ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ  ബാധിക്കുന്ന ഒരു ജീവിതശൈലീരോഗമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ളെങ്കില്‍ കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും ബാധിക്കുന്ന ധാരാളം സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പ്രമേഹം കാരണമാകാം. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തിന്‍െറ  സന്ദേശം ‘പ്രമേഹത്തിന്മേല്‍ ഒരു കണ്ണ്’ (Eyes on diabetes) എന്നാണ്.  അതായത്, നേരത്തേയുള്ള രോഗനിര്‍ണയം വഴി സങ്കീര്‍ണതകള്‍ വരാതെ നോക്കുകയും വരാവുന്ന സങ്കീര്‍ണതകളെ മുന്‍കൂര്‍തന്നെ നിര്‍ണയിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

പ്രമേഹരോഗമുള്ള ആളുകള്‍ ഇതിനെ  നല്ലപോലെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. രക്തത്തില്‍ പഞ്ചസാരയുടെ (ഗ്ളൂക്കോസ്) അളവ് വര്‍ധിക്കുന്നതുമൂലം വര്‍ധിച്ച ദാഹം, വിശപ്പ്, കൂടക്കൂടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്ന ഒരു രോഗമാണ് പ്രമേഹം. നമ്മുടെ ശരീരത്തിലെ പാന്‍ക്രിയാസ് (ആഗ്നേയ ഗ്രന്ഥി) ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ആഹാരത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്കത്തെിക്കാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു. നമുക്ക് പ്രമേഹമുണ്ടെങ്കില്‍, ശരീരം പര്യാപ്തമായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നില്ല (ടൈപ് 1 പ്രമേഹം), അല്ളെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയുന്നില്ല (ടൈപ് 2 പ്രമേഹം).

ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനില്‍ക്കുന്നു. ടൈപ് 1 പ്രമേഹം സാധാരണയായി 30 വയസ്സിനുമുമ്പാണ് ഉണ്ടാകുന്നത്. ഇതിന് ഇന്‍സുലിന്‍ കൂടിയേ തീരൂ. അധികം  ആളുകള്‍ക്കും ഉള്ളത് ടൈപ് 2 പ്രമേഹമാണ്. ഇത് പൊതുവെ 40 വയസ്സിനു മുകളിലാണ് കണ്ടുവരുന്നത്. ഇതിന് രക്തത്തില്‍ പഞ്ചസാര കുറക്കാനുള്ള ഗുളികകള്‍, ഇന്‍സുലിന്‍, അഥവാ രണ്ടും ആവശ്യമായി വരും. പ്രമേഹരോഗ നിര്‍ണയം നടത്താന്‍ ഒന്നിലധികം  ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം നടത്തേണ്ടിവരും. ഫാസ്റ്റിങ് ബ്ളഡ് ഗ്ളൂക്കോസ് (എട്ടു മണിക്കൂര്‍ ഉപവസിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ്) ആഹാരത്തിന് രണ്ടു മണിക്കൂറിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഗൈ്ളക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ (Hb Asc) എന്നിവയാണ് ചെയ്യേണ്ടത്.

പ്രമേഹം ഉണ്ടെന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഒൗഷധങ്ങള്‍ കഴിക്കുന്നതോടൊപ്പംതന്നെ കഴിക്കുന്ന ആഹാരത്തിലെ കലോറിയും ഉപ്പും കുറച്ച് ശരീരഭാരവും രക്തസമ്മര്‍ദവും യഥാക്രമം നിയന്ത്രിക്കണം.  ആഹാരം കൃത്യസമയത്ത് കഴിക്കുകയും കൂടുതല്‍  പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും വേണം. ദിവസേന 45-60 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികള്‍ പുകവലി, മദ്യപാനം, കൊഴുപ്പേറിയതും മധുരമുള്ളതും ഉപ്പ് കൂടുതലുള്ളതുമായ ആഹാരം എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ചുരുക്കത്തില്‍, പ്രമേഹനിയന്ത്രണത്തിന്‍െറ നെടുന്തൂണുകളാണ് വ്യായാമം, ഭക്ഷണനിയന്ത്രണം, ഒൗഷധസേവ എന്നിവ.

പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാല്‍, വിദഗ്ധ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കൃത്യമായ ഒൗഷധസേവയും ജീവിതശൈലീ വ്യതിയാനവും വഴി ഈ വെല്ലുവിളി തരണംചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇപ്രകാരം പ്രമേഹത്തിന്‍െറ സങ്കീര്‍ണതകളെ ഒഴിവാക്കാനും അനാവശ്യമായ ശസ്ത്രക്രിയകളും ഭാരിച്ച ചെലവുകളും ഒഴിവാക്കി ഫലവത്തായി ജീവിതം നയിക്കാനും സാധിക്കുകയും ചെയ്യും.

സങ്കീര്‍ണതകള്‍ ഒട്ടേറെ
പ്രമേഹത്തിന്‍െറ ദീര്‍ഘകാല സങ്കീര്‍ണതകള്‍ പലതാണ്. ഡയാലിസിസിലേക്ക് അഥവാ വൃക്കപരാജയത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കരോഗമാണ് അതിലൊന്ന്.  പരിശോധനയിലൂടെ ഇത് നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. മറ്റൊന്ന് ഹൃദയാഘാതവും ഉയര്‍ന്ന രക്തസമ്മര്‍ദവും. ഇതിനും ഇ.സി.ജി തുടങ്ങിയ പരിശോധനകള്‍ ലഭ്യമാണ്. പ്രമേഹരോഗികള്‍ക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന നേത്രരോഗമാണ് മറ്റൊന്ന്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹരോഗികള്‍  നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്. പ്രമേഹം മൂലമുണ്ടാകുന്ന നാഡീതകരാറാണ് ഡയബറ്റിക് ന്യൂറോപ്പതി. പാദങ്ങളില്‍ നീറ്റല്‍, പുകച്ചില്‍, കുത്തുന്ന വേദന എന്നിങ്ങനെയോ, പാദങ്ങള്‍ക്ക് മരവിപ്പും വ്രണങ്ങളും വന്ന് കാല്‍വിരലുകളോ പാദമോ കാലുതന്നെയോ മുറിച്ചുമാറ്റേണ്ട അവസ്ഥയോ ഉണ്ടായേക്കാം.

(പി.വി.എസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡയബറ്റോളജിസ്റ്റ് ആണ് ലേഖകൻ)

Tags:    
News Summary - world diabetics day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.