സണ്ണി ജോസഫ്, പി.പി. സുമോദ്, കെ.എം. ഷാജി

ഹണിമൂൺ കാലത്തെ ഡിവോഴ്സ്; സർക്കാറിന് തിരിച്ചടിയാകുന്ന പ്രസ്താവനകളും നിയമനങ്ങളും

ഒളിംപിക്സിൽ മലക്കംമറിയൽ വിഭാഗത്തിൽ മൽസരം നടത്തിയാൽ കിരീടം ഇപ്പോഴത്തെ മന്ത്രിമാർക്ക് കിട്ടുമെന്നതിൽ പി.പി സുമോദിന് അശേഷം സംശയമില്ല. ദേവസ്വം അഭിഭാഷകനെ വെച്ചു, പിൻവലിച്ചു, വൈദ്യുതി മന്ത്രിയുടെ അളിയനെ വെച്ചു, പിൻവലിച്ചു. ഹണിമൂൺ കാലത്ത് തന്നെ ജനങ്ങളുമായി സർക്കാർ ഡിവോഴ്സാകുന്ന ലക്ഷണം. കെ.എം ഷാജി അറബിക്കടലിൽ ഒഴിക്കിവിട്ട പി.എം ശ്രീ പേടകം പുറംകടലിൽ ഒഴുകി നടക്കുന്നതിനാൽ മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് സുമോദിന്‍റെ പരിഹാസം.

പഞ്ചസാര എന്ന് പേപ്പറിൽ എഴുതിവെച്ചാൽ മധുരിക്കില്ല, യഥാർഥ പഞ്ചസാര തന്നെ രുചിച്ച് നോക്കണം. ഇടതു കാലത്തെ ബജറ്റുകളെല്ലാം പേപ്പറിലെ പഞ്ചസാര പോലെയായിരുന്നുവെന്ന് ധനാഭ്യർഥന ചർച്ചയിൽ സി.ആർ മഹേഷ് തിരിച്ചടിച്ചു. വീടുകളിൽ വരെ കഞ്ചാവ് കൃഷി, ഗ്രാമങ്ങളിൽ അതിന്‍റെ ഇടവിള കൃഷി, കേരളം ലഹരിയിൽ മുങ്ങിയിട്ടും കുലുങ്ങിയില്ല - ആട്ടുകല്ലിന് കാറ്റുപിടിച്ച പോലെ. ഇന്ന് കഥ മാറി. നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി പത്തനാപുരത്ത് നിന്നും വരുമെന്ന ചൊല്ല് പോലെ മക്കുമരുന്ന് എവിടെയുണ്ടോ അവിടെ ചെന്നിത്തലയും തൂഫാനുമെത്തും. മഹേഷിന്‍റെ ആ പ്രയോഗം പത്തനാപുരത്തുകാരൻ ജ്യോതികുമാർ ചാമക്കാലക്ക് പിടിച്ചില്ല. പത്തനാപുരത്തുകാരെ പൊതുവിൽ അപമാനിക്കുന്ന പ്രയോഗമത്രെ. പത്തനാപുരത്തെ എലിയെ എലിപ്പത്തായത്തിലാക്കിയെന്നാണ് ചാമക്കാല പറയുന്നത്.

പിണറായി വിജയന് തുടർഭരണം കിട്ടാൻ കാരണം ഒന്നാം സർക്കാർ കാലത്ത് മരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനം കൊണ്ടാണെന്ന് ജി. സുധാകരൻ വിശ്വസിക്കുന്നു, ആവർത്തിക്കുന്നു. പിണറായിക്ക് അത് ഓർമയില്ലെങ്കിലും. അന്ന് വകുപ്പിന്‍റെ മന്ത്രിയും സുധാകരനായിരുന്നല്ലോ. കൂടെ വി.ഡി സതീശൻ സർക്കാറിന് ഒരു ഉപദേശവും നൽകി. വീണ്ടും ഭരണത്തിൽ വരണമെങ്കിൽ മരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണം. കൂടുതൽ പണം നൽകണം. കിഫ്ബി ഉപപേക്ഷിക്കാൻ പാടില്ല, എന്നാൽ വിരമിച്ച ഉദ്യോഗസ്ഥനെവെച്ച് നടത്തിയ കളികൾ അന്വേഷിക്കണമെന്ന നിലപാടിലാണ് അദ്ദേഹം. ആരോഗ്യ മന്ത്രിയോട് ഒന്ന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.

പ്രതിപക്ഷ മണ്ഡലങ്ങളിൽ പദ്ധതികളില്ലെന്ന പരാതി കെ. പ്രേംകുമാറിനുണ്ട്. മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചതും ആർ.എസ്.എസ്. മേധാവിയുടെ യോഗത്തിൽ വി.സിമാർ പങ്കെടുത്തതും കണ്ട പ്രേംകുമാർ ആർ.എസ്.എസിന് സർക്കാർ കുടപിടിക്കുന്നുവെന്ന് ആരോപിക്കുന്നു. നീറ്റിനെതിരെ പ്രമേയം പാസായ ശേഷം ചട്ടമുയർത്തി എതിർപ്പ് തുടർന്ന വി. മുരളീധരന്‍റെ വാദം കണ്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിരമിച്ച പൊലീസുകാരന് സ്റ്റേഷനുണ്ടാക്കാനാകുമോയെന്ന് ചോദ്യമുയർത്തി. പ്രമേയം പാസാക്കിയ ശേഷം അതിൽ ചർച്ചയില്ല. പ്രമേയത്തിൽ ചോദ്യചോർച്ചയിൽ ഉടൻ ഫലപ്രദ നടപടി എടുത്ത കേന്ദ്ര സർക്കാറിനെ അഭിനന്ദിക്കുന്നു എന്ന് കൂടി ചേർക്കണമെന്നായിരുന്നു വി. മുരളീധരന്‍റെ ആവശ്യം.

