അയോധ്യാ കാണ്ഡം ആവർത്തിക്കപ്പെടുമ്പോൾ

പണ്ട് സംഘപരിവാരം 'അയോധ്യാ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ' (അയോധ്യ ഒരു പ്രതീകം മാത്രമാണ്, കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ) എന്ന് വിളിക്കുന്നതു കേൾക്കുമ്പോൾ മിക്കവരും കരുതിയത് തെരഞ്ഞെടുപ്പ് സമയത്ത് ആൾക്കൂട്ടത്തെ ഇളക്കാൻ ബി.ജെ.പിക്കാർ മുഴക്കുന്ന കേവലമൊരു മുദ്രാവാക്യം മാത്രമായിരിക്കും അതെന്നാണ്. എന്നാൽ, കേന്ദ്രത്തിലും യു.പിയിലും ബി.ജെ.പി സർക്കാറുകൾ അധികാരത്തിലേറി പണി തുടങ്ങിയതോടെ അയോധ്യയിലെ ബാബരി മസ്ജിദ് പിടിച്ചടക്കിയശേഷം കാശിയിലേക്ക് തിരിയുമെന്ന കാര്യം വ്യക്തമായി.

കാശി അജണ്ട നടപ്പാക്കിയെടുക്കുന്നതിൽ മോദി-യോഗി സർക്കാറുകൾ പുലർത്തിയ കണിശത ആരും ചിന്തിക്കുന്നതിലും അപ്പുറത്തെ രീതിയിലായിരുന്നു.

നേരിട്ട് ഇടപെടാതെ, ഒരുപാട് മൂർച്ചയുള്ള തന്ത്രമാണ് അവരിതിൽ പ്രയോഗിച്ചത്. വാരാണസി സൗന്ദര്യവത്കരണ പദ്ധതി എന്ന പേരിലാണ് എല്ലാത്തിന്റെയും തുടക്കം. വിശ്വനാഥ ഭഗവാനുവേണ്ടി ഒരു ഗംഭീര ക്ഷേത്രം പണിയാൻ 'കാശി വിശ്വനാഥ് ടെമ്പിൾ കോറിഡോർ പ്രോജക്ട്' എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന സ്വപ്നപദ്ധതിയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 'മേ യഹാൻ ഖുദ് നഹി ആയാ ഹൂ, മുജേ തോ മാ ഗംഗാ നേ ബുലായാ ഹൈ' (ഞാൻ ഇവിടെ സ്വയമേവ വന്നതല്ല, ഗംഗാ മാതാവ് എന്നെ വിളിച്ചുവരുത്തിയതാണ്) എന്നാണല്ലോ 2014ൽ വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയ സമയത്ത് മോദിയുടെ പറച്ചിൽ. പ്രധാനമന്ത്രിപദമേറിയ ഉടനെതന്നെ ഗംഗാനദിയിൽനിന്ന് വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഇടനാഴി നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. പക്ഷേ, അന്നേരം യു.പിയിൽ സമാജ്‍വാദി പാർട്ടി സർക്കാറായിരുന്നു അധികാരത്തിലെന്നതിനാൽ കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ മുന്നോട്ടുനീക്കാനായില്ല. എന്നാൽ, 2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നതോടെ അജണ്ടക്ക് വേഗം വെച്ചു.

2018ലെ വേനൽകാലത്ത് വീടുകളും അമ്പലങ്ങളും കടകളുമുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ ഏറ്റെടുത്തുകൊണ്ട് ക്ഷേത്ര ഇടനാഴിപ്പണിക്ക് വേണ്ട പ്രാരംഭജോലികൾ സർക്കാർ ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധങ്ങളൊന്നും വകവെക്കാതെയായിരുന്നു ഇതെല്ലാം. ആളുകളെ കുടിയിറക്കി വീടുകളും കടകളും അമ്പലങ്ങളുമെല്ലാം ആ വർഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ തന്നെ ഇടിച്ചുനിരത്തി. ഇടനാഴിപ്പണിക്ക് സ്ഥലമൊരുക്കാനായി ഏറ്റെടുത്ത് ഇടിച്ചുനിരത്തിയ ക്ഷേത്രങ്ങളിൽ ചിലത് ഏറെ സവിശേഷതയുള്ളവയായിരുന്നു.

