പ്ര​വാ​സി​യു​ടെ ‘വി​ല​കൂ​ടി​യ’ പാ​സ്‌​പോ​ർ​ട്ട്

കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാൻ ജൂലൈ ഒന്നുമുതൽ 2,500 രൂപയാണ് ഫീസ്. അതേസമയം യു.എ.ഇയിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ സഹോദരൻ അതേ പാസ്‌പോർട്ടിന് ഇപ്പോൾ നൽകേണ്ടത് 450 ദിർഹം. അതായത് ഏകദേശം 11,565 രൂപ. ഇന്ത്യൻ സർക്കാർ നൽകുന്ന, പത്തുവർഷ കാലാവധിയുള്ള അതേ രേഖക്ക് ഇന്ത്യയിലെ ഫീസിന്റെ നാലിരട്ടിയിലേറെ!.

യു.എ.ഇയിൽ മാത്രമല്ല, ഏത് വിദേശരാജ്യത്തുള്ള ഇന്ത്യൻ പൗരർക്കും പുതിയ നിരക്ക് ബാധകമാണ്. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടപ്രകാരം ഇന്ത്യയിൽ 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 ആയും 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് 2,000 രൂപയിൽ നിന്ന് 3,500 ആയും ഉയർന്നു. 2012നുശേഷമുള്ള ആദ്യത്തെ പരിഷ്‌കാരമാണിത്. പതിനാലു വർഷത്തെ പണപ്പെരുപ്പം കണക്കിലെടുത്താൽ ഈ വർധനക്ക് യുക്തിയുണ്ടെന്ന് അംഗീകരിക്കാം. പക്ഷേ, ആ യുക്തി ഇന്ത്യയുടെ അതിർത്തി കടന്നാൽ അപ്രത്യക്ഷമാകും.

നാലിരട്ടിയായ ഫീസ്

പുതിയ നിരക്ക് പ്രകാരം യു.എ.ഇയിൽ 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 450 ദിർഹമാണ് ഫീസ്. തത്കാൽ സേവനത്തിന് 900 ദിർഹം. 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം 630 ദിർഹവും 1,080 ദിർഹവും നൽകണം. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ ഫീസ് ഇനിയും ഉയരും. ഒരു നഷ്ടപ്പെട്ട ജംബോ പാസ്‌പോർട്ട് അടിയന്തരമായി പുതുക്കാൻ ഏകദേശം 39,000 രൂപയിലധികം ചെലവാകും പ്രവാസിക്ക്!

ഈ വർധനയുടെ മറ്റൊരു പ്രത്യേകത, കഴിഞ്ഞ വർഷം വരെ 285 ദിർഹമായിരുന്ന സാധാരണ പാസ്‌പോർട്ട് ഫീസ് ഒറ്റയടിക്ക് 450 ദിർഹമായി ഉയർന്നുവെന്നതാണ്. ഏതാണ്ട് 60 ശതമാനത്തിന്റെ വർധന. യു.എ.ഇയിൽ ലഭിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ടും ഡൽഹിയിലോ കൊച്ചിയിലോ ലഭിക്കുന്ന പാസ്‌പോർട്ടും ഇന്ത്യയിൽത്തന്നെ അച്ചടിക്കപ്പെടുന്നതാണ്. സുരക്ഷാ സംവിധാനവും നിലവാരവും കാലാവധിയും എല്ലാം ഒരുപോലെ. മാറുന്നത് അപേക്ഷ സ്വീകരിക്കുന്ന സ്ഥലവും ചില ഭരണപരമായ നടപടിക്രമങ്ങളും മാത്രം. അങ്ങനെയിരിക്കെ സർക്കാർ കോൺസുലർ ഫീസിൽ ഇത്ര വലിയ വ്യത്യാസം എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിദേശത്ത് അപേക്ഷ സ്വീകരിക്കുന്നതിന് അധിക ചെലവുകൾ ഉണ്ടാകാം. അതിനായി ICAC, VFS, BLS തുടങ്ങിയ സേവനദാതാക്കൾ സർവിസ് ചാർജ് ഈടാക്കുന്നുണ്ട്. പുറമെ സർക്കാർ കോൺസുലർ ഫീസ് തന്നെ പലമടങ്ങ് ഉയർത്തുന്നത് ന്യായമാണോ എന്നതാണ് ചോദ്യം.

ആരെയാണ് ബാധിക്കുന്നത്?

വിദേശത്തുള്ള ഇന്ത്യക്കാരെല്ലാം സമ്പന്നരാണ്, അവർക്ക് ഈ നിരക്ക് വർധന താങ്ങാൻ കഴിയും എന്നൊരു തെറ്റായ ധാരണ പലർക്കുമുണ്ട്. യു.എ.ഇയിൽ 40 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് താമസിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം നിർമാണ തൊഴിലാളികൾ, ഡ്രൈവർമാർ, ആശുപത്രി ജീവനക്കാർ, കടകളിലെ ജീവനക്കാർ, ഡെലിവറി തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയവരാണ്.