ഭരണപക്ഷത്തിനും ഇടതുപക്ഷത്തിനും അത് പിടിച്ചില്ല. അവർ ഒന്നിച്ച് എതിർത്തു. ഒടുവിൽ ബിജെ.പിയുടെ വിയോജിപ്പോടെ പ്രമേയം പാസായി. പ്രമേയത്തിൽ മുരളീധരൻ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് സഭയിലെത്താത്ത രാജീവ് ചന്ദ്രശേഖരൻ വോട്ട് ചെയ്തില്ലെന്ന് പുറത്തറിയിക്കാനാനുള്ള തന്ത്രമെന്ന് എ.കെ.എം അഷറഫ്. മരണപ്പെട്ട കുട്ടികളുടെ ആത്മാവിനോട് നീതി കാണിക്കാതെയും മാതാപിതാക്കളുടെ സങ്കടം പരിഗണിക്കാതെയുമുള്ള ബി.ജെ.പിയുടെ പരാമർശം ക്രൂരമായെന്ന് എം. വിൻസെന്‍റ്. സഭ തുടങ്ങിയപ്പോൾ മുൻനിരയിൽ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നുവെങ്കിൽ പിന്നീട് പ്രസിഡന്‍റിനെ മാറ്റി സംസ്ഥാന കമ്മിറ്റി അംഗം ആ കസേരയിൽ വന്നു. മാറാത്തത് മാറും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നായി വിൻസെൻറ്. മെജോറിറ്റിയും സീനിയോറിറ്റിയും പരിഗണിച്ചാണോ അതോ മുന്നണിയിലെ മൈനോറിറ്റിയുടെ താൽപര്യം പരിഗണിച്ചാണോ കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെയും മുഖ്യമന്ത്രിയെയും തെരഞ്ഞെടുത്തതെന്ന് ബി.ബി ഗോപകുമാർ തിരിച്ചടിച്ചു. കൊട്ടിഗ്ഘോഷിക്കപ്പെട്ട ഓപറേഷൻ കൊടുങ്കാറ്റ് മദ്യനികുതി കുറച്ചതോടെ ഓപറേഷൻ ഇളംകാറ്റായി മാറിയെന്നും പരിഹാസം.

എഫ്. രാജ നേരത്തെ തമിഴിലായിരുന്നു സംസാരിച്ചതെങ്കിൽ ഇക്കുറി എ.കെ.എം അഷറഫ് കന്നടയുമായെത്തി. മംഗലാപുരത്ത് പഠിക്കാൻ പോകുന്ന കാസർകോടുകാരായ വിദ്യാർഥികൾക്ക് കർണാടക സർക്കാറിന്‍റെ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു അത്. പാവപ്പെട്ടവരെ സ്വപ്നം കാണാൽ പഠിപ്പിച്ച തൊഴിലുറപ്പ് പദ്ധതി കേന്ദ്രം ചൂതാട്ടമാക്കി മാറ്റിയെന്ന് ഉല്ലാസ് കോവൂർ. സർക്കാറിന്‍റെ നയം തുടർന്നാൽ സംസ്ഥാനം ഫ്യൂഡലിസത്തിലേക്കും ഫാഷിസത്തിലേക്കും പോകുമെന്ന് പി.കെ പ്രവീൺ. കിഫ്ബിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യമായിരുന്നു ഗീതാഗോപിക്ക്. നീരാളി -ഉരാളി ഭരണമായിരുന്നു രണ്ടാം പിണായി സർക്കാറെന്ന് എം.എം നസീർ. യു.ഡി.എഫ് വന്നതു മുതൽ കേരളത്തിലാകെ പോസിറ്റീവ് വൈബാണ് ടി.പി അഷറഫലിക്ക് അനുഭവപ്പെടുന്നത്.

ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങൾക്ക് സഭ പലപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ അല്പം കഴിവുകേടുണ്ടെന്ന് തോന്നിക്കുന്ന ഇടപെടൽ മറ്റൊരു മന്ത്രി നടത്തിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. അങ്ങനെ പറയരുതെന്ന് സ്പീക്കറും, മന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ഭരണ പക്ഷവും. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും മറുപടി പറയാൻ മന്ത്രിക്ക് കഴിവില്ലെന്ന് വരുത്തുന്നതാണ് പ്രശ്നമെന്നുമായി പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സർക്കാർ കാലത്ത് നിയമ- പാർലമെന്‍ററി മന്ത്രിമാർ അടിക്കടി ഇടപെട്ടത് മുഖ്യമന്ത്രി എടുത്തിട്ടു. ഫിഷറീസ് മന്ത്രി വളരെ ഭംഗിയായി മറുപടി നൽകി എന്ന പ്രശംസയും. മുൻ സർക്കാറിന്റെ കാലത്തെ നടപടി ചൂണ്ടിക്കാട്ടിയ വനം മന്ത്രി ഷിബു ജോണിന്റെ പരാമർശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

Tags:    
News Summary - Statements and appointments that will backfire on the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.