പക്ഷേ, ഹിന്ദുക്കൾ അതിന്റെ പേരിൽ പ്രതിഷേധമൊന്നുമുണ്ടാക്കിയില്ല. ആ നിശ്ശബ്ദതയുടെ പിന്നിലെ ദുരൂഹ രഹസ്യം ദ്വാരകാപീഠം ശങ്കരാചാര്യർ സ്വരൂപാനന്ദ സരസ്വതിയുടെ പിൻഗാമിയായ സ്വാമി അവിമുക്തരേശ്വാനന്ദ എനിക്ക് വിശദീകരിച്ചു തന്നു. പ്രദേശത്തെ പള്ളി ഒഴിവാക്കിക്കൊണ്ട് ഗംഭീരമായ മഹാവിശ്വനാഥ ക്ഷേത്രം ഇതിനു പകരമായി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് അവർ അതിന് മൗനസമ്മതം നൽകിയിരിക്കുന്നത്. പദ്ധതി സംബന്ധമായ ഒരു വിവരവും പുറത്ത് അറിയിക്കാത്തത്ര രീതിയിൽ സൂക്ഷ്മവും രഹസ്യവുമായാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇടനാഴി പദ്ധതിയുടെ സി.ഇ.ഒ വിശാൽ സിങ് പറഞ്ഞത് പ്രദേശത്തെ 'അനധികൃത കൈയേറ്റങ്ങളിൽനിന്ന് മുക്തമാക്കാനാണ്' പരിപാടി എന്നാണ്.

ഇടനാഴിപ്പണിക്കു വേണ്ടി വീടുകളും കടകളും ഇടിച്ചുനിരത്തിയതിൽ മേഖലയിലെ മുസ്‍ലിംകൾക്ക് ആശങ്കയുണ്ട്. പള്ളി ഇപ്പോൾ പുറത്തുനിന്നുതന്നെ തെളിഞ്ഞു കാണാമെന്നായിരിക്കുന്നു. പള്ളി മതിലിനോട് തൊട്ടുചേർന്നിരിക്കുന്ന നന്തി പ്രതിമയും പഴയ തൂണുകളുമെല്ലാം ഇപ്പോൾ അത്തരത്തിൽ വ്യക്തമായി കാണാം.

നന്തി പ്രതിമയും തൂണുകളുമെല്ലാം പുറമെ കണ്ടു തുടങ്ങുന്നതോടെ അത് ഒരു ഹിന്ദുവിഷയമായി ഉയർന്നുവരുമെന്നും ഗ്യാൻവാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് ശക്തിപകരുമെന്നും അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ആശങ്കകൾ യാഥാർഥ്യരൂപം പ്രാപിക്കുന്ന ഭയത്തിൽ പള്ളി കമ്മിറ്റിയും പള്ളി സ്ഥിതിചെയ്യുന്ന ഭൂമിയുടെ സൂക്ഷിപ്പുകാരായ വ്യാസ് കുടുംബവും ചേർന്ന് 2018 ഒക്ടോബറിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഒരു പ്രദേശം സൗന്ദര്യവത്കരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എങ്ങനെ അതിനെ എതിർക്കാനാവുമെന്ന് ചോദിച്ച് ഹരജി കോടതി തള്ളി. അതോടെ, പൊളിച്ചടുക്കലുകൾ മുറപോലെ മുന്നോട്ടുപോയി. അതിനൊപ്പം കാശി മുക്തി ആന്ദോളൻ (കാശി വിമോചന പ്രക്ഷോഭം) എന്ന പേരിൽ ഒരു സമാന്തര കൂട്ടായ്മയും മുന്നോട്ടുവന്നു. പല കോണുകളിൽനിന്നുള്ള സന്യാസിമാരും സാധുക്കളും ഹിന്ദുത്വരുമെല്ലാം കാശിയെ മോചിപ്പിച്ചെടുക്കുന്നതിനുവേണ്ടി ഒച്ചയുയർത്താനും തുടങ്ങി. ഇടക്കിടെ വാരാണസിയിലെ ശിവക്ഷേത്രങ്ങളിൽ കൂട്ടം ചേർന്നുള്ള ശംഖ് വിളിയും മണിയടിയും ശിവ പ്രതിമകളിൽ ഗംഗാജല തർപ്പണവുമെല്ലാം സംഘടിപ്പിക്കപ്പെട്ടു.

അതോടൊപ്പം തന്നെ ക്ഷേത്രം പൊളിച്ച് നിർമിച്ച പള്ളിയാണെന്നും അത് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് വാരാണസി സിവിൽ കോടതിയിൽ ഹരജികളും സമർപ്പിക്കപ്പെട്ടു. അത്തരം ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അവിടെ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് സിവിൽ കോടതി ഉത്തരവിട്ടെങ്കിലും അലഹാബാദ് ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ, സർവേയും വിഡിയോഗ്രഫിയും ചെയ്യാൻ ഉത്തരവിട്ട അവസാന സിവിൽ കോടതി വിധിയോടെ കാര്യങ്ങൾ കനംവെച്ചു. ആകുലതകൾ യാഥാർഥ്യമായിത്തുടങ്ങി. സർവേ തടയാൻ വിസമ്മതിച്ച സുപ്രീംകോടതി നിലപാടുകൂടി പുറത്തുവന്നതോടെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്നും വ്യക്തമാവുന്നു. ഇതിലെ ഏറ്റവും പ്രത്യേകതയുള്ള വശം എന്താണെന്നുവെച്ചാൽ സംഭവത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും എല്ലാം കോടതി നിർദേശാനുസരണം മാത്രം നടത്തിയതാണെന്നും പറഞ്ഞ് ബി.ജെ.പി നേതാക്കൾക്ക് സൗകര്യപൂർവം കൈകഴുകി ഒഴിഞ്ഞുമാറാനാവും എന്നതാണ്.

