള കോണ്‍ഗ്രസ്-എമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഭൂരിഭാഗം സീറ്റുകളിലും കേരള കോണ്‍ഗ്രസ് വൻ വിജയം നേടും. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നതിന് പ്രാധാന്യം നൽകി ഞാൻ തന്നെ നേരിട്ടിറങ്ങിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും പാർട്ടി സ്ഥാനാർഥികൾ പാട്ടും പാടി ജയിക്കും. പാർട്ടിയുടെ ശക്തി പ്രകടനമെന്നതിലുപരി നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയായി തെരഞ്ഞെടുപ്പ് മാറും. ജനങ്ങളിൽനിന്ന് ലഭിക്കുന്ന പ്രതികരണവും ഇതുതന്നെയാണ്.
തെരഞ്ഞെടുപ്പിനിടയിൽ യു.ഡി.എഫിന് ഒരു വെല്ലുവിളികളുമില്ലെന്നാണോ?
ഒരു വെല്ലുവിളികളും നേരിടുന്നില്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്. യു.ഡി.എഫിനെ ഒരു നിലക്കും വിവാദങ്ങൾ ബാധിക്കില്ല. കേരളത്തില്‍ നിന്ന് യുവാക്കൾ വിദേശത്തേക്ക് വൻ തോതിൽ തൊഴില്‍തേടി പോകുന്ന സാഹചര്യം അതി ഗൗരവതരമാണ്. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്നേ മതിയാകൂ. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരിടത്തും എത്തിയില്ല. എല്ലാ മാനേജ്മെന്റുകളും ഇതിനായി കാത്തിരിക്കുകയാണ്. അതിദരിദ്ര്യർ ഇല്ലെന്നാണ് സർക്കാർ പറയുന്നത്. ഇതൊരു കബളിപ്പിക്കലാണ്. ചോറ് വെന്തോ എന്നറിയാൻ കുറച്ച് വറ്റുകൾ എടുത്തുനോക്കിയാൽ മതി.
സർക്കാറിന്റെ കാർഷിക-ഭൂ പ്രശ്നങ്ങളിലെ ഇടപെടലുകൾ സ്വാധീനിക്കുമോ
ഇടുക്കിയടക്കമുള്ള മലയോര ജില്ലകളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. കാർഷിക മേഖലയായ ഇടുക്കിയെ മുന്നോട്ടുകൊണ്ടുപോകേണ്ടിയിരുന്ന പാക്കേജ് ലക്ഷ്യം കണ്ടില്ല. 12000 കോടിയാണ് ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ചത്. എന്നാൽ, 56 കോടിയുടെ പദ്ധതികൾ മാത്രമാണ് നടപ്പാക്കിയത്. കാലാവസ്ഥയിലെ വ്യതിയാനവും വന്യമൃഗ ശല്യവുമടക്കം കാർഷിക മേഖലയെ തകർക്കുമ്പോൾ കർഷകരെ രക്ഷിക്കാൻ ഒരു ചെറുവിരൽ അനക്കാതെ സർക്കാർ നോക്കി നിൽക്കുകയാണ്. റബറിന് 250 രൂപ തറവില എന്ന വാഗ്ദാനവും പ്രഖ്യാപനത്തിൽ മാത്രമാണ്. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും കഴിയണം. കാര്ഷികോൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും അത് യഥാസമയം കര്ഷകന് ലഭിക്കാനും നടപടിയുണ്ടാകണം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച മലയോരത്ത് സര്‍ക്കാറിനെതിരെ ജനവികാരം അലയടിക്കുന്നതിന് കാരണമായിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായ നിലയിലാണ്. വനം വകുപ്പ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂ പ്രശ്നങ്ങളിലും സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ഇത്തരം പ്രശ്ന പരിഹാരങ്ങൾക്ക് യു.ഡി.എഫ് അധികാരത്തിൽ വരുകതന്നെ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.