മാസം 1,200 മുതൽ 1,500 ദിർഹം വരെ മാത്രം ശമ്പളം ലഭിക്കുന്ന ഒരു തൊഴിലാളിക്ക് 450 ദിർഹം പാസ്‌പോർട്ട് ഫീസ് നൽകുക എന്നത് ചെറിയ കാര്യമല്ല. അതിനൊപ്പം യാത്രാചെലവ്, പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുന്ന ദിവസത്തെ അവധിയെടുക്കുന്നതിനാൽ നഷ്ടപ്പെടുന്ന ശമ്പളം, മറ്റ് സർവിസ് ചാർജുകൾ എന്നിവ കൂടി ചേർന്നാൽ മൊത്ത ചെലവ് വീണ്ടും ഉയരും. അടിയന്തരമായി പാസ്‌പോർട്ട് വേണമെങ്കിൽ 900 ദിർഹം വരെ നൽകേണ്ടി വരും.

മറ്റു രാജ്യങ്ങൾ എന്ത് ചെയ്യുന്നു?

അമേരിക്കയുടെ സമീപനം ശ്രദ്ധേയമാണ്. ഒരു അമേരിക്കൻ പൗരൻ ഡാള്ളസിലോ ന്യൂയോർക്കിലോ അപേക്ഷിച്ചാലും, ലണ്ടനിലോ ദുബൈയിലോ ഉള്ള യു.എസ്. എംബസിയിലൂടെ അപേക്ഷിച്ചാലും, അടിസ്ഥാന പാസ്‌പോർട്ട് ഫീസ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന ഡോളർ നിരക്കുതന്നെയാണ്. അപേക്ഷ സ്വീകരിക്കുന്ന രാജ്യത്തിന്റെ കറൻസി മാറാം; പക്ഷേ, സർക്കാർ ഈടാക്കുന്ന അടിസ്ഥാന ഫീസ് മാറുന്നില്ല. പൗരന്റെ വിലാസമല്ല, പൗരത്വമാണ് അവിടെ മാനദണ്ഡം. ബ്രിട്ടനും സമാന രീതിയാണ് പിന്തുടരുന്നത്.

ചൈനയുടെ സമീപനം ഇതിലും വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ഇന്ന് പാസ്‌പോർട്ട് ഫീസ് ഏകദേശം 120 യുവാൻ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 1,400 രൂപ മാത്രമായി നിലനിർത്തുന്നു. പാസ്‌പോർട്ടിനെ വരുമാനമാർഗമല്ല, അടിസ്ഥാന പൗരസേവനമായാണ് അവർ കാണുന്നത്.

സർക്കാർ പുനഃപരിശോധിക്കണം

വിദേശനാണയം അയക്കുന്ന സമയത്ത് പ്രവാസി ഇന്ത്യയുടെ സ്വന്തം പൗരനാണ്. എന്നാൽ, സ്വന്തം പാസ്‌പോർട്ട് പുതുക്കേണ്ടി വരുമ്പോൾ എന്തുകൊണ്ടാണ് അയാൾ ഒരു ‘പ്രീമിയം ഉപഭോക്താവായി’ മാറുന്നത്?

ഇന്ത്യ പ്രവാസികളെ രാജ്യത്തിന്റെ അംബാസഡർമാർ എന്നു വിശേഷിപ്പിക്കുന്നു. പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നു. റമിറ്റൻസിനെ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയായി അവതരിപ്പിക്കുന്നു. പ്രവാസികളെ സാമ്പത്തിക ഭടന്മാരായി വിശേഷിപ്പിക്കുന്നു. വിദേശത്തുള്ള തൊഴിലാളികളെ പ്രധാനമന്ത്രി സന്ദർശിക്കുന്നു, സംവദിക്കുന്നു. ആ ബഹുമാനം നയങ്ങളിലും പ്രതിഫലിക്കണം. വിദേശത്ത് താമസിക്കുന്ന പൗരർക്കായി ഇന്ത്യയിലെ കോൺസുലർ ഫീസ് നിരക്കിന് സമാനമായ ഒരു അടിസ്ഥാന ഫീസ് നിശ്ചയിക്കുകയും, വിദേശ സേവനങ്ങളുടെ യഥാർഥ അധികചെലവ് പ്രത്യേക സർവിസ് ചാർജായി ഈടാക്കുകയും ചെയ്യുന്നതാണ് കൂടുതൽ ന്യായമായ രീതി. ഒരു ഇന്ത്യൻ പൗരന്റെ പാസ്‌പോർട്ടിന്റെ വില അദ്ദേഹം താമസിക്കുന്ന രാജ്യമല്ല, അദ്ദേഹത്തിന്റെ പൗരത്വമാണ് തീരുമാനിക്കേണ്ടത്.

Tags:    
News Summary - The Expatriate's 'Expensive' Passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.