പക്ഷേ, ചില ചോദ്യങ്ങൾ ബാക്കിയുണ്ട്: ഇത്ര സങ്കീർണമായ ഒരു വിഷയത്തിൽ സർക്കാറിന്റെ തന്ത്രപരമായ അനുമതിയില്ലാതെ ഒരു പ്രാദേശിക കോടതി ദൂരവ്യാപക ഫലങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഉത്തരവ് ഇറക്കാനിടയുണ്ടോ, പ്രത്യേകിച്ച് സമാനമായ ഒരു പ്രാദേശിക കോടതി ഉത്തരവിൻമേൽ അലഹാബാദ് ഹൈകോടതിയിൽ വിചാരണ തുടരുന്ന ഈ ഘട്ടത്തിൽ. 1947 ആഗസ്റ്റ് 15ലെ സ്ഥിതി തുടരണമെന്നുള്ള ആരാധനാലയ നിയമം നിലനിൽക്കെ അതിന്റെ അടിസ്ഥാനത്തെത്തന്നെ ഇളക്കിക്കളയും വിധത്തിലൊരു ഉത്തരവ് ഇതുപോലൊരു കീഴ് കോടതിക്ക് പുറപ്പെടുവിക്കാനാകുമോ?

ഒന്നുമേ കേട്ടില്ല, അറിഞ്ഞില്ല എന്ന മട്ടിലെ സർക്കാറിന്റെ നിശ്ശബ്ദതയും ആരാധനാലയ നിയമത്തിൻമേലുള്ള നിസ്സംഗതയും തീർച്ചയായും ആകുലപ്പെടുത്തുന്നതാണ്. ഭരണഘടനയുടെയും നിയമവാഴ്ചയുടെയും സംരക്ഷകരാകേണ്ട സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ഒരു ക്രിമിനൽ പ്രവർത്തനമാണെന്ന് അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. സർവേ ഫലം സംബന്ധിച്ച ഊഹാപോഹങ്ങളുടെ ബലത്തിൽ അഴിഞ്ഞാടുന്ന ഹിന്ദുത്വ ഗുണ്ടകളെ നിലക്കുനിർത്തണമെന്ന് ആവശ്യപ്പെടാൻപോലും തയാറാവാത്ത മതേതര പാർട്ടികളുടെ നിശ്ശബ്ദതയും അതിഭയാനകമാണ്. ബി.എസ്.പിയിൽനിന്ന് രാജിവെച്ച് സമാജ്‍വാദി പാർട്ടിയിൽ ചേർന്ന വാരാണസിയിൽനിന്നുള്ള ഒരു പ്രധാന നേതാവ് പറഞ്ഞത് വർഗീയ-വിഭാഗീയ പാർട്ടികളുടെ അരുതായ്മകളെ ചെറുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ സമ്പൂർണ പരാജയമായി മാറിക്കഴിഞ്ഞുവെന്നാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ കോടതി നിരാശപ്പെടുത്തിയെന്ന് മുസ്‍ലിം വ്യക്തിനിയമ ബോർഡ് പ്രസ്താവനയിറക്കിയിരുന്നു. പരമോന്നത നീതിപീഠം വിഷയത്തിൽ ന്യായയുക്തമായി ഇടപെടുകയും നീതി ഉറപ്പാക്കുകയും ചെയ്യുമെന്ന ആശമാത്രമാണ് ഇപ്പോൾ ബാക്കിനിൽക്കുന്നത്.

അല്ലാത്ത പക്ഷം ഈ വിഷയം ആളിക്കത്തി വിനാശകാരിയായി മാറും. സർക്കാറിന് മന്ദിർ-മസ്ജിദ് തർക്കം എപ്പോഴും തുടർന്നുപോകണം എന്നാണ് ആഗ്രഹം. അതുവഴി അവർക്ക് മറ്റെല്ലാ വിഷയങ്ങളിൽനിന്നും ശ്രദ്ധ അകറ്റി നിർത്താനാവും. പ്രത്യേകിച്ച് ഭരണതലത്തിൽ ഭരണകൂടം അറുപരാജയമായി തകർന്നടിഞ്ഞുനിൽക്കുന്ന ഈ സാഹചര്യത്തിൽ.

Tags:    
News Summary - When the Ayodhya is repeated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.