ഇടതുമുന്നണി ഒറ്റക്കെട്ട്; ഭിന്നത സൃഷ്ടിക്കുന്നത് കോൺഗ്രസ്

സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബി.ജെ.പിയുമായി അന്തർധാര ഉണ്ടാക്കുമെന്ന് സി.പി.എമ്മിനെ അറിയുന്ന ആരും വിശ്വസിക്കില്ലെന്നും ഉറച്ചു പറയുന്നു എൽ.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ എൽ.ഡി.എഫ് സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ എന്താണ് പ്രതീക്ഷിക്കുന്നത്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്‍റെ 10 വർഷം കേരളത്തിന്‍റെ പൊതുവികസന രംഗത്തും ക്ഷേമ പ്രവർത്തനങ്ങളും വൻതോതിൽ മുന്നേറ്റമുണ്ടാക്കിയ കാലമാണ്. ദുർബല വിഭാഗങ്ങൾക്കുള്ള ആശ്വാസ പദ്ധതികളെല്ലാം വർധിച്ചു. ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ സാമൂഹിക ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. ഇപ്പോൾ അത് 2000 രൂപയായി. 1400 രൂപ പെൻഷൻ തുകയിൽ വർധന വരുത്തിയിട്ടുണ്ട്. സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സമീപനമാണ് എൽ.ഡി.എഫ് എന്നും സ്വീകരിച്ചിട്ടുള്ളത്. ലൈഫ് പദ്ധതിയിൽ ആറു ലക്ഷത്തോളം വീടുകൾ കൊടുക്കാൻ കഴിഞ്ഞു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനായി നോളജ് ഇക്കണോമി എന്ന പദ്ധതി സൃഷ്ടിച്ച് തൊഴിൽ മേഖലയിൽ റിക്രൂട്ട്മെന്‍റ് തുടരുന്നു.

പി.എസ്.സി മുഖേന നടത്തുന്ന നിയമനത്തിന് പുറമെയാണിത്. അതിദാരിദ്ര്യ നിർമാർജനം പൂർത്തിയായി. ഇനി കേവല ദാരിദ്ര്യവും നിർമാർജനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നു. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം വനിതകൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. റോഡ് വികസനം യാഥാർഥ്യമാക്കിയതിനൊപ്പം എല്ലാ ഭൂമിക്കും രേഖ നൽകുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചു. കേന്ദ്രനയത്തിന്‍റെ ഭാഗമായി ദുരിതത്തിലായ പരമ്പരാഗത മേഖലയിൽ തൊഴിൽ സുരക്ഷിതത്വത്തിന് പ്രാമുഖ്യം നൽകുന്നു.ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ സംശയമില്ല.

വരുമാനം കണ്ടെത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ച തീരുമാനം ജനവികാരം എതിരാക്കയില്ലേ

ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണല്ലോ. ഇപ്പോൾ നിർമാണ തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്രത്തിന്‍റെ സെസ് ആക്ടിന്‍റെ ഭാഗമായ പിരിവ് സംസ്ഥാനത്ത് നിലച്ചിരുന്നു. അതിനെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുകയാണ്. സെസ് കലക്ഷന്‍റെ ഭാഗമായി പഞ്ചായത്ത് ഇടപെട്ട് നികുതി പിരിച്ച് ഈ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. മറ്റുചില ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം കടമെടുത്ത് നിർമാണ മേഖലയിലെ തൊഴിലാളികളുടെ കുടിശ്ശിക നൽകുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം വേഗത്തിലാക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ല.

തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ പി.എം ശ്രീ വിവാദത്തിൽ സി.പി.ഐയുമായി ഏറ്റുമുട്ടേണ്ടി വന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചില്ലേ.

ഇടത് മുന്നണി യു.ഡി.എഫിനെക്കാൾ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നുണ്ട്. പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഒറ്റപ്പെട്ട ചില അസ്വാരസ്യങ്ങൾ മാത്രമാണുള്ളത്. അതൊക്കെ പ്രാദേശികമായി പരിഹരിക്കാവുന്നതേയുള്ളൂ. പി.എം ശ്രീയുടെ ഭാഗമായുള്ള ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ പാടില്ലെന്ന ഡിമാൻഡ് മാത്രമാണ് സി.പി.ഐ മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ സി.പി.എമ്മിനും ഇതേ നിലപാടാണ്. മുന്നണിക്കകത്ത് ചർച്ച ചെയ്തില്ല എന്നത് യാഥാർഥ്യമാണ്. പി.എം ശ്രീ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് മുന്നണി പരിശോധിച്ച് നടപടി സ്വീകരിക്കും എന്നുതന്നെയാണ് സർക്കാർ നിലപാട്.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഐക്യജനാധിപത്യ മുന്നണി വിപുലീകരണമുണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഏതെങ്കിലും കക്ഷി ഇടതുമുന്നണി വിടുമെന്ന ആശങ്കയുണ്ടോ

ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാൻ തയാറുള്ള, വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർ ഇടതുപക്ഷത്തിന്‍റെ ഭാഗമായി മാറാൻ താൽപര്യമുണ്ടെങ്കിൽ അവരെ സ്വീകരിക്കുന്നതിൽ ഒരു പ്രയാസവുമില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. മുന്നണിയിൽ 11 പാർട്ടികളുണ്ട്. വ്യത്യസ്ത നിലകളിലുള്ളവരാണ് എല്ലാ പാർട്ടികളും. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളൊക്കെ ചില സമയത്തുണ്ടായാൽ അതെല്ലാം ചർച്ചചെയ്ത് പരിഹരിക്കുമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു നേരത്തേ ഇടതുമുന്നണി തെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നത്. എന്നാൽ, രണ്ടാം പിണറായി സർക്കാർ അതിനൊരു അപവാദമാണെന്ന് മുസ്ലിം സംഘടനകൾക്കിടയിൽ ആക്ഷേപമുണ്ടല്ലോ. അവസാനമായി പാലത്തായി പീഡന കേസിൽ കണ്ണൂർ ജില്ല കമ്മിറ്റി അംഗത്തിന്‍റെതായി വന്ന പ്രസ്താവനയടക്കം അധിക്ഷേപാർഹമാണെന്ന പരാതി ഉയർന്നു.

പാലത്തായി കേസിൽ പ്രസ്താവന നടത്തിയ ഹരീന്ദ്രനും അവിടത്തെ ജില്ല കമ്മിറ്റിയുമെല്ലാം അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത്, വർഗീയ ശക്തികളുടെ ആക്രമണത്തിന് ഇരയായി ഏറ്റവും കൂടുതൽ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ട പാർട്ടിയാണ് സി.പി.എം. വർഗീയ നിലപാടുകൾക്ക് വിധേയപ്പെടുന്ന ഒരു സമീപനവും സി.പി.എം സ്വീകരിക്കില്ല. ഞങ്ങളും ബി.ജെ.പിയും തമ്മിൽ അന്തർധാരയാണെന്നാണല്ലോ കോൺഗ്രസ് ആരോപിക്കുന്നത്.

സി.പി.എമ്മിനെക്കുറിച്ച് മനസ്സിലാക്കുന്ന ഒരാൾക്ക് എങ്ങനെയാണ് അതു പറയാൻ സാധിക്കുക? ഞങ്ങൾ ഒരുപാട് വിലകൊടുക്കേണ്ടി വന്നവരാണ്. ഒരു അന്തർധാരയും ഞങ്ങൾക്ക് പരസ്പരം ഉണ്ടാക്കാൻ കഴിയില്ല. ഇത്തരം ആരോപണങ്ങളൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

Tags:    
News Summary - Left Front is united; Congress is creating division -TP